കെ. ആര്‍. അജിത
ആകാശത്ത് കാര്‍മേഘം ഇരുള്‍ മൂടുമ്പോള്‍ കാലവര്‍ഷക്കെടുതിയുടെ നാളുകള്‍ ആണല്ലോ എന്നൊരു ചിന്ത നമ്മളില്‍ ഉയര്‍ന്നു വരുന്നുണ്ട്. പിന്നിട്ട കാലങ്ങളിലെ പ്രളയത്തിന്റെയും നിപ്പയുടെയും കോവിഡിന്റെയുമെല്ലാം ഭയാനകമായ അവസ്ഥകള്‍ നമ്മള്‍ നേരിട്ടു കഴിഞ്ഞു. കാലവര്‍ഷം പടികടന്നെത്തുമ്പോള്‍ കഴിഞ്ഞ കാലങ്ങളെ ഓര്‍മ്മപ്പെടുത്തും വിധം ഭീതിജനകമായ രോഗാവസ്ഥകളിലേക്ക് നാട് വഴിമാറുന്ന അവസ്ഥ ഉണ്ടാവാതിരിക്കാന്‍ നാം ഓരോരുത്തരും ജാഗരൂകരായിരിക്കുക എന്നതു മാത്രമാണ് ഇതിനൊരു പോംവഴി.
കാലവര്‍ഷകാലമാണ് കൂടുതലും രോഗാതുരമായ ഒരു അവസ്ഥയിലേക്ക് നാടിനെ കൊണ്ടെത്തിക്കുന്നത്. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന കാലവും മഴക്കാലമാണ്. മഴ നമ്മള്‍ ഏറെ ഇഷ്ടപ്പെടുന്നതും ആസ്വദിക്കുന്നതുമായ കാഴ്ച കൂടിയാണ്.
‘ മഴയും കട്ടന്‍ ചായയും ജോണ്‍സണ്‍ മാഷിന്റെ പാട്ടും’ എന്നൊരു പറച്ചില്‍ മലയാളികള്‍ക്കിടയില്‍ ഉണ്ട്. മഴയെ നെഞ്ചേറ്റി ആസ്വദിക്കുമ്പോഴും രോഗങ്ങളിലേക്ക് മഴക്കാലം മാറിവരുമ്പോള്‍ നമുക്ക് അത് പേടിപ്പെടുത്തുന്ന അനുഭവമായി മാറുന്നു.
കാലവര്‍ഷം തുടങ്ങുന്നതിനു മുന്‍പേ ജില്ലയില്‍ ആരോഗ്യവകുപ്പ് സുശക്തമായ മുന്നൊരുക്കങ്ങളാണ് നടത്തിയത്. സംസ്ഥാനത്തുടനീളം വേനല്‍ മഴ പരക്കെ പ്രകൃതിയിലും നാശനഷ്ടങ്ങള്‍ ഏറെ സൃഷ്ടിച്ചു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ മഴയെ മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടപ്പാക്കിയത്. കൊതുകു ജന്യ രോഗങ്ങളാണ് കൂടുതലും കേരളത്തില്‍ കണ്ടുവരുന്നത്. മഴക്കാലമാകുന്നതോടെ എലിപ്പനിയും കണ്ടുവരുന്നുണ്ട്.
ജനുവരി മുതല്‍ ഇന്നുവരെ എലിപ്പനി 56 കേസുകളാണ് ആരോഗ്യവകുപ്പിന്റെ കണക്കുകളില്‍ ഉള്ളത്. ഈ വര്‍ഷം ഡെങ്കിപ്പനി ബാധിച്ചവര്‍ 626 പേരും. കഴിഞ്ഞ ആഴ്ചയിലെ കണക്കാണ് ഇത്. ജില്ലയില്‍ മെഡിക്കല്‍ കോളേജ്, അമല മെഡിക്കല്‍ കോളേജ്, ജൂബിലി മെഡിക്കല്‍ കോളേജ്, ഡിഎംഒ എന്നിവിടങ്ങളില്‍ പരിശോധിച്ച കണക്കാണ് 626 പേര്‍. ജില്ലയിലെ മൊത്തം പ്രൈവറ്റ് ഹോസ്പിറ്റലുകള്‍ ഡെങ്കി ടെസ്റ്റ് നടത്തി രോഗാവസ്ഥയില്‍ ഉള്ളവരുടെ എണ്ണം 1331 ആണ്. കാര്‍ഡ് ടെസ്റ്റിലൂടെ ആണ് ഇത്രയും പേരുടെ ഡെങ്കി ടെസ്റ്റില്‍ പോസിറ്റീവ് ആയവര്‍.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ വീടുകളിലും പരിസരപ്രദേശങ്ങളിലും പോയി ബോധവല്‍ക്കരണവും പൊതുജനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും കൊതുകു നശീകരണത്തിനുള്ള ബ്ലീച്ചിംഗ് പൗഡര്‍ മുതലായവ നല്‍കിയും രോഗത്തെ ചെറുക്കാനുള്ള സജ്ജീകരണവുമായി മുന്നോട്ടു പോകുന്നുണ്ട്.
ഡെങ്കിപ്പനി പരത്തുന്ന ഈ ഡിസ് കൊതുകുകള്‍ കെട്ടിക്കിടക്കുന്ന ജലാശയങ്ങളിലും വീടുകളില്‍ വെള്ളം നിറച്ചുവയ്ക്കുന്ന പാത്രങ്ങളിലും എല്ലാം കൊതുകുകള്‍ വ്യാപകമായി മുട്ടയിട്ട് പെരുകുന്നു. ഇത് തടയാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് തൃശ്ശൂര്‍ ഡെപ്യൂട്ടി ഡിഎംഒ ഡോക്ടര്‍ സതീഷ് പറയുന്നു. വീടുകളില്‍ വെള്ളം നിറച്ച് വയ്ക്കുന്ന പാത്രങ്ങള്‍ അടച്ചു വയ്ക്കണം.
വീടുകളിലെ അലങ്കാര ചെടികള്‍ വരാത്ത വിധം വെള്ളം കെട്ടി നില്‍ക്കാത്ത വിധം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. മഞ്ഞപ്പിത്തം ബാധിച്ച് ജില്ലയില്‍ 69 കേസുകളാണ് ഉണ്ടായത്. ചിക്കന്‍പോക്‌സ് 1118 പേര്‍ക്കും മുണ്ടിനീര് 61 പേര്‍ക്കും ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച് മാടക്കത്തറയില്‍ ഒരു മരണവും ഉണ്ടായി. വെസ്റ്റ് നൈല്‍ ഫീവറും കണ്ടെത്തിയിട്ടുണ്ട്. കൊതുകകളാണ് ഈ വൈറസ് രോഗം പരത്തുന്നത്.
തൊഴിലുറപ്പ് ജോലികളും വെള്ളവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി മഴക്കാല പ്രതിരോധശേഷി ക്കുവേണ്ടി എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്‌സി ഫൈക്ലിന്‍ എന്ന ഗുളിക സൗജന്യമായി നല്‍കി വരുന്നുണ്ട്. ഈ ഗുളിക ആഴ്ചയില്‍ രണ്ട് ഗുളിക വീതം കഴിച്ചാല്‍ സാംക്രമിക രോഗങ്ങളില്‍ നിന്നു രക്ഷപ്പെടാമെന്ന് ഡെപ്യൂട്ടി ഡിഎംഒ ഡോക്ടര്‍ സതീഷ് അറിയിച്ചു.
ആശാപ്രവര്‍ത്തകര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ബ്ലീച്ചിംഗ് പൗഡര്‍ കൊതുകു നശീകരണ മരുന്നുകളെല്ലാം ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയും വീടുകളിലും എത്തിച്ചു നല്‍കുന്നുണ്ട്. കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ തന്നെ മുന്‍കൈ എടുക്കണം. രോഗങ്ങള്‍ വിളിച്ചു വരുത്തുന്ന അവസ്ഥയിലേക്ക് മാറരുത്.
വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയും പരിപാലിക്കുമ്പോഴും വേണ്ട അകലം പാലിച്ച് ശുചിത്വവും കരുതലും എടുത്ത് രോഗങ്ങള്‍ വരാതെ സൂക്ഷിക്കണം. നിലത്ത് വീണു കിടക്കുന്ന പഴങ്ങള്‍ പക്ഷികള്‍ ഭക്ഷിച്ച പഴങ്ങള്‍ എന്നിവയൊന്നും കഴിക്കാതെ നോക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ആരോഗ്യവകുപ്പില്‍ നിന്നും അറിയിക്കുന്ന മുന്‍കരുതലുകള്‍ അതേപടി പാലിച്ച് മുന്നോട്ടുപോവുകയാണെങ്കില്‍ സാംക്രമിക രോഗങ്ങളും അതുവഴി ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഒരു പരിധി വരെ തടയാന്‍ നമുക്കാകുമെന്നും ഡെപ്യൂട്ടി ഡിഎംഒ അഭിപ്രായപ്പെട്ടു.