ഇന്ത്യയിലെ രാഷ്ട്രീയനേതാക്കളുടെയും വിഐപികളുടെ ഇഷ്ടദേവനാണ് ഗുരുവായൂരിലെ കണ്ണന്‍. അധികാരം ലഭിക്കുമ്പോഴും നഷ്ടപ്പെടുമ്പോഴും പ്രതിസന്ധികളില്‍ അകപ്പെടുമ്പോഴും രക്ഷപ്പെടുമ്പോഴും ഗുരുവായൂരപ്പന്റെ സന്നിധിയില്‍ തൊഴുകൈകളോടെ ഓടിയെത്തും.
മൂന്നാം തവണയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തുന്നത്. ആദ്യസന്ദര്‍ശനം ഗുജറാത്ത് മുഖ്യമന്ത്രിയായിരക്കെ 2008 ല്‍, രണ്ടാമത് 2019 ല്‍ അധികാരത്തിലെത്തിയ ഉടന്‍ അദ്ദേഹം ഗുരുവായൂര്‍ സന്ദര്‍ശിച്ചിരുന്നു. താമരയില്‍ തുലഭാരം നടത്തിയാണ് അന്നദ്ദേഹം മടങ്ങിയത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാംതവണയും അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റ് പോലും ലഭിക്കാത്തത് വന്‍തിരിച്ചടിയാണ്. ഇത്തവണ അതിനൊരു മാറ്റമുണ്ടാക്കാനാണ് 2024 ലെ ലോക്‌സഭാതിരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ മോദിയുടെ നേതൃത്വത്തില്‍ അനൗദ്യോഗികമായി കേരളത്തില്‍ തന്നെ ആരംഭിച്ചത്. തുടര്‍ച്ചയായ കേരള സന്ദര്‍ശനങ്ങള്‍. ജനങ്ങളെ ഇളക്കി മറിച്ച് റോഡ് ഷോകള്‍. അനുഗ്രഹം തേടി ഗുരുവായൂര്‍ സന്നിധിയില്‍.
മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്റെ ഗുരുവായൂരപ്പനോടുളള ഭക്തി പ്രശസ്തമാണ്. എല്ലാ മലയാള മാസം ഒന്നാം തീയതിയും എവിടെയാണെങ്കിലും അദ്ദേഹം ഗുരുവായൂരില്‍ ഓടിയെത്തും. കേരളത്തിലെത്തിയ ഇന്ദിരാഗാന്ധിയും ഗുരുവായൂര്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
മുന്‍രാഷ്ട്രപതിമാരായ പ്രതിഭാ പാട്ടീല്‍, രാം നാഥ് കോവിന്ദ് പ്രണബ് മുഖര്‍ജി എന്നിവരും ദര്‍ശനം നടത്തിയിട്ടുണ്ട്. തലപ്പാവ് അഴിക്കേണ്ടി വരുമെന്നതില്‍ മുന്‍ രാഷ്ട്രപതി ഗ്യാനി സെയില്‍സിംഗ് ക്ഷേത്രത്തിലെത്തിയെങ്കിലും ദര്‍ശനം നടത്താനായില്ല.
മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത 2001 ല്‍ ആനയെ നടയ്ക്കിരുത്തിയാണ് ദര്‍ശനം നടത്തിയത്. ദേവസ്വം മന്ത്രിയായിരിക്കെ ഗുരുവായൂര്‍ അമ്പലം ദര്‍ശിച്ച് കടകംപളളി സുരേന്ദ്രനും ശ്രദ്ധനേടി. പിന്നീട് പാര്‍ട്ടി അദ്ദേഹത്തെ ശാസിക്കുകയും ചെയ്തു.