കെ.ആർ.അജിത
ആരും കൗതുകത്തോടെയും അതിശയത്തോടെയും നോക്കി നിന്നു പോകും പ്രതീഷിന്റെ കുട്ടിവണ്ടികൾ. പെരുമ്പാവൂർ പനച്ചിയം സ്വദേശി ആലയ്ക്കൽ പ്രതീഷിന്റെ വീട് മിനിയേച്ചർ വാഹനങ്ങളുടെ പറുദീസയാണ്. ചെറുപ്പം മുതൽ പ്രതീഷിന് വാഹനങ്ങളോട് അമിതമായ ഒരിഷ്ടം ഉണ്ടായിരുന്നു. മുത്തശ്ശി ഉണ്ടാക്കിക്കൊടുത്തിരുന്ന വാഴപ്പിണ്ടി വണ്ടികൾ ഉരുട്ടി കളിക്കുമ്പോഴും നിരത്തുകളിൽ ചീറിപ്പാഞ്ഞു പോകുന്ന വണ്ടികൾ പ്രതീഷിന്റെ മനസ്സിൽ അന്നേ തളംകെട്ടി നിന്നിരുന്നു.
ഉത്സവങ്ങൾക്ക് പോകുമ്പോൾ പ്ലാസ്റ്റിക് വണ്ടികൾക്ക് വേണ്ടി കരഞ്ഞപ്പോൾ അച്ഛന്റെ വർക്ക്ഷോപ്പിൽ കൊണ്ടു പോയി വലിയ വണ്ടികൾ കാണിച്ച് കുഞ്ഞു പ്രതീഷിന്റെ കരച്ചിലടക്കി. സ്കൂളിൽ പഠിക്കുമ്പോൾ അവധി ദിനങ്ങളിൽ ആലുവ പുളിഞ്ചോടുള്ള അച്ഛന്റെ വർക്ക്ഷോപ്പിൽ പോയി വാഹനങ്ങൾ കേടുപാടുകൾ തീർക്കുന്നത് കണ്ടു പഠിച്ചു. വർക്ക് ഷോപ്പിൽ ഓയിൽ കൊണ്ടുവരുന്ന ടിന്നുകൾ വീട്ടിൽ കൊണ്ടുവന്ന് ചെറിയ വാഹനങ്ങൾ ഉണ്ടാക്കി ചായം കൊടുത്ത് മനോഹരമാക്കി നാട്ടുകാരെയും വീട്ടുകാരെയും അത്ഭുതപ്പെടുത്തി. പ്രതീഷിന്റെ വീട്ടിലെത്തുന്ന കുട്ടികൾ കൈയെത്തിപിടിച്ച് എടുക്കാൻ ശ്രമിക്കുന്നതും വാശിപിടിച്ച് കരയുന്നതും ഒറിജിനലിനെ തോൽപിക്കുന്ന ഈ കുട്ടി വണ്ടികൾ കയ്യിൽ കിട്ടാതെയാണെന്ന് പ്രതീഷ്.
വിൽക്കുവാൻ വേണ്ടി താൻ മിനിയേച്ചർ വണ്ടികൾ ഉണ്ടാക്കാറില്ലെന്നാണ് പ്രതീഷ് പറയുന്നത്. ഇരുമ്പു ഷീറ്റുകൾ കൊണ്ടാണ് പ്രതീഷ് കുട്ടിവണ്ടികൾ ഉണ്ടാക്കുന്നത്. ടയറുകൾക്ക് ഫോം ഷീറ്റ് ഉപയോഗിക്കും. അതുകൊണ്ട് തന്നെ പ്രതീഷിന്റെ മിനിയേച്ചർ വണ്ടികൾ വർഷങ്ങളോളം ഒരു കേടും കൂടാതെയിരിക്കും. വണ്ടികൾ നിർമ്മിക്കാൻ ആറ് മാസവും ചില കുട്ടിവണ്ടികൾക്ക് ഒരു വർഷം വരെ സമയമെടുക്കുമെന്ന് പ്രതീഷ്. പെരുവമ്പാവൂർ ഒന്നാം മൈലിൽ പി ആന്റ് എസ് ഓട്ടോവർക്ക്ഷോപ്പ് നടത്തുന്ന പ്രതീഷിന് ഇന്ന് നിരത്തിൽ കാണാത്ത പഴയകാല വാഹനങ്ങളുടെ കുട്ടിവണ്ടികൾ ഉണ്ടാക്കാനാണ് ഏറെയിഷ്ടം. ലാബി സ്കൂട്ടർ, ടാറ്റ 1210 ഡി ലോറി, പഴയ ജീപ്പ്, കെഎസ്ആർടിസി ബസ്സുകൾ ഇവയെല്ലാം ചേതോഹരങ്ങളായ കുട്ടിവണ്ടികളായി പ്രിതീഷിന്റെ ആലയ്ക്കൽ വീട്ടിൽ കൗതുക കാഴ്ചകളാകുന്നു.
ഒരു വണ്ടിയുടെ നിർമ്മാണത്തിന് ഒരു ലക്ഷത്തിനടുത്ത് ചെലവു വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ കുട്ടിവണ്ടികൾ ആവശ്യക്കാരുടെ നിർബന്ധത്തിനു വഴങ്ങി മാത്രമേ ഉണ്ടാക്കി നൽകുകയുള്ളു. പ്രിതീഷിന്റെ കുട്ടിവണ്ടികൾ ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. പെരുമ്പാവൂരിൽ നടന്ന വർക്ക്ഷോപ്പ്അസോസിയേഷന്റെ സമ്മേളനത്തിന് പ്രതീഷിന്റെ കുട്ടിവണ്ടികളുടെ പ്രദർശനം ഒരുക്കിയിരുന്നു. മഞ്ഞയും ചുവപ്പും നിറത്തിലുള്ളതും വെള്ളയും നീലയും നിറത്തിലുള്ള വേണാട് കെഎസ്ആർടിസി ബസ്സുകൾ, ജീപ്പ്, ലോറി ഇവയെല്ലാം കുട്ടി രൂപത്തിൽ കാണുമ്പോൾ ഓടിച്ചെന്ന് എടുക്കാൻ തോനുന്ന കൗതുകവണ്ടികൾ ആരെയും ആകർഷിക്കും.
നല്ലൊരു ഗായകനും നാടക അഭിനേതാവും കൂടിയായ പ്രതീഷിന് കുട്ടിവണ്ടി നിർമ്മാണത്തിനായി ഭാര്യ പ്രസീതയും മക്കളായ പാർവതിയും പവിത്രയും പ്രോത്സാഹനമായി ചേർന്ന് നിൽക്കുന്നു.