ലോക ചെസ് ചാംപ്യന്‍ഷിപ്പ് നേടി ഇന്ത്യയ്ക്കാകെ അഭിമാനമായിരിക്കുകയാണ് ദൊമ്മരാജു ഗുകേഷ് എന്ന 18 വയസുകാരന്‍. സമനിലയിലേക്ക് പോകുമെന്ന കരുതിയ റൗണ്ടിലാണ് ഗുകേഷിന്റെ വിജയം. 56-ാം നീക്കത്തില്‍ ലിറന് പറ്റിയ പിഴവ് മുതലെടുത്താണ് ഗുകേഷ് ലോക ചാംപ്യനായത്. ആദ്യ ഗെയിമില്‍ത്തന്നെ ഗുകേഷിനെ വീഴ്ത്തി ലിങ് ലിറനു ലീഡ് നേടിയിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് ഗുകേഷിന്റെ ദിനങ്ങളായിരുന്നു, രണ്ടാം ഗെയിം സമനിലയില്‍ അവസാനിച്ചപ്പോള്‍ മൂന്നാം ഗെയിമില്‍ തിരിച്ചടിച്ച് ഗുകേഷ് ശക്തമായ സാന്നിധ്യം അറിയിച്ചു. ലോകം ലിറന് സാധ്യത കല്‍പ്പിച്ചപ്പോള്‍ ആത്മവിശ്വാസത്തിലൂടെയും പിഴവില്ലാത്ത കൃത്യമായ നീക്കങ്ങളിലൂടെയും ലോക കിരീടത്തില്‍ മുത്തമിടുകയായിരുന്നു ഗുകേഷ്. 2006 മെയില്‍ ചെന്നൈയിലെ ഒരു തെലുങ്ക് കുടുംബത്തിലാണ് ഗുകേഷിന്റെ ജനനം. പിതാവ് ഇഎന്‍ടി വിദഗ്ധനായ രജിനികാന്തും അമ്മ മൈക്രോബയോളജിസ്റ്റായ പത്മയുമാണ്. ചെന്നൈയിലെ വേലമ്മാള്‍ സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഗുകേഷ് ആദ്യമായി ഒരു പരിശീലകന്റെ കീഴില്‍ ചെസ് പഠിക്കുന്നത്.
സമ്മാനത്തുക
ആകെ 25 ലക്ഷം ഡോളറാണ് ലോക ചെസ് ചാംപ്യന്‍ഷിപ് ഫൈനലിലെ സമ്മാനത്തുക. ഓരോ ക്ലാസ്സിക്കല്‍ ഗെയിം വിജയത്തിനും രണ്ടുലക്ഷം ഡോളര്‍ (1.69 കോടി രൂപ) വീതം ലഭിക്കും. മൂന്ന് ഗെയിമുകള്‍ വിജയിച്ച ഗുകേഷിന് കിട്ടിയത് 6 ലക്ഷം ഡോളര്‍ (5.07 കോടി രൂപ). രണ്ട് ഗെയിമുകള്‍ വിജയിച്ച ലിറന് 4 ലക്ഷം ഡോളറും ലഭിച്ചു. ശേഷിച്ച 15 ലക്ഷം ഡോളര്‍ ഇരുവര്‍ക്കും പകുത്തുനല്‍കി. ഇതുകൂടി ചേര്‍ന്നപ്പോള്‍ ഗുകേഷിന് ആകെ ലഭിച്ചത് 13.5 ലക്ഷം ഡോളര്‍. അതായത് 11.45 കോടി രൂപ! ലിറന് 11.5 ലക്ഷം ഡ!!ോളറും (9.75 കോടി രൂപ) സമ്മാനം ലഭിച്ചു.