ബ്രിസ്ബെയ്നിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ചരിത്രം കുറിച്ചിട്ട് ഇന്ന് മൂന്ന് വർഷം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ത്രില്ലറിനൊടുവിലാണ് ഇന്ത്യയുടെ വിജയം. വിക്കറ്റ് നഷ്ടമില്ലാതെ നാല് എന്ന നിലയിലായിരുന്നു അവസാന ദിവസം ഇന്ത്യ ബാറ്റിംഗ് പുഃനരാരംഭിച്ചത്. ഇന്ത്യയുടെ ലക്ഷ്യം 328 റൺസായിരുന്നു. 24 റൺസുമായി ക്യാപ്റ്റൻ അജിൻക്യ രഹാനെ പുറത്താകുമ്പോൾ സ്കോർ മൂന്നിന് 167. മായങ്ക് അഗർവാളിന് മുമ്പെ റിഷഭ് പന്ത് ക്രീസിലെത്തി. അതിമനോഹരമായ പന്തിന്റെ ഇന്നിംഗ്സ്. 89 റൺസെടുത്ത് പുറത്താകാതെ നിന്ന പന്ത് ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റിന്റെ വിജയം നേടിത്തന്നു. ഇന്ത്യ വിജയിക്കുമ്പോൾ മത്സരം അവസാനിക്കാൻ 19 പന്തുകൾ കൂടി ബാക്കി ഉണ്ടായിരുന്നു.
വിരാട് കോഹ്‌ലിയുടെ കീഴിൽ ഇന്ത്യ ഓസ്ട്രേലിയയിൽ എത്തുമ്പോൾ പരമ്പര വിജയം സ്വപ്നം കണ്ടിരുന്നില്ല. ആദ്യ ടെസ്റ്റിന് ശേഷം വ്യക്തിപരമായ കാരണങ്ങളാൽ വിരാട് കോഹ്‌ലി നാട്ടിലേക്ക് മടങ്ങി. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്കോറായ 36 റൺസിൽ ഇന്ത്യൻ ടീം ഓൾ ഔട്ടായത് ഈ മത്സരത്തിലാണ്. അജിൻക്യ രഹാനെയാണ് പരമ്പരയിലെ അവശേഷിക്കുന്ന ടെസ്റ്റുകളിൽ ഇന്ത്യൻ നായകൻ. രണ്ടാം ടെസ്റ്റ് വിജയിച്ച് ഇന്ത്യ പരമ്പരയിൽ ഓസീസിന് ഒപ്പമെത്തി. മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. അവസാന മത്സരം ജയിക്കുന്നവർക്ക് പരമ്പര നേടാൻ കഴിയും.
നിർണായകമായ നാലാം ടെസ്റ്റിൽ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്തു. മാർനസ് ലബുഷെയ്ന്റെ സെഞ്ച്വറി മികവിൽ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 369 റൺസെടുത്തു. ഇന്ത്യയുടെ മുൻനിര കാര്യമായ സംഭാവനകൾ ഇല്ലാതെ പോയപ്പോൾ ഷർദിൽ താക്കൂറും വാഷിംഗ്ഡൺ സുന്ദറും മികച്ച ഇന്നിംഗ്സുകൾ കളിച്ചു. സുന്ദർ 62ഉം താക്കൂർ 67ഉം റൺസെടുത്തു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 336ലെത്തി. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 33 റൺസിന്റെ ലീഡ് നേടി.
രണ്ടാം ഇന്നിംഗ്സിൽ ഓസീസിനെ ഇന്ത്യ 294 റൺസിൽ ഓൾ ഔട്ടാക്കി. പിന്നീടായിരുന്നു വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയത്. ശുഭ്മാൻ ഗില്ലിന്റെ മനോഹരമായ 91 റൺസ്. ചേത്വേശർ പൂജാര 211 പന്തിൽ 56 റൺസെടുത്തു. മത്സരം സമനിലയാകുമോ ഇന്ത്യ ജയിക്കുമോ എന്ന് സംശയിച്ച നിമിഷങ്ങൾ. വിജയിക്കാൻ ആഗ്രിഹച്ചാണ് ടീം ഇന്ത്യ ഇറങ്ങിയതെന്ന് അജിൻക്യ രഹാനെ പിന്നീട് വ്യക്തമാക്കി. ആരാധകരെ ചങ്കിടിപ്പിൽ നിർത്തിയ ശേഷം ഇന്ത്യ വിജയം സ്വന്തമാക്കി.