കെ.ആര്‍.അജിത
തൃശൂര്‍: കാര്‍ഷിക മേഖലയില്‍ ഹരിത വിപ്ലവമായി മാറുകയാണ് തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡ്. 25 സെന്റ് തരിശായി കിടക്കുന്ന ഭൂമിയില്‍ പൊന്നു വിളയിക്കുന്നത് പതിനാലാം വാര്‍ഡിലെ കുടുംബശ്രീ എഡിഎസ് അംഗങ്ങളായ ബിജിത വേണു, സരിത മനോജ്, ബിന്ദു സന്തോഷ് എന്നിവരാണ്.
കഴിഞ്ഞ ആഗസ്റ്റിലാണ് പതിനാലാം വാര്‍ഡില്‍ ഒഴിഞ്ഞു കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ കാടും പടലും പിടിച്ചു കിടന്ന കൃഷി ഭൂമി വൃത്തിയാക്കി പച്ചക്കറി വിത്തുകള്‍ പാകിയത്. റോബസ്റ്റ് വാഴ, കൊള്ളി, ചേമ്പ്, ചേന, മുളക്, വഴുതന, വെണ്ടക്കായ, കുവ്വ, ചെണ്ടുമല്ലി, ചോളം, തക്കാളി, പയര്‍, മത്തന്‍, കൂര്‍ക്ക, എന്നിവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഇപ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വിളവ് ലഭിക്കുന്നു. വിളവെടുത്ത പച്ചക്കറികള്‍ തോട്ടത്തില്‍ നിന്നു തന്നെ വില്‍പ്പന നടത്തി വരികയാണ്.

‘ആരോഗ്യമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുക’ എന്ന ലക്ഷ്യത്തോടെയാണ് പച്ചക്കറി കൃഷി ഇവര്‍ ആരംഭിച്ചത്. കൃഷിയിലേക്ക് യുവതലമുറയുടെ ശ്രദ്ധ ആകര്‍ഷിക്കുക എന്നതും വിഷരഹിതമായ പച്ചക്കറി ഉല്പാദിപ്പിച്ച് രോഗമില്ലാത്തെ ഒരു പുതുതലമുറയെ സൃഷ്ടിച്ചെടുക്കുക എന്നതുമാണ് ലക്ഷ്യം. സാധാരണ മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന പച്ചക്കറിയേക്കാള്‍ വില അല്പം കൂടുതല്‍ വാങ്ങിയാലും വിഷമില്ലാത്ത പക്കറി നമ്മുടെ നാട്ടില്‍ വിളയിച്ചത് കഴിക്കാം എന്നതാണ് ഏറെ അഭിമാനകരം.
പച്ചക്കറിയുടെ ഇടയില്‍ ചെണ്ടുമല്ലി കൃഷിയും ഇവര്‍ ചെയ്തിരുന്നു. പുതുക്കാട് പൊലിമ കൃഷി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഈ ത്രിമൂര്‍ത്തികള്‍ കൃഷി ചെയ്യുന്നത്. തൃക്കൂര്‍ പതിനാലാം വാര്‍ഡ് മെമ്പറും വികസന സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ സലീഷ് ചെമ്പാറയുടെയും മികച്ച കര്‍ഷകനായി തെരഞ്ഞെടുത്ത ഡൊമനിക് കൊമ്പന്റെയും സക്രിയമായ നിര്‍ദ്ദേശങ്ങളും ഉപേദശങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് കൃഷിയില്‍ വിപ്ലവം രചിക്കാന്‍ ഇവര്‍ക്ക് സാധിച്ചു.

വെണ്ടയും, തക്കാളിയും, മത്തനും കുമ്പളവും മുളകും കായ്ച്ചു വിളഞ്ഞു നില്‍ക്കുന്ന കാഴ്ച തന്നെ കണ്ണുകളും മനസ്സും നിറക്കുമെന്ന് ബിജിതയും സരിതയും ബിന്ദുവും ഒരേ സ്വരത്തില്‍ പറയുന്നു. രാവിലെ കുട്ടികള്‍ സ്‌കൂളിലേക്ക് പോയി കഴിഞ്ഞാല്‍ പച്ചക്കറി തോട്ടത്തിലെത്തി മക്കളേപോലെ ലാളിച്ചും തൊട്ടും തലോടിയും തഴുകിയും ഒരോ ചെടിയെയും സസൂക്ഷ്മം നിരീക്ഷിച്ചുമാണ് ഇവര്‍ മുന്നോട്ടു പോകുന്നത്. ജൈവവളം മാത്രമാണ് പച്ചക്കറി കൃഷിക്ക് ഇവര്‍ ഉപയോഗിക്കുന്നത്. ഈ സീസണ്‍ വിളവെടുപ്പ് കഴിഞ്ഞ് അടുത്ത വര്‍ഷത്തേക്കുള്ള കൃഷിയൊരുക്കങ്ങളില്‍ വ്യാപൃതരാണ് കൃഷിയില്‍ വിജയഗാഥ രചിക്കുന്ന ഈ വനിതകള്‍.