വയനാട് ഉരുള്‍പ്പെട്ടലില്‍ രക്ഷാദൗത്യത്തിന് വേഗം കൂട്ടിയ ഇന്ത്യന്‍ സൈന്യത്തിന്റെ ബെയ്‌ലി പാലം. പ്രതികൂല കാലാവസ്ഥയെ വകവയ്ക്കാതെ ഇന്ത്യന്‍ സൈന്യം മുണ്ടക്കൈയില്‍ രാപകല്‍ അദ്ധ്വാനച്ചാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സൈന്യത്തിന് നേതൃത്വം നല്‍എന്‍ജിനീയറായ മേജര്‍ സീത അശോക് ഷെല്‍ക്കെ എന്ന വനിതയാണ്.
പാലത്തിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ പാലത്തിന് മുകളില്‍ അഭിമാനപൂര്‍വ്വം നില്‍ക്കുന്ന സീത ഷെല്‍ക്കെയുടെ ചിത്രം മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു. അഭിഭാഷകനായ അശോക് ബിഖാജി ഷെല്‍ക്കെയുടെ നാല് മക്കളില്‍ ഒരാളാണ് സീത അശോക് ഷെല്‍ക്കെ. അഹമ്മദ് നഗറിലെ ലോണിയിലെ പ്രവാര റൂറല്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും പൂര്‍ത്തിയാക്കിയ ശേഷമാണ് സീത അശോക് ഷെല്‍ക്കെ സൈന്യത്തിലേക്ക് എത്തുന്നത്.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ പാര്‍നര്‍ താലൂക്കിലെ ഗാഡില്‍ഗാവ് എന്ന ചെറുഗ്രാമമാണ് ഷില്‍ക്കെയുടെ സ്വദേശം.ഐപിഎസ് കാരി ആകണമെന്നായിരുന്നു മോഹം. പക്ഷേ അതിലേക്ക് നയിക്കാന്‍ ആരുമിണ്ടാകാതെ വന്നതോടെയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാനുള്ള ശ്രമം സീത അശോക് ഷെല്‍ക്കെ നടത്തുന്നത്. രണ്ട് തവണ എസ്എസ്ബി പരീക്ഷയില്‍ പരാജയപ്പെട്ടെങ്കിലും തന്റെ സ്വപ്‌നം ഉപേക്ഷിക്കാന്‍ സീത അശോക് ഷെല്‍ക്കെ തയാറായിരുന്നില്ല. മൂന്നാം തവണ പരീക്ഷ പാസായി. 2012 ലാണ് സീത അശോക് ഷെല്‍ക്കെ സൈന്യത്തിന്റെ ഭാഗമായത്.
ചെന്നൈയിലെ ഒടിഎയില്‍ നിന്നാണ് സീത അശോക് ഷെല്‍ക്കെ പരിശീലനം പൂര്‍ത്തിയാക്കിയത്. മൂന്ന് സഹോദരിമാരാണ് സീത അശോക് ഷെല്‍ക്കെയ്ക്കുള്ളത്. ചെറിയ ഗ്രാമത്തില്‍ നിന്നാണ് വരുന്നതെങ്കിലും സൈന്യത്തിന്റെ ഭാഗമാകണമെന്ന തന്റെ സ്വപ്‌നത്തിന് രക്ഷിതാക്കള്‍ വലിയ രീതിയില്‍ പിന്തുണ നല്‍കിയെന്നാണ് സീത അശോക് ഷെല്‍ക്കെ നേരത്തെ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ആര്‍മി മദ്രാസ് എന്‍ജീനീയറിങ്ങ് ഗ്രൂപ്പിലെ 250 സൈനികരാണു ബെയ്ലി പാലം നിര്‍മ്മിച്ചത്. ഇതിന്റെ നേതൃനിരയില്‍ തലയെടുപ്പോടെ മേജര്‍ സീത അശോക് ഷെല്‍ക്കെയുമുണ്ട്.