ബംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. മഴ കാരണം ഒരു ദിവസം വൈകി ആരംഭിച്ച മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 46 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യയുടെ അഞ്ച് ബാറ്റര്‍മാര്‍ പൂജ്യത്തിനു പുറത്തായി.
ബാറ്റിങ് ദുഷ്‌കരമായ വിക്കറ്റില്‍ കിവി പേസ് ബൗളര്‍മാര്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ വിറപ്പിക്കുകയായിരുന്നു. 16 പന്ത് നേരിട്ട് ഒരു റണ്‍ മാത്രം നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പരുക്കേറ്റ ശുഭ്മന്‍ ഗില്ലിനു പകരം വണ്‍ ഡൗണ്‍ പൊസിഷനിലെത്തിയ വിരാട് കോലിയും, ഗില്ലിനു പകരം പ്ലെയിങ് ഇലവനിലെത്തിയ സര്‍ഫറാസ് ഖാനും പൂജ്യത്തിനു പുറത്തായി.
തുടര്‍ന്നെത്തിയ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്, പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഓപ്പണര്‍ യശസ്വി ജയ്‌സ്വാളുമൊത്ത് രക്ഷാപ്രവര്‍ത്തനത്തിനു ശ്രമിച്ചു. എന്നാല്‍, അസാധാരണമാം വിധം കരുതലോടെ കളിച്ച ജയ്‌സ്വാള്‍ 63 പന്തില്‍ 13 റണ്‍സുമായി മടങ്ങിയതോടെ ഈ കൂട്ടുകെട്ടും പൊളിച്ചു. പിന്നീട് വന്ന കെ.എല്‍. രാഹുലും രവീന്ദ്ര ജഡേജയും കൂടി ഡക്കായി.ന്യൂസിലന്‍ഡിനായി ഉജ്വലമായി പന്തെറിഞ്ഞ മാറ്റ് ഹെന്റി 15 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി.