കെ.ആർ.അജിത
ആന്റി!!! എനിക്ക് എം ജി. അങ്കിളിനെ പോലെ ആവണം!!! നിഷ്കളങ്കമായി പറയുന്ന കൊച്ചു ഗായകൻ. വാക്കുകൾ കൂട്ടിച്ചൊല്ലാൻ പ്രയാസപ്പെടുന്ന രണ്ടു വയസ്സുകാരൻ പാട്ടുപാടി മാതാപിതാക്കളെ ആദ്യം ഞെട്ടിച്ചു. ഒപ്പം നാട്ടുകാരെയും. കോഴിക്കോട് നരിക്കുനിയിലുള്ള മൂത്തേടത്ത് സുരേഷ് കുമാർ നിഷ ദമ്പതികളുടെ മകൻ ആര്യൻ ഇന്ന് ലൈം ലൈറ്റുകളുടെ മിന്നിത്തിളക്കത്തിൽ പ്രശസ്തിയുടെ കൊടുമുടിയിലാണ്. ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ അഞ്ചിൽ ആര്യൻ ബ്രോ എന്ന് വിളിക്കുന്ന ആര്യൻ മത്സരാർത്ഥിയാണ്. മൂന്നാം വയസ്സിൽ “സീ കേരളം സരിഗമപ ലിറ്റിൽ ചാംപ്” എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥി ആയതോടെയാണ് ആര്യൻ- ആര്യൻ ബ്രോ എന്ന ഓമനപേരിൽ അറിയപ്പെട്ടു തുടങ്ങിയത്. തുടർന്ന് ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജൂനിയർ സീസൺ ത്രീയിൽ മത്സരിച്ച് സെക്കൻഡ് റണ്ണറപ്പായി.

ക്യാരിബാഗ് നിർമ്മാണ കമ്പിനിയിലെ ഫീൽഡ് ജോലി ചെയ്യുന്ന ആര്യന്റെ അച്ഛൻ സുരേഷിന് കോവിഡ് കാലത്ത് ജോലി ഇല്ലാതിരുന്ന സമയമാണ് സി കേരളയിൽ ഓഡിഷന് വിളിക്കുന്നത്. മൂന്നു വയസ്സ് മാത്രം ഉള്ള കുഞ്ഞു ആര്യനെ അവതാരകൻ കയ്യിലെടുത്തു കൊണ്ടുപോയി പാടിക്കുകയായിരുന്നു. പറയുമ്പോൾ സുരേഷിന്റെ കണ്ഠമിടറി. കഷ്ടപ്പാടിലും മകന്റെ സംഗീത വളർച്ചയ്ക്ക് വലിയ പ്രോത്സഹനമായി സുരേഷ് നിന്നു.
ആര്യനെ യുകെജിയിൽ അന്ന് ചേർത്തെങ്കിലും തുടർച്ചയായി ക്ലാസ്സിൽ പോകാൻ കഴിയാറില്ല. ചാനലിൽ ഷൂട്ടിന് വിളിക്കുമ്പോൾ പഠനത്തിന് അവധി കൊടുക്കണം. ഇന്ന് രണ്ടാം ക്ലാസിലാണ് ആര്യൻ പഠിക്കുന്നത്. അധ്യാപകരും ആര്യന്റെ കൂട്ടുകാരും പാഠഭാഗങ്ങൾ പറഞ്ഞുകൊടുത്തും പഠിപ്പിച്ചും ആര്യനെ സഹായിക്കുന്നു. കിഷോർ കുമാറിന്റെ പാട്ടുകളും മലയാളത്തിലെ പഴയകാല വയലാർ ദേവരാജൻ മാഷ് ഹിറ്റ് ഗാനങ്ങളും അനായാസേന പാടാൻ കഴിയുന്ന ആര്യൻ ഇന്ന് ഗാനമേളകളിലും സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമാണ്.
സെലിബ്രിറ്റി ആയതുകൊണ്ട് നാട്ടിലെ സ്കൂളുകളിലും ഷോപ്പുകളിലും എല്ലാം ഉദ്ഘാടനത്തിന് ആര്യനെ വിളിക്കുന്നുണ്ട്. ഫ്ലവേഴ്സിൽ തന്നെ ഗായകൻ യേശുദാസിന് ഡെഡിക്കേറ്റ് ചെയ്തു “കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും” എന്ന ഗാനം ആലപിച്ചു. ബുദ്ധിമുട്ടുള്ള സെമിക്ലാസിക്കൽ പാട്ടുകളും നിഷ്പ്രയാസം പാടാൻ കഴിയുന്ന ആര്യൻ സംഗീത രംഗത്ത് ഭാവിയിലെ വാഗ്ദാനമാണ്. ദിലീപിന്റെ ചാന്തുപൊട്ട് എന്ന സിനിമയിലെ ഓമനപുഴ കടപ്പുറത്ത് എന്ന ഗാനം പെർഫോമൻസ് റൗണ്ടിൽ പാടിയതിന് ജഡ്ജസിന്റെ മികച്ച അഭിപ്രായമാണ് ലഭിച്ചത്. കുഞ്ഞു ആര്യൻ പാടുമ്പോൾ വിധികർത്താക്കളുടേയും ഒപ്പം പ്രേക്ഷകരുടേയും കണ്ണുകളെ ഈറനണിയിക്കുന്ന ഒത്തിരി പാട്ടുകൾ ആര്യൻ പാടിക്കഴിഞ്ഞു.
ഫ്ലവേഴ്സിൽ മത്സരത്തിനായുള്ള ഗാനങ്ങൾ സെലക്ട് ചെയ്യുന്നത് അച്ഛൻ സുരേഷാണ്. സുരേഷും മികച്ച ഗായകനാണ്. മകന്റെ സംഗീത വളർച്ചയ്ക്ക് താങ്ങും തണലുമായി എന്നും അച്ഛനും അമ്മയും ഒപ്പമുണ്ട്. സുരേഷ് ജോലി പോലും ഉപേക്ഷിച്ച് സദാസമയും ആര്യന്റെ കൂടെതന്നെ നിൽക്കുന്നു. ഇപ്പോൾ ഷൂട്ടിന്റെ ഭാഗമായി ആര്യനും സുരേഷും എറണാകുളത്ത് താമസിക്കുകയാണ്. അമ്മ നിഷയും പ്ലസ് വണ്ണിന് പഠിക്കുന്ന മൂത്ത മകൻ ആദിത്യനും നരിക്കുനിയിലുള്ള വീട്ടിലും. കോഴിക്കോട് മുഹമ്മദ്റാഫി ഫൗണ്ടേഷന്റെ പരിപാടിയിലും ഗായകൻ എം.ജി ശ്രീകുമാറിന്റെ സംഗീത ജീവിതത്തിന്റെ 40 വർഷത്തെ ഷോ യിലും, കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ട്രൂപ്പിനൊപ്പവും വൈക്കം വിജയലക്ഷ്മിക്കൊപ്പമെല്ലാം ഈ ചെറുപ്രായത്തിൽ വേദി പങ്കിടാനുള്ള ഭാഗ്യവും ആര്യന് ലഭിച്ചു.
റിയാലിറ്റി ഷോകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഷോയാണ് ഫ്ലവേഴ്സിലെ ടോപ്പ് സിങ്ങർ. ഗായകരായ എം.ജി. ശ്രീകുമാർ, മധുബാലകൃഷ്ണൻ, റിമി ടോമി എന്നിവരടങ്ങുന്ന ജഡ്ജിങ്ങ് പാനലിന്റെ അതിരറ്റ വാത്സല്യവും സ്നേഹവും ഷോയിലെ ഓരോ കുട്ടിക്കും ലഭിക്കുന്നു.
ആര്യൻ ബ്രോയോടുള്ള എം.ജി അങ്കിളിന്റെ കുസൃതി ചോദ്യങ്ങൾക്കുള്ള മറുപടിയും പ്രേക്ഷകർക്ക് പൊട്ടിച്ചിരി സമ്മാനിക്കുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന ഷോയിൽ ഇനി വരാനിരിക്കുന്നത് മികച്ച ഗാനങ്ങളാണ്. ഗാനഗന്ധർവൻ യേശുദാസിന്റെ മുന്നിൽ ഒരു പാട്ട് പാടണമെന്ന് ആര്യന്റെ വലിയൊരു ആഗ്രഹം. പതിനാലാം രാവുദിച്ചത് മാനത്തോ..കല്ലായി കടവത്തോ…കുഞ്ഞു ആര്യൻ പാടുന്നു.