ജാതികേരളം നാടുകടത്തിയ മലയാള സിനിമയിലെ ആദ്യനായിക. പി.കെ റോസിയെ ജന്മദിനത്തില്‍ ഓര്‍മ്മിക്കുമ്പോള്‍

Written by Taniniram

Published on:

ശ്യാം വെണ്ണിയൂര്‍

തിരുവനന്തപുരം , നന്തന്‍കോട് , ആമത്തറ വയലിനു സമീപം ( ഇപ്പോള്‍ കനകനഗര്‍ ) കോലപ്പന്‍ , കുഞ്ഞി ദമ്പതികളുടെ രണ്ടാമത്തെ മകളായി 1923 ലാണ് പികെ.റോസി (PK Rosy) യെന്ന രാജമ്മയുടെ ജനനം . സരോജനി , റോസമ്മ , ഗോവിന്ദന്‍ എന്നീ സഹോദരങ്ങള്‍ കൂടി രാജമ്മക്കുണ്ട് . LMS പള്ളി സ്‌കൂളില്‍ 2ല്‍ പഠിക്കുമ്പോള്‍ അമ്മ വീണ്ടും പ്രസവിച്ചപ്പോള്‍ കുഞ്ഞിനെ നോക്കാന്‍ വേണ്ടി രാജമ്മയുടെ പഠനം അവസാനിപ്പിച്ചു.

അക്കാലത്ത് നന്തന്‍കോട് ആമത്തറ ഭാഗത്തെ ദലിതര്‍ സംഘടിച്ച് ചേരമര്‍ കലാസംഘം എന്നൊരു പ്രസ്ഥാനം രൂപീകരിച്ച് കാക്കാരശ്ശി നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു . രാജമ്മ വളര്‍ന്നപ്പോള്‍ ഈ സമിതിയിലെ നടിയായി ചേര്‍ന്നു . അങ്ങിനെ കാക്കാരശി നാടകത്തില്‍ കാക്കാത്തിയുടെ വേഷം കെട്ടുന്ന ആദ്യത്തെ സ്ത്രീ എന്ന ബഹുമതിയും രാജമ്മക്ക് സ്വന്തമായി ( അതുവരെ കാക്കാത്തിയുടെ വേഷം കെട്ടിയിരുന്നത് പുരുഷന്‍മാരായിരുന്നു ) . എന്നാല്‍ രാജമ്മ മറ്റൊരു നാടകത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവര്‍ ആറന്നൂരിലും അവിടെ നിന്ന് തൈക്കാട്ട് ആശുപത്രിക്ക് സമീപമുള്ള പുറമ്പോക്കിലേക്കും താമസം മാറി . ഉപജീവനത്തിനായി പുല്ല് ചെത്തി കെട്ടുകളാക്കി വില്‍ക്കുന്ന ജോലിയായിരുന്നു രാജമ്മക്ക്.

പികെ റോസിയോടുളള ആദരസൂചകമായി കഴിഞ്ഞവര്‍ഷം ജന്മദിനത്തില്‍ ഗൂഗിള്‍ പുറത്തിറക്കിയ ഗൂഗിള്‍ ഡ്യൂഡില്‍

അക്കാലത്താണ് ( 1927-28 ) വിഗതകുമാരനില്‍ അഭിനയിക്കാന്‍ പറ്റിയ ഒരു നായികയെ J.C.ഡാനിയല്‍ അന്വേഷിക്കുന്നത് . സുഹൃത്തായ ജോണ്‍സണാണ് രാജമ്മയെ ഡാനിയലിന് പരിചയപ്പെടുത്തുന്നത് . അങ്ങിനെ ട്രാവന്‍കൂര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച വിഗതകുമാരനില്‍ രാജമ്മ നായികയായി . ഒപ്പം രാജമ്മയെ റോസി എന്ന പേരില്‍ ഡാനിയല്‍ പുനര്‍നാമകരണം ചെയ്യുകയും ചെയ്തു .

മൊത്തം 10 ദിവസത്തെ അഭിനയമായിരുന്നു റോസിക്ക് (PK Rosy)ഉണ്ടായിരുന്നത് . ദിവസം 5 രൂപ നിരക്കില്‍ 10 ദിവസത്തെ അഭിനയത്തിന് 50 രൂപയും മുണ്ടും , നേര്യതുമാണ് റോസിക്ക് പ്രതിഫലമായി നല്‍കിയത് . കൂടാതെ അഭിനയിക്കാന്‍ ഉപയോഗിച്ച വസ്ത്രങ്ങളും ഡാനിയല്‍ റോസിക്ക് നല്‍കി ………

1928 മെയ് മാസത്തോടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം 1928 നവംബര്‍ 7 ന് വൈകിട്ട് 5.30ന് തിരുവനന്തപുരം സ്റ്റാച്ച്യു ജംക്ഷനിലുള്ള ക്യാപ്പിറ്റോള്‍ ടെന്റ് തിയേറ്ററില്‍ പ്രഥമ പ്രദര്‍ശനം നടത്തി . അന്നത്തെ പ്രഗത്ഭ വക്കീലായിരുന്ന മുള്ളൂര്‍.S.ഗോവിന്ദപ്പിള്ളയാണ് പ്രഥമ പ്രദര്‍ശനം ഉത്ഘാടനം ചെയ്തത് . ദലിതയായ റോസി (PK Rosy) പ്രദര്‍ശനം കാണാന്‍ വന്നാല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഭയന്ന ഡാനിയല്‍ റോസിയെ ചിത്രം കാണാന്‍ ക്ഷണിച്ചിരുന്നില്ല . എന്നാല്‍ സിനിമയില്‍ റോസിയുടെ കഥാപാത്രം വന്നതോടെ ഡാനിയല്‍ ഭയപ്പെട്ടത് സംഭവിച്ചു . ദലിത അഭിനയിച്ചു എന്ന ഒറ്റക്കാരണത്താല്‍ കാണികള്‍ അക്രമാസക്തരായി . ശക്തമായ കല്ലേറുമൂലം സ്‌ക്രീന്‍ കീറിപ്പറിഞ്ഞതോടെ വിഗതകുമാരന്റെ പ്രഥമ പ്രദര്‍ശനവും അവസാനിച്ചു . ഡാനിയല്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു ……….

അവിടുന്നങ്ങോട്ട് റോസിയുടെ ജീവിതവും മാറി മറിഞ്ഞു . ദലിത .. സിനിമയില്‍ അഭിനയിച്ചു എന്ന ഒറ്റക്കാരണത്താല്‍ റോസിയുടെ ജീവനും , സ്വത്തിനും ഭീഷണി ഉയര്‍ന്നു . 1928 നവംബര്‍ 10 ന് സംഘടിച്ചു വന്ന സവര്‍ണ മാടമ്പി റൗഡിക്കൂട്ടം റോസിയുടെ കുടിലിന് തീയിട്ടു . ജീവന്‍ രക്ഷിക്കാനായി റോസിയും കുടുംബവും ചിതറി ഓടി . ഓട്ടത്തിനിടയില്‍ റോഡിലൂടെ വന്ന വാഹനത്തിന്റെ മുമ്പിലേക്ക് രക്ഷിക്കണേ എന്ന് അലറിക്കരഞ്ഞുകൊണ്ട് റോസി ഓടിക്കയറി . ലോറി ഡ്രൈവറായിരുന്ന നാഗര്‍കോവില്‍ സ്വദേശി കേശവപിള്ള റോസിയെ വാഹനത്തില്‍ കയറ്റി രക്ഷപ്പെടുത്തി സ്വദേശത്തേക്ക് കൊണ്ടുപോയി . പിന്നീട് കേശവപിള്ള തന്നെ റോസിയെ വിവാഹം കഴിക്കുകയും ചെയ്തു.

See also  അഗ്നിവീർ നാലു വർഷത്തെ രാജ്യ സേവനം , നിരവധി ആനുകൂല്യങ്ങൾ |Agniveer

എന്നാല്‍ ദലിതയെ വിവാഹം കഴിച്ചതിനാല്‍ കേശവപിള്ളയേയും റോസിയേയും വീട്ടുകാര്‍ പുറത്താക്കി . തുടര്‍ന്ന് വടപളനിയിലെ ഓട്ടുപുരത്തെരുവില്‍ വാടകവീടെടുത്ത് അവര്‍ ജീവിതമാരംഭിച്ചു . എന്നാല്‍ അതോടൊപ്പം റോസി രാജാമ്മാളായി പുനര്‍ജനിച്ചു . ദലിത് ജന്മം തുടര്‍ ജീവിതത്തിന് തടസമാകുമെന്നതിനാല്‍ കേശവപിള്ളയാണ് റോസിയെ രാജാമ്മാള്‍ എന്ന് പുനര്‍നാമകരണം ചെയ്തത്.

കേശവപിള്ള , രാജാമ്മാള്‍ ദമ്പതികള്‍ക്ക് 5 മക്കളുണ്ടായി . അതില്‍ 3 പേര്‍ ചെറുപ്പത്തിലേ മരിച്ചു . നാഗപ്പന്‍ പിള്ള എന്ന മകനും , പത്മ എന്ന മകളുമാണ് അവശേഷിച്ചത് .

അങ്ങിനെ ദലിത എന്ന ജന്മവും , സിനിമയില്‍ അഭിനയിച്ചു എന്ന കാരണവും കൊണ്ട് .. ദുരന്തങ്ങള്‍ മാത്രം ഏറ്റുവാങ്ങി .. സ്വന്തം അസ്തിത്വം തന്നെ ബലികഴിച്ച് ശിഷ്ടകാലം മുഴുവന്‍ ഒളിവുജീവിതം നയിക്കേണ്ടി വന്ന രാജമ്മാള്‍ എന്ന .. റോസി എന്ന .. രാജമ്മ വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം 1987 ല്‍ വടപളനിയിലെ ഓട്ടുപുരത്തെരുവിലെ വാടക വീട്ടില്‍ വച്ച് 64- ആമത്തെ വയസില്‍ ഇഹലോകവാസം വെടിഞ്ഞു .

പിന്നീട് ശ്രീ.കുന്നുകുഴി.S. മണിയും , AICC മെമ്പര്‍ കാവല്ലൂര്‍ മധുവും കൂടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ട് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ . ‘ മലയാള സിനിമയുടെ അമ്മയായ ‘ റോസിയുടെ പേരിലായിരിക്കും ഇനിയങ്ങോട്ടുള്ള മികച്ച നടിക്കുള്ള അവാര്‍ഡ് നല്‍കുക എന്ന് പ്രഖ്യാപിക്കുകയുണ്ടായി.എന്നാല്‍ രാഷ്ട്രീയക്കാരുടെ എല്ലാ പ്രഖ്യാപനങ്ങളേയും പോലെ ഇതും പ്രഖ്യാപനത്തില്‍ അവസാനിച്ചു ….

ദലിത ജന്മവും , ഒരു സിനിമയില്‍ അഭിനയിച്ചു എന്ന ഒറ്റക്കാരണവും കൊണ്ട് ചിതറിപ്പോയ .. ദുരന്തങ്ങളിലേക്കും , ഒളിവു ജീവിതത്തിലേക്കും എടുത്തെറിയപ്പെട്ട റോസിയുടെ ജന്മം മരണശേഷവും ചിതറിത്തന്നെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു .

Leave a Comment