ന്യൂയോര്‍ക്ക് : ലോകകപ്പ് ഗ്രൂപ്പ് മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ. ഐസിസി ടൂര്‍ണമെന്റുകളില്‍ പാകിസ്ഥാന് മേലുളള ഇന്ത്യയുടെ ആധിപത്യം ഈ വേള്‍ഡ് കപ്പിലും തുടര്‍ന്നു. ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയ്ക്ക് സ്‌കോര്‍ ബോര്‍ഡില്‍ 120 റണ്‍സ് എടുക്കാനേ കഴിഞ്ഞുളളൂ. പാകിസ്ഥാന്‍ ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയതോടെ ഇന്ത്യയുടെ തോല്‍വി ആരാധകര്‍ ഉറപ്പിച്ചു. മത്സരം രാത്രി വൈകിയായതിനാല്‍ ടിവി ഓഫ് ചെയ്ത് ഉറങ്ങാന്‍ പോയതായി ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തു. പിന്നീട് ഇന്ത്യ ജയിച്ചതറിഞ്ഞ് ഞെട്ടിയതായി അദ്ദേഹം പറഞ്ഞു.
അവസാന ആറ് ഓവറുകളില്‍ ബുമ്രയുടെ നേതൃത്വത്തിലുളള ഇന്ത്യന്‍ ബൗളിംഗ് നിര പാകിസ്ഥാന്‍ ബാറ്റര്‍മാരെ വരിഞ്ഞുമുറുകി. രോഹിത് ശര്‍മ്മയുടെ മികച്ച ക്യാപ്റ്റന്‍സിയും കൂടെ ചേര്‍ന്നപ്പോള്‍ പാകിസ്ഥാന് ഇന്ത്യയുടെ ചെറിയ സ്‌കോര്‍ പോലും മറികടക്കാനായില്ല.
അവസാന മൂന്ന് ഓവറില്‍ പാകിസ്ഥാന്റെ വിജയലക്ഷ്യം 30-റണ്‍സായിരുന്നു . മുഹമ്മദ് സിറാജും ബുറയും നന്നായി പന്തെറിഞ്ഞതോടെ പാക് ബാറ്റര്‍മാര്‍ കുഴങ്ങി. അഞ്ച് റണ്‍സെടുത്ത ഇഫ്തിക്കറിനെ ബുംറ പുറത്താക്കി. അവസാന ഓവറില്‍ 18-റണ്‍സായിരുന്നു പാകിസ്താന് വേണ്ടിയിരുന്നത്. എന്നാല്‍ 11-റണ്‍സ് മാത്രമേ കണ്ടെത്താനായുള്ളൂ. 113-റണ്‍സിന് പാക് ഇന്നിങ്സ് അവസാനിച്ചു. അതോടെ ആറ് റണ്‍സ് വിജയവുമായി ഇന്ത്യ മടങ്ങി. ഇമാദ് വസിം 15-റണ്‍സെടുത്തപ്പോള്‍ നാല് പന്തില്‍ നിന്ന് 10-റണ്‍സുമായി നസീം ഷാ പുറത്താവാതെ നിന്നു. ഇന്ത്യയ്ക്കായി ബുംറ മൂന്ന് വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റുമെടുത്തു.
തോല്‍വിയോടെ പാകിസ്ഥാന്റെ ലോകകപ്പിലെ നിലവിലെ സ്ഥിതി പരിങ്ങലിലായി. നേരത്തെ അമേരിക്കയോടും സൂപ്പര്‍ ഓവറില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു.