ഇമ്മാനുവല്‍ മാക്രോണ്‍ പതാക ഉയര്‍ത്തിയത് തലകീഴായി
ലോകത്തിനാകെ ദൃശ്യവിരുന്നേകിയ പാരിസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന പരിപാടി സ്റ്റേഡിയത്തിനുള്ളില്‍ നടത്തുന്നതിനുപകരം പുറത്ത് നടത്താനുള്ള ഫ്രാന്‍സിന്റെ പദ്ധതിയെയാണ് മഴ തകര്‍ത്തത്. ഗെയിംസ് ആരംഭിച്ചതായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചതോടെ ഒളിമ്പിക് പതാക ഉയര്‍ത്തി. എന്നാല്‍ ഇത് തലകീഴായിട്ടായിരുന്നു. ഒളിമ്പിക്സ് ഉദ്ഘാടനത്തില്‍ ഈ പിഴവ് വലിയ ചര്‍ച്ചയായി.
അക്ഷരാര്‍ഥത്തില്‍ സെന്‍ നദിയിലൂടെ പാരിസിന്റെ തീരത്തേക്ക് ഒഴുകിയെത്തുകയായിരുന്നു ഒളിമ്പിക്‌സ്. ഓസ്റ്റര്‍ലിസ് പാലത്തില്‍ ഫ്രഞ്ച് പതാകയുടെ മാതൃകയില്‍ വര്‍ണവിസ്മയം തീര്‍ത്താണ് ഒളിമ്പിക്‌സ് ദീപശിഖയെ പാരിസ് വരവേറ്റത്. പിന്നാലെ ഓരോ രാജ്യങ്ങളുടേയും ഒളിമ്പിക് സംഘങ്ങളുമായി ബോട്ടുകളെത്തി. ഗ്രീസ് സംഘത്തിന്റെ ബോട്ടാണ് സെന്‍ നദിയുടെ ഓളപ്പരപ്പില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ അഭയാര്‍ഥികളായ താരങ്ങളുടെ ബോട്ടുമെത്തി. പരമ്പരാഗത മാര്‍ച്ച് പാസ്റ്റ് രീതി പൊളിച്ചുകൊണ്ടാണ് 90-ലേറെ ബോട്ടുകളിലായി സെന്‍ നദിയിലൂടെ ആറുകിലോമീറ്റര്‍ സഞ്ചരിച്ച് പതിനായിരത്തിലേറെ ഒളിമ്പിക്സ് താരങ്ങള്‍ എത്തുന്നത്.
കനത്ത മഴയെ അവഗണിച്ചാണ് പാരിസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ കാണാനായി ലക്ഷക്കണക്കിനുപേര്‍ സെന്‍ നദിക്കരയിലെത്തിയത്. പ്രശസ്ത അമേരിക്കന്‍ ഗായിക ലേഡി ഗാഗയുടെ സംഗീതപരിപാടി ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന്റെ ആവേശം ഇരട്ടിയാക്കി. നോത്രദാം പള്ളിയ്ക്ക് സമീപമൊരുക്കിയ പ്രത്യേക ഇടത്തായിരുന്നു ഗാഗയുടെ പ്രകടനം. ‘ദി കാന്‍ കാന്‍’ എന്ന ഫ്രഞ്ച് കാബറെ ഗാനമാണ് ലേഡി ഗാഗ പാരിസ് ഒളിമ്പിക്‌സ് ഉദ്ഘാടനവേദിയില്‍ ആലപിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച പോലെ മഴ രസംകെടുത്താന്‍ എത്തുകയും ചെയ്തു.