കൃഷിയെ ഹൃദയത്തിലേറ്റിയ ഒരാള്‍

Written by Taniniram

Published on:

കെ. ആര്‍. അജിത

ചുവന്ന മണ്ണില്‍ കുഞ്ഞന്‍ വാഴകള്‍ കാറ്റില്‍ ഇലകള്‍ ആടി ഉലഞ്ഞു നില്‍ക്കുന്നതിലൂടെ വാഴകളെ തഴുകി തലോടി വിശേഷം ചോദിച്ചു നടന്നു നീങ്ങുന്ന ഒരാള്‍. വടൂക്കര സ്വദേശിയായ ഷക്കീര്‍ ഹുസൈന്‍ മാളികയില്‍. ഷക്കീറിന് വെറും തൊഴില്‍ അല്ല കൃഷി. ഹൃദയത്തിലലിഞ്ഞുചേര്‍ന്ന നിര്‍വൃതി കൂടിയാണ്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ചുമട്ടുതൊഴിലാളിയായും തൃശ്ശൂരില്‍ ടാക്‌സി ഓടിച്ചും ജീവിതം ജീവിച്ചു തീര്‍ക്കുന്നതിനിടയിലാണ് വളരെക്കാലമായി മനസ്സില്‍ ചേക്കേറിയ കൃഷി എന്ന സ്വപ്നത്തിലേക്ക് തിരിയാന്‍ ഷക്കീറിനെ പ്രേരിപ്പിച്ചത്. ആ പ്രേരണയ്ക്ക് പിറകില്‍ വിഷം തീണ്ടിയ കുറെ ഓര്‍മ്മകളും ഷക്കീറിനുണ്ട്. ടാക്‌സി ഡ്രൈവര്‍ ആയിരുന്ന കാലത്ത് ലോറികളില്‍ ക്ലീനര്‍ ആയി തമിഴ്‌നാട്ടിലേക്ക് പച്ചക്കറി എടുക്കാന്‍ പോകുമായിരുന്നു. അവിടെ കണ്ട കാഴ്ചകളാണ് സ്വന്തമായി കൃഷി ചെയ്തു പച്ചക്കറി ഉല്‍പ്പാദിപ്പിക്കാനുളള പ്രചോദനം നല്‍കിയത്.

തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ വിഷം ചേര്‍ക്കുന്നത് മല്ലിയിലയിലും പുതിനയിലയിലും ആണെന്ന് ഷക്കീര്‍ പറയുന്നു. വലിയ വീപ്പകളില്‍ വിഷം കലക്കിവെച്ച് അതില്‍ ഇവ രണ്ടും മുക്കിയെടുത്തു ചാക്കുകളില്‍ നിറച്ച് വെക്കുന്ന കാഴ്ച വളരെ ദുഃഖത്തോടെ നോക്കി നിന്നിട്ടുണ്ടെന്ന് പറയുമ്പോള്‍ ഷക്കീറിന്റെ മുഖത്ത് ആശങ്കയും ദുഃഖവും നിഴലിച്ചു.

2019 ലാണ് പൂര്‍ണ്ണമായും കൃഷിയിലേക്ക് ഷക്കീര്‍ ഇറങ്ങുന്നത്. സ്വന്തമായി ഭൂമി ഇല്ല..വാടക വീട്ടിലാണ് താമസം. എങ്കിലും പാട്ടത്തിനെടുത്ത ഭൂമിയില്‍ പൊന്നു വിളയിക്കാന്‍ മനസ്സും ചങ്കുറപ്പും ഉണ്ട് ഇദ്ദേഹത്തിന്. രാഷ്ട്രീയ സംഘടനകളുടെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ഷക്കീര്‍ കൃഷി ചെയ്തുവരുന്നുണ്ട്. ഇപ്പോള്‍ സിപിഐയുടെ കര്‍ഷക സംഘടനയായ കിസാന്‍ സഭയ്ക്ക് വേണ്ടി വടൂക്കരയില്‍ രണ്ടിടങ്ങളില്‍ ഭൂമി പാട്ടത്തിനെടുത്ത് ടിഷ്യു വാഴകൃഷിയും പച്ചക്കറി കൃഷിയും ചെയ്തു വരുന്നു. നേന്ത്രനും, റോബസ്റ്റും ആണ് കൂടുതല്‍ കൃഷി ചെയ്യാന്‍ താല്പര്യമെന്ന് ഷക്കീര്‍ പറയുന്നു. ടിഷു വാഴകള്‍ 11 മാസം കൊണ്ട് വിളവെടുക്കാം. എട്ടുമാസം ആവുമ്പോഴേക്കും കുല വന്നു തുടങ്ങും. റോബസ്റ്റ് കുലകള്‍ക്ക് ഏകദേശം 35 കിലോയോളം തൂക്കം വരും. നേന്ത്രക്കുലകള്‍ക്ക് 20ന് മേലെയും. വിഷം ഇല്ലാത്ത പച്ചക്കറികള്‍ ഉല്‍പാദിച്ച് വില്‍പ്പന നടത്തുമ്പോള്‍ വില കിട്ടുന്നില്ല എന്നാണ് ഷക്കീറിന്റെ പരാതി. അവിടെയാണ് തോല്‍വി എന്ന് ഷക്കീര്‍ പറയുന്നു. അതിനാല്‍ നല്ലൊരു പച്ചക്കറി കട തുടങ്ങാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.

വാഴ കൃഷി കൂടാതെ ചേന, ഇഞ്ചി മഞ്ഞള്‍ എന്നിവ കൂടി ഷക്കീര്‍ കൃഷി ചെയ്യുന്നുണ്ട്. രണ്ടു നേരവും നനച്ച് മക്കളെപ്പോലെ സ്‌നേഹവും പരിചരണവും കൊടുത്തു കൃഷി ചെയ്യുന്ന ഷക്കീറിന് ഭാര്യയും മക്കളും സഹായത്തിനുണ്ട്. കടുത്ത വേനല്‍ ആയതുകൊണ്ട് പാട്ടത്തിന് എടുത്ത ഭൂമിയില്‍ വെള്ളം ലഭിക്കാത്തതുകൊണ്ട് സുമനസ്സുകളുടെ സഹായത്തോടെയാണ് കൃഷി മുന്നോട്ടു കൊണ്ടുപോകുന്നതെന്നും ഷക്കീര്‍ പറയുന്നു. ഐടി മേഖലയിലുള്ള ചെറുപ്പക്കാര്‍ വരെ കൃഷിയിലേക്ക് മടങ്ങി വരുന്നത് ഇന്ന് പുതുമയുള്ള കാഴ്ചകള്‍ അല്ല. കൃഷി എന്നത് മലയാളികളുടെ ഒരു വികാരം കൂടിയാണ്.. കൃഷിയിലെ വിജയഗാഥ രചിച്ച് ഷക്കീര്‍ ഹുസൈന്‍ ഇനിയും ബഹുദൂരം മുന്നോട്ട് തന്നെ.

See also  വയനാടിന് സഹായഹസ്തവുമായി സിനിമാലോകം

Related News

Related News

Leave a Comment