ഇന്ത്യൻ ദേശീയ ടീമിൽ നിന്ന് കഴിഞ്ഞ വർഷം അവസാനം മുതൽ പുറത്താണ് സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷൻ . അഭ്യന്തര ക്രിക്കറ്റിൽ കളിക്കാനുള്ള ബിസിസിഐ നിർദേശം താര൦ അവഗണിച്ചത് തിരിച്ചടിയായി. ഇതിന് പിന്നാലെ ഇഷാനെ വാർഷിക കരാർ പട്ടികയിൽ നിന്ന് പുറത്താക്കിയ ബിസിസിഐ, പിന്നീട് ഇതേ വരെ താരത്തെ ദേശീയ ടീമിലേക്ക് പരിഗണിച്ചിട്ടുമില്ല.
എന്നാൽ ഈ സീസണിൽ അഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ താരം മികച്ച പ്രകടനങ്ങളാണ് കാഴ്ച വെക്കുന്നത്. ഇപ്പോളിതാ താരത്തെ സെലക്ടർമാർ വീണ്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു.
ഓസ്ട്രേലിയൻ പര്യടനം നടത്താൻ ഒരുങ്ങുന്ന ഇന്ത്യ എ ടീമിൽ ഇഷാൻ കിഷനെയും ഉൾപ്പെടുത്താനുള്ള പദ്ധതിയിലാണ് ബിസിസിഐ എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഓസ്ട്രേലിയയിൽ ചതുർദിന മത്സരങ്ങളാണ് ഇന്ത്യ എ കളിക്കുക. ഈ പരമ്പരയിൽ ഇന്ത്യ എ യുടെ വിക്കറ്റ് കീപ്പർമാരിൽ ഒരാൾ ഇഷാൻ കിഷനായിരിക്കുമെന്നാണ് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പുറമെ ബോർഡർ ഗവാസ്കർ ട്രോഫിക്ക് മുൻപ് രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീം കളിക്കുന്ന ഇൻട്രാ സ്ക്വാഡ് പരിശീലന മത്സരത്തിലും ഇഷാൻ ഭാഗമാകുമെന്നാണ് സൂചനകൾ.