കെ.ആര്‍ അജിത
തൃശൂര്‍: വയനാടിന്റെ സൗന്ദര്യവും എടയ്ക്കല്‍ ഗുഹയില്‍ തപസ്സു ചെയ്യുന്ന അഗസ്ത്യമുനി, പ്രകൃതി മനോഹരമാക്കിയ ഇടുക്കി പരുന്തുംപാറ തപസ്സു ചെയ്യുന്ന സന്യാസിയുടേതു പോലെ തോന്നിക്കുന്ന ചിത്രം, യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ചിത്രം. ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ശേഖര്‍ അയ്യന്തോളിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം വേറിട്ട അനുഭവമാകുന്നു. അരനൂറ്റാണ്ട് പിന്നിട്ട ചിത്രകലാ സപര്യയില്‍ ശേഖര്‍ ചിത്രാഖ്യാനം ചെയ്ത ചിത്രങ്ങളുടെ വലിയ ശേഖരമാണ് പ്രദര്‍ശനത്തിലുള്ളത്.
പ്രകൃതി ദൃശ്യങ്ങള്‍, തിറയാട്ടം, നാഗക്കളംപാട്ട്, വയല്‍ചുള്ളി ശേഖരിക്കുന്ന സ്ത്രീയും പുരുഷനും, കാരിക്കേച്ചറുകള്‍, തുടങ്ങി ആയിരത്തോളം വരുന്ന ചിത്രങ്ങള്‍ ആര്‍ട്ട് ഗാലറിയെ സമ്പന്നമാക്കുന്നു. രാവണന്‍ ജഡായുവിനെ വധിക്കുന്നത്, ഹനുമാന്‍ എന്നീ ചിത്രങ്ങളെല്ലാം പുരാതനകാലത്തെ മലദൈവ സങ്കല്‍പ്പങ്ങളെ മുന്‍ നിര്‍ത്തിയാണ് വരച്ചിരിക്കുന്നത്.
80 സ്‌ക്വയര്‍ഫീറ്റ് ഉള്ള കേരള ഫോക് ഫോം ചിത്രം കേരളത്തില്‍ തന്നെ ആരും ഇതുവരെ വരച്ചിട്ടില്ലെന്നാണ് ശേഖര്‍ അവകാശപ്പെടുന്നത്. അജന്ത-എല്ലോറ ഗുഹാ ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കും വിധമാണ് എടയ്ക്കല്‍ ഗുഹാചിത്രങ്ങളും അയ്യന്‍പാറ, പരുന്തുംപാറ ഗുഹാചിത്രങ്ങള്‍ ചെയ്തിരിക്കുന്നത്.
ഓയില്‍ പെയ്ന്റിംഗ്, അക്രിലിക്, വാട്ടര്‍കളര്‍, ലൈന്‍ ഡ്രോയിങ്ങ് എന്നു തുടങ്ങി ഡിജിറ്റര്‍ ആര്‍ട്ടില്‍ വരെ ചെയ്ത ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. പരമ്പരാഗത രവിവര്‍മ്മ ശൈലിയിലുള്ള എണ്ണച്ഛായ ചിത്രങ്ങളും ശേഖര്‍ ഇന്നും വരയ്ക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൃശൂര്‍ ഫൈനാര്‍ട്‌സ് കോളേജില്‍ ചിത്രകലാ അദ്ധ്യാപകനായിരുന്ന ശേഖര്‍ അയ്യന്തോള്‍ ഇന്നും കുട്ടികളെ ചിത്രകല പരിശീലിപ്പിക്കുന്നു. ലളിതകലാ ആര്‍ട്ട് ഗാലറിയില്‍ ചിത്ര പ്രദര്‍ശനം കാണുവാന്‍ വരുന്നവര്‍ക്ക് താന്‍ വരച്ച ചിത്രങ്ങള്‍ സമ്മാനമായി നല്‍കി അവരുടെ രേഖാചിത്രം വരച്ചും നല്‍കും. പ്രദര്‍ശനം 26ന് സമാപിക്കും.
ഫോട്ടോ- അസുല സനല്‍