അണ്ടര്‍ 19 ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വീണ്ടും മലയാളി സാന്നിധ്യം. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ തൃശൂര്‍ പുന്നയൂര്‍ക്കുളം പരൂര്‍ സ്വദേശിയായ മുഹമ്മദ് ഇനാന്‍ ഇടംപിടിച്ചു. കേരള ക്രിക്കറ്റ് ലീഗില്‍ (കെഎസിഎല്‍) കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ താരമായ പതിനേഴുകാരന്‍ ഇനാന്‍, ലെഗ് സ്പിന്നറും മിഡില്‍ ഓര്‍ഡര്‍ ബാറ്ററുമാണ്.
11 വയസ്സുവരെ ഇനാന്‍ മാതാപിതാക്കള്‍ക്കൊപ്പം വിദേശത്തായിരുന്നു. അവിടത്തെ സ്‌കൂളിലെ കായികാധ്യാപകനാണ് ഇനാനിലെ ക്രിക്കറ്റ് പ്രതിഭയെ കണ്ടെത്തിയത്. മുണ്ടൂര്‍ ആത്രേയ ക്രിക്കറ്റ് അക്കാദമിയില്‍ കോച്ച് പി.ബാലചന്ദ്രന്റെ കീഴിലായിരുന്നു പിന്നീടുള്ള പരിശീലനം. ഇതിനായി കുടുംബം മുണ്ടൂരില്‍ വാടക വീടെടുത്തു താമസം മാറി. അണ്ടര്‍ 14, അണ്ടര്‍ 16, അണ്ടര്‍ 19 വിഭാഗങ്ങളില്‍ കേരള ടീമില്‍ കളിച്ചു.
വീട്ടിലവളപ്പില്‍ ഷാനവാസ് മൊയ്തുട്ടി – റഹീന ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ ആയിഷ ഇശല്‍, എബി ആദം. കേരളവര്‍മ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.
ഏകദിന മത്സരങ്ങള്‍ സെപ്റ്റംബര്‍ 21, 23, 26 തിയതികളില്‍ പുതുച്ചേരിയില്‍ നടക്കും. പിന്നാലെ ഏക ചതുര്‍ദിന മത്സരം സെപ്റ്റംബര്‍ 30 മുതല്‍ ചെന്നൈയില്‍ ആരംഭിക്കും. ഏകദിന ടീമിനെ ഉത്തര്‍പ്രദേശുകാരന്‍ മുഹമ്മദ് അമാനും ചതുര്‍ദിന മത്സരത്തില്‍ മധ്യപ്രദേശ് സ്വദേശി സോഹം പട്വര്‍ധനും നയിക്കും.