ലുലുവിലെ ജോലിക്കായുള്ള അഭിമുഖം നടക്കുന്ന സ്ഥലത്ത് ഒരു 70കാരന്‍ ക്യൂ നില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രവാസിയായിരുന്ന അദ്ദേഹം നാട്ടിലെത്തിയതിന് ശേഷവും ആരെയും ആശ്രയിക്കാത്തെ ഒരു ജോലി നേടണമെന്ന ആഗ്രഹത്താലാണ് അഭിമുഖത്തിനെത്തിയത്. വിജയകരമായി അഭിമുഖം പൂര്‍ത്തീകരിച്ച അദ്ദേഹത്തിന് ലുലു ഗ്രൂപ്പ് ജോലി നല്‍കുകയും ചെയ്തു. ഇപ്പോഴിതാ ആ 70കാരനുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി നേരിട്ടെത്തി സ്നേഹാന്വേഷണം നടത്തുന്നവീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചാണ് എംഎ യൂസഫലി 70കാരന്റെ അടുത്തേക്ക് എത്തുന്നത്. ഇവിടെ ഒരു പ്രയാസവുമില്ലെന്ന് അദ്ദേഹം മറുപടി പറയുകയും ചെയ്യുന്നുണ്ട്. ‘നമ്മള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുന്നിടത്തോളം കാലം ജോലി ചെയ്യണം. നമുക്ക് ബാങ്ക് ബാലന്‍സ് ഉണ്ടെങ്കില്‍ തന്നെ അതല്ല നോക്കേണ്ടത്. നമ്മുടെ ശരീരത്തിനും മനസിനെയും മുന്നോട്ടുകൊണ്ടു പോകണമെങ്കില്‍ നമ്മള്‍ ജോലി ചെയ്യണം. ഒരു പക്ഷേ മക്കളടക്കമുള്ളവരില്‍ നിന്ന് നിങ്ങള്‍ക്ക് സഹായമുണ്ടാകും. പക്ഷേ, ഇതൊരു ആക്ടിവിറ്റിയാണ്’- യൂസഫലി അദ്ദേഹത്തോട് പറഞ്ഞു.’ഒരിക്കല്‍ ഒരാള്‍ എന്നോട് ചോദിച്ചു. റിട്ടയര്‍മെന്റ് എപ്പോഴാണെന്ന്, ഞാന്‍ മറുപടി പറഞ്ഞത് റിട്ടയര്‍മെന്റ് ടു ഖബര്‍ എന്നാണ്. അതല്ലേ അതിന്റെ ശരി. പിന്നെ എല്ലാം അവന്‍ നിശ്ചയിച്ചിട്ടുണ്ട്. നമ്മുടെ ആരോഗ്യം എത്രത്തോളമുണ്ടെന്ന്. നമ്മള്‍ക്ക് അത്രത്തോളം ജീവിക്കാന്‍ പറ്റുമെന്ന്’- യൂസഫലി പറഞ്ഞു