ജ്യോതിരാജ് തെക്കൂട്ട്
ഇന്ത്യയിലെ ആധുനിക അദ്ധ്യാത്മികാചാര്യന്മാരിൽ ഏറ്റവും പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസൻ.(SREE RAMAKRISHNA PARAMAHAMSAN) അദ്ധ്യാത്മ മണ്ഡലത്തിൽ എന്നും ഉജ്വലശോഭയോടെ ജ്വലിച്ചു നിൽക്കുന്ന ആത്മീയ തേജസ്സാണ് അദ്ദേഹം. അത്യധികം ആഴമുള്ള ഒരു സൗന്ദര്യദർശനത്തിൻ്റെ പ്രകടനപത്രികയായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം. ഫെബ്രുവരി 18, 1836 ന് കൊൽക്കത്ത ക്കടുത്തുള്ള ഹോഗ്ലി യിലെ കാമർപുക്കർ എന്ന ഗ്രാമത്തിലായിരുന്നു ശ്രീരാമകൃഷ്ണൻ്റെ ജനനം. വൈഷ്ണവരായ ഖുദിറാം ചതോപാധ്യായ, ചന്ദ്രമണി ദേവി എന്നിവരായിരുന്നു അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ. ഗദാധരൻ എന്നായിരുന്നു ശ്രീരാമകൃഷ്ണൻ്റെ നാമധേയം. ബാല്യത്തിൻ്റെ നിഷ്കളങ്കതയും ആത്മീയതയുടെ ഗൗരവവും ഒരേ സമയം ഗദാധരനിൽ പ്രകടമായിരുന്നു.
അച്ഛൻ്റെ അകാലമരണത്തിനു ശേഷം കുടുംബത്തിൻ്റെ ചുമതല മക്കൾ നടത്തേണ്ടതായി വന്നു. കൊൽക്കത്തയിലെ നിരവധി ക്ഷേത്രങ്ങളിൽ ശ്രീരാമകൃഷ്ണൻ പൂജാരിയായി. ശൈശവ വിവാഹം നിലനിന്നിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. അതുകൊണ്ട് തന്നെ 24 വയസ്സുള്ള അദ്ദേഹം 5 വയസ്സുള്ള ശാരദാദേവിയെ വിവാഹം കഴിച്ചു. ഇക്കാലത്ത് ഭക്ഷിണേശ്വരം കാളി ക്ഷേത്രത്തിൽ പൂജാരിയായിരുന്ന ജ്യേഷ്ഠനെ സഹായിക്കുകയായിരുന്നു പരമഹംസൻ പിന്നീട് ജ്യേഷ്ഠൻ്റെ മരണശേഷം മുഖ്യ പൂജാരിയായി അദ്ദേഹം ചുമതല ഏറ്റെടുത്തു.
പ്രപഞ്ചത്തിലെ നിഗൂഢശക്തികളെ തേടിപ്പോകുന്നൊരു നിർമലമനസ്സ് അദ്ദേഹത്തിലെപ്പോഴും അന്തർലീനമായി കിടപ്പുണ്ടായിരുന്നു. ദക്ഷിണേശ്വരം കാളി ക്ഷേത്രത്തിലെ പൂജാരിയായ അന്നു മുതൽ അദ്ദേഹം കാളി മാതാവിൻ്റെ കടുത്ത ഭക്തനായി. ഒരു പ്രാവശ്യമെങ്കിലും കാളി മാതാവിൻ്റെ ദർശനം അദ്ദേഹം ആഗ്രഹിച്ചു.അതിനു വേണ്ടി ശ്രീരാമകൃഷ്ണ പരമഹംസൻ കഠിനമായ തപസ്സ് അനുഷ്ഠിക്കുവാൻ തുടങ്ങി. ദർശനം ലഭിക്കാതെ വന്നപ്പോൾ മരണം വരിക്കാൻ തുടങ്ങിയ അദ്ദേഹത്തിനു മുന്നിൽ കാളിമാതാവ് വിശ്വരൂപിണിയായി പ്രത്യക്ഷപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. ഒരിക്കലും അവസാനിക്കാത്ത അന്വേഷണങ്ങൾ ആത്മീയ യാത്രകൾ ദിവ്യമായ കണ്ടുമുട്ടലുകൾ ഭക്തി എന്നിവയാൽ അടയാളപ്പെട്ടതായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസൻ. അദ്ദേഹത്തിൻ്റെ അസംഖ്യം ശിഷ്യന്മാരിൽ പ്രധാനി സ്വാമി വിവേകാനന്ദനായിരുന്നു. ശ്രീരാമകൃഷ്ണൻ്റെ പഠിപ്പിക്കലുകൾ മതത്തിൻ്റെ സാർവത്രികതക്കും നേരിട്ടുള്ള ആത്മിയ സാക്ഷാത്കാരത്തിനും ഊന്നൽ നൽകി.
സാധനാ ജീവിതത്തിൻ്റെ ഭാഗം തന്നെയായിരുന്നു പൂജാരിയായിട്ടുള്ള അദ്ദേഹത്തിൻ്റെ ജീവിതവും. ഈയൊരു സമയത്തു തന്നെയാണ് സാധനാ ജീവിതത്തിൻ്റെ പരീക്ഷണ ഘട്ടങ്ങളിൽക്കൂടി അദ്ദേഹം കടന്നുപോയതും. കാലത്തിൻ്റെ കരുതൽ എന്ന പോലെ ശ്രീരാമകൃഷ്ണൻ്റെ അടുക്കലേക്ക് പല പല ഗുരുശ്രേഷ്ഠന്മാരും വന്നു ചേർന്നു. ഭൈരവി , ബ്രാഹ്മണി, തോതാപുരി എന്നിവർ ചിലർ മാത്രം. ഈ മഹത്തുക്കളിൽ നിന്നെല്ലാം അതിവേഗം കാര്യങ്ങൾ ഗ്രഹിച്ചെടുക്കാനും അങ്ങനെ സ്വായത്തമാക്കിയ അറിവുകളെ ലളിതമായ ഭാഷയിൽ ഉചിതമായ പദങ്ങൾക്കൊണ്ട് ആശയവിനിമയം നടത്താനുമുള്ള അസാമാന്യവൈഭവം ശ്രീരാമകൃഷ്ണനുണ്ടായിരുന്നു. മഹാകാളി തന്നെ വാക്ദേവതയായി അദ്ദേഹത്തിൽ കുടിക്കൊണ്ടു. അചഞ്ചലമായ ഭക്തിയും കഠിനമായ സാധനയും പരമമായ സത്യത്തിലേക്ക്അ ദ്ദേഹത്തെ നയിച്ചു. സങ്കീർണ്ണമായ ആത്മീയ സങ്കൽപ്പങ്ങളെ അനായാസവും, വ്യക്തവും ആയി മനസ്സിലാക്കാവുന്ന രീതിയിൽ തർജ്ജമ ചെയ്യാൻ നിഗൂഢജ്ഞാനിയും യോഗിയുമായ ശ്രീരാമകൃഷ്ണന് (SREE RAMAKRISHNA)സാധിച്ചു.
1865-ൽ സന്യാസി തോതാപുരിയിൽ നിന്നാണ് രാമകൃഷ്ണൻ (RAMAKRISHNA) സന്യാസത്തിലോ ഔപചാരിക ജീവിതത്തിലോ ദീക്ഷ(DHEEKSHA) സ്വീകരിച്ചത്. തോത്പുരി രാമകൃഷ്ണനെ പരിത്യാഗത്തിൻ്റെ ആചാരങ്ങളിലൂടെ നയിക്കുകയും അദ്വൈത വേദാന്തം ആത്മാവിൻ്റെ അനശ്വരതയെ കൈകാര്യം ചെയ്യുന്ന ഹിന്ദു തത്വചിന്തകൾ ബ്രഹ്മത്വത്തിൻ്റെ പ്രാധാന്യം എന്നിവ പഠിപ്പിച്ചത്. അതിനു ശേഷമാണ് രാമകൃഷ്ണൻ തൻ്റെ പരമോന്നത ആത്മീയ സാക്ഷാത്കാരം നേടിയത്. ദൈവികതയിലേക്കുള്ള ആഴത്തിലുള്ള വിശ്വാസം ദൈവത്തെ യഥാർത്ഥ രൂപത്തിൽ ആശ്ലേഷിക്കുന്നത് അനുഭവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ആത്മിയാന്വേഷണം ഹിന്ദു (HINDU)മതത്തിൽ നിന്ന് മറ്റു മതങ്ങളിലേക്ക് വ്യാപിച്ചു. ഇസ്‌ലാമിൻ്റെ ആചരണം ഏറ്റെടുത്തപ്പോൾ തിളങ്ങുന്ന വെളുത്ത താടിക്കാരൻ്റെ ദർശനം അദ്ദേഹത്തിനുണ്ടായെന്ന് പറയപ്പെടുന്നു. അസാധാരണമായ ബാല്യകാലാനുഭവങ്ങൾ ആദരണിയനായ അദ്ധ്യാത്മിക വ്യക്തിത്വമായി അദ്ദേഹത്തെ വാർത്തെടുക്കുകയായിരുന്നു. വിത്യസ്ത വിശ്വാസങ്ങളിലുള്ള ആളുകളെ മതപരമായ അതിർവരമ്പുകളില്ലാതെ ചേർത്തുപിടിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. അതുല്യമായ ആത്മിയാനുഭവങ്ങളും ജ്ഞാനവും ശ്രീരാമകൃഷ്ണനുണ്ടായിരുന്നു. 1885 ൽ തൊണ്ടയിൽ കാൻസർ ബാധിച്ച് അദ്ദേഹം 1886 ഓഗസ്റ്റ് 16 ന് കോസിപോർ ഗാർഡൻ ഹൗസിൽ അന്തരിച്ചു. പത്തൊൻപതാം നൂറ്റാണ്ടിലെ ബംഗാളിൽ ജീർണിച്ചു കൊണ്ടിരുന്ന ഹിന്ദു മതത്തെ പുനരുജ്ജീവിപ്പിക്കാനുള്ള നവേത്ഥാനശക്തിയായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസൻ. അഗാധമായ ആത്മീയാനുഭവങ്ങളാണ് അദ്ദേഹത്തെ ഉണർവിലേക്കും ദിവ്യബോധത്തിലേക്കും നയിച്ചത്.