കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാന്‍ ലൂണയുടെ പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്. പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുന്നോടിയായി കൊച്ചിയില്‍ വെച്ച് നടന്ന പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാല്‍മുട്ടിന് പരിക്കേറ്റ താരത്തിന് സീസണില്‍ ഇനി കളത്തിലിറങ്ങാന്‍ സാധിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
പരിക്ക് ഗുരുതരമായതിനാല്‍ ശസ്ത്രക്രിയ വേണ്ടിവരും. ഇതിനായി താരം ഇപ്പോള്‍ മുംബൈയിലാണ്. ശസ്ത്രക്രിയക്ക് ശേഷം ദീര്‍ഘനാള്‍ വിശ്രമം ആവശ്യമായതിനാല്‍ ലൂണ നാട്ടിലേക്ക് മടങ്ങിയേക്കും. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണിത്. വെള്ളിയാഴ്ച മുംബൈയില്‍ വെച്ച് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായേക്കും.
ടീമിലെ അവിഭാജ്യ ഘടകമായ ലൂണയുടെ അഭാവം മറികടക്കുക എന്നതായിരിക്കും ഇനി ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ള വെല്ലുവിളി. മധ്യനിരയില്‍ കളിമെനയുന്ന ലൂണ പുറത്താകുന്നതോടെ തന്ത്രങ്ങളിലും പദ്ധതികളിലും മാറ്റം വരുത്താന്‍ ടീം നിര്‍ബന്ധിതരാകും. ഇതോടെ ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മറ്റൊരു വിദേശ താരത്തെ ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിക്കാനും സാധ്യതയുണ്ട്. അതേസമയം താരത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ക്ലബ്ബ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.