രാജീവ് ചന്ദ്രശേഖര്‍ ബിജെപി അധ്യക്ഷനായി ചുമതലയേറ്റെടുത്തത് മുതല്‍ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിന് എന്ത് സംഭവിക്കുമെന്നാണ്. ബിജെപി വിരുദ്ധമാധ്യമങ്ങള്‍ ഏഷ്യാനെറ്റ് മുതലാളി ബിജെപി അധ്യക്ഷനായി എന്ന തരത്തിലാണ് വാര്‍ത്തകൊടുത്തത്. റിപ്പോര്‍ട്ടര്‍ ചാനല്‍ ന്യൂസ് കാര്‍ഡില്‍ ബിജെപിയുടെ ലോഗോയ്ക്കൊപ്പം ഏഷ്യാനെറ്റിന്റെ ലോഗോ കൂടി നല്‍കി.
രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുളള ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ ലിമിറ്റഡ് ഏഷ്യാനെറ്റ് ന്യൂസ്, സുവര്‍ണ ന്യൂസ്, ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ എന്നിവ ഏറ്റെടുത്ത ശേഷം വലിയ വളര്‍ച്ചയാണ് ചാനലിനുണ്ടായത്. എഡിറ്റോറിയയില്‍ അദ്ദേഹം ഒരിടപാടും നടത്താറില്ല. ഏഷ്യാനെറ്റ് ന്യൂസില്‍ പ്രവര്‍ത്തിച്ചിരുന്ന ആരും മാനേജ്മെന്റ് ഇടപെടലിനെക്കുറിച്ച് എവിടെയും പരാതി പറഞ്ഞിട്ടില്ല. ജൂപ്പിറ്റര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റ് ചെയ്യുന്ന സുവര്‍ണ ന്യൂസും റിപ്പബ്ലിക് ചാനലും കടുത്ത ബിജെപി അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത തികച്ചും സ്വതന്ത്രനിലപാടെടുത്താണ് മലയാളത്തിലെ ഏഷ്യാനെറ്റ് ന്യൂസ് പ്രവര്‍ത്തിക്കുന്നത്.
ശബരിമല പ്രക്ഷോഭകാലത്ത് ബിജെപിക്കെതിരെ നിരന്തരം വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തതും. 2022 ലെ തിരഞ്ഞെടുപ്പ് കാലത്തെ കേരളത്തിലെ ബിജെപിയിലെ പടലപ്പിണക്കങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക ഡെസ്‌ക് രൂപീകരിച്ചതും കെ.സുരേന്ദ്രനെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌ക്കരിക്കാനും ബിജെപി തീരുമാനിച്ചു. ചര്‍ച്ചകളില്‍ ബിജെപി പ്രതിനിധിയെ അയക്കുന്നത് നിര്‍ത്തുകയും ചെയ്തു. പിന്നീട് ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലൂടെയാണ് ബിജെപി പ്രതിനിധികള്‍ ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിച്ച് തുടങ്ങിയത്
രാജീവ് ചന്ദ്രശേഖര്‍ ആദ്യമായി ഏഷ്യാനെറ്റ് ന്യൂസിലെ എഡിറ്റോറിയില്‍ വിഭാഗത്തെ പരസ്യമായി എതിര്‍പ്പ് അറിയിച്ചത് ഈയിടയ്ക്കാണ്. എഡിറ്റോറിയല്‍ ഹെഡ് സിന്ധുസൂര്യകുമാര്‍ പ്രതിവാരപരിപാടിയായ കവര്‍സ്റ്റോറിയില്‍ കുംഭമേളയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് വിമര്‍ശനത്തിന് വിധേയമായത്. ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന ഇത്തരമൊരു ചടങ്ങിനെക്കുറിച്ച് അശ്രദ്ധമായ പരിഹാസ പരാമര്‍ശങ്ങള്‍ ഉണ്ടാകരുതെന്നും ഏതൊരു മതത്തിലെയും പോലെ, ഓരോ ഹിന്ദുവിനും അവരുടെ വിശ്വാസം പ്രധാനമാണെന്നും അദ്ദേഹം എഡിറ്റോറിയല്‍ ടീമിന് നിര്‍ദ്ദേശം നല്‍കി.
രാജീവ് ചന്ദ്രശേഖര്‍ ബിജെപി അധ്യക്ഷനായാലും ചാനലിന്റെ എഡിറ്റോറിയല്‍ നയങ്ങളില്‍ മാറ്റം വരാന്‍ സാധ്യതയില്ല. ഇതുവരെയുളള ചാനല്‍ റേറ്റിംഗ് ചരിത്രത്തില്‍ ഒരു ആഴ്ച ഒഴികെ ഒന്നാം നമ്പര്‍ നിലനിര്‍ത്തിയ ചാനലാണ് ഏഷ്യാനെറ്റ്. റേറ്റിംഗിനായി ചാനലുകള്‍ തമ്മില്‍ കടുത്ത മത്സരം നടക്കുന്നെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ഇപ്പോഴും ഒന്നാമതായി നില്‍ക്കുന്നത്.