പറഞ്ഞതും പ്രവർത്തിച്ചതും അന്തരമില്ലാതെ എന്നെന്നും ഓർമ്മയിൽ ഗാന്ധിജി (Mahatma Gandhi)

Written by Taniniram1

Published on:

-താര അതിയടത്ത്

തനിയേ നടന്നു നീ പോവുക
തളര്‍ന്നാലു-
മരുതേ പരാശ്രയവുമിളവും
അനുഗാമിയില്ലാത്ത പഥികർ
തുടര്‍ന്നാലു-
മിടറാതെ നിന്‍ ധീരഗാനം…”

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്നേക്ക് 76 വയസ്സ് തികയുമ്പോൾ വി മധുസൂദനൻ നായരുടെ (V Madhusoodanan Nair) ‘ഗാന്ധി’ എന്ന കവിതയിലെ വരികളാണ് ഓർമ്മവരുന്നത്. കവിതയിലൂടെ കയറിയിറങ്ങുമ്പോൾ ഗാന്ധിജിയെ ഇത്രയേറെ മനസ്സിലാക്കിയ വേറൊരു വ്യക്തി ഇല്ലെന്നു തന്നെ വേണം പറയാൻ .
ഇന്ത്യൻപൗരത്വത്തെ ഒരു ഭാഗത്തും താൻ എന്ന വ്യക്തിയെ മറുഭാഗത്തും നിർത്തിക്കൊണ്ട് അരക്ഷിതത്വത്തിൻ്റെ നിറം കെട്ട കാഴ്ചകൾ തുറന്നു പറയുകയാണ് കവി. ആദർശതയുടെ പുരുഷരൂപമായിട്ടാണ് കവി ഗാന്ധിജിയെ കാണുന്നത്. ജനാധിപത്യ മതേതര മൂല്യങ്ങളെ തകർക്കുന്ന കാഴ്ചകൾ പുതുതലമുറ തിരിച്ചറിയണം എന്ന തിരിച്ചറിവ് കൂടി കവിത തരുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തി​ൻ്റെ ഏടുകളിങ്ങനെ മറിക്കുമ്പോൾ മഹാത്മാ ഗാന്ധി എന്ന പേര്​ എപ്പോഴും വേറിട്ടുനിൽക്കാൻ കാരണം അദ്ദേഹം സ്വീകരിച്ച സമര മാർഗങ്ങളും നിലപാടുകളും തന്നെയാണ് . സത്യം അഹിംസ മതേതരത്വം എന്നീ മൂന്നു മന്ത്രങ്ങളിൽ അധിഷ്ഠിതമായി അദ്ദേഹം ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചത് ഉൾക്കരുത്തുള്ള ഒരു ഇന്ത്യയെ ആയിരുന്നു.

സിറ്റ് ഡൗൺ മിസ്റ്റർ ഗാന്ധി

ഗാന്ധിജിയുടെ ഓരോ രക്തസാക്ഷി ദിനവും ഇന്ത്യൻ ചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ ഗാന്ധിജിയെ കുറിച്ച് വായിച്ചറിഞ്ഞതിൽ മനസ്സിനെ തൊട്ടുണർത്തിയ ഒരു സംഭവ കഥയുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിനിടയിലെ ഒരു നേർക്കാഴ്ച. മഹാത്മാഗാന്ധിയെ കുറിച്ച് ജീവചരിത്രകാരൻ ലൂയി ഫിഷർ (Louis Fischer) ആണ് അതെഴുതിവച്ചിട്ടുള്ളത്. ‘സിറ്റ് ഡൗൺ മിസ്റ്റർ ഗാന്ധി’ എന്നാണ് ആ അദ്ധ്യായത്തിൻ്റെ തലക്കെട്ട്. കാശിയിലെ സെൻട്രൽ ഹിന്ദുസ്കൂളിൽ ഉദ്ഘാടനത്തിനായി വൈസ്രോയി വരുന്ന സമയത്ത് തുടക്കക്കാരനായ ഗാന്ധിജിക്ക് പ്രസംഗിക്കാനായി സ്‌കൂളിൻ്റെ സ്ഥാപകയായ ആനി ബസൻ്റ് (Ani Basant) ഒരവസരം നൽകി. വൈസ്രോയി വരുന്നത് പ്രമാണിച്ച് അന്ന് നഗരത്തിലെമ്പാടും രഹസ്യ പോലീസുകാരെക്കൊണ്ട് നിറഞ്ഞിരുന്നു. ഇതു മനസ്സിലാക്കിയ ഗാന്ധി മഫ്ടി പോലീസുകാരെ പരാമർശിച്ചു കൊണ്ടായിരുന്നു തൻ്റെ പ്രസംഗം തുടങ്ങിയത്. വൈസ്രോയിക്ക് മരണഭയം ഉള്ളതിനാലാണ് നഗരം മുഴുവൻ സെക്യൂരിറ്റി ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഗാന്ധിജി തൻ്റെ പ്രസംഗത്തിലൂടെ തുറന്നടിച്ചു. ഇങ്ങനെ പല തവണ പേടിച്ച് മരിക്കുന്നതിനേക്കാൾ നല്ലത് ഒരുതവണ മരിക്കുന്നതാണ് വൈസ്രോയിക്ക് നല്ലതെന്നും ഗാന്ധിജി കൂട്ടിച്ചേർത്തു. ഗാന്ധിജിയുടെ പ്രസംഗം സദസ്സിനെ പിടിച്ചിരുത്തുകയാണെന്ന് കണ്ടപ്പോൾ ആനി ബസൻ്റ് ദേഷ്യം കൊണ്ട് ‘സിറ്റ് ഡൗൺ മിസ്റ്റർ ഗാന്ധി ‘എന്നുറക്കെ വിളിച്ചു പറഞ്ഞു. പക്ഷെ ഗാന്ധിജി പറഞ്ഞത് തികച്ചും ആത്മാർത്ഥതയോടുകൂടിയായിരുന്നു. അതുകൊണ്ട് തന്നെയാണ് മരണം വരെ തനിക്ക് പോലീസ് സംരക്ഷണം ആവശ്യമില്ലെന്ന് ഗാന്ധിജി ശാഠ്യം പിടിച്ചത്. ഗാന്ധിജി പറഞ്ഞതും പ്രവർത്തിച്ചതും തമ്മിൽ അന്തരമില്ലായിരുന്നെന്ന് തൻ്റെ ജീവിതം കൊണ്ടുതന്നെ അദ്ദേഹം തെളിയിക്കുകയും ചെയ്തു.

1948 ജനുവരി 30 ന് ഡൽഹിയിലെ ബിർളാ ഹൗസിന് മുന്നിലെ മൈതാനത്ത് തൻ്റെ പ്രാർത്ഥനായോഗത്തിന് എത്തിയവരെ പോലീസ് പരിശോധിച്ചതായി അറിഞ്ഞപ്പോൾ അത് പിൻവലിക്കണമെന്നും ഗാന്ധിജി ആവശ്യപ്പെട്ടു. തൻ്റെ അനുയായികളുടെ മുമ്പിൽ വച്ചാണ് നാഥൂറാം വിനായക് ഗോഡ്സെ എന്ന മത ഭ്രാന്തനാൽ ഗാന്ധിജി മരണം കൈവരിക്കുന്നത്.

ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിലൂടെ നമ്മൾ കടന്നുപോകുമ്പോൾ മേൽ പറഞ്ഞ സംഭവകഥയ്ക്ക് ഏറെ പ്രസക്തിയുണ്ട്. ഒട്ടും മരണഭയമില്ലാതെയാണ് ഗാന്ധി തൻ്റെ ജീവിതത്തെ നേരിട്ടത്. അതുകൊണ്ട് തന്നെ ‘എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം ‘ എന്ന് നമ്മോട് പറഞ്ഞത് ഒരിക്കലും വെറുതെയാകുന്നില്ല….. പുതുമ തീരാത്ത ജീവിത പുസ്തകമായി ഗാന്ധിജി നമ്മളിലെന്നെന്നും ജീവിക്കുന്നു.

Leave a Comment