Friday, February 28, 2025

ദേവനന്ദയുടെ മരണം: ദുരൂഹതയുടെ അഞ്ചാണ്ട്|Devananda Case

Must read

കെ.ആര്‍.അജിത

ആരും മറന്നു കാണില്ല കൊല്ലം ഇളവൂരിലെ ഏഴ് വയസ്സുകാരി ദേവനന്ദയെ. ദേവനന്ദ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷം തികയുന്നു. ഇന്നും ദേവനന്ദയുടെ മരണത്തിന്റെ ചുരുളഴിയാത്ത ദുരൂഹത നില നില്‍ക്കുന്നു. 2020 ഫെബ്രുവരി 27 നാണ് ദേവനന്ദയെ കാണാതാകുന്നത്. വീടിന് പിറകില്‍ തുണിയലക്കി കൊണ്ടിരുന്ന അമ്മ ധന്യയുടെ അടുത്തേക്ക് ചെന്ന ദേവനന്ദയെ താഴെയുള്ള കുട്ടിയെ നോക്കുന്നതിന് വീട്ടിനുള്ളിലേക്ക് പറഞ്ഞു വിടുകയായിരുന്നു. ഒരു മണിക്കൂറിനു ശേഷമാണ് കുട്ടിയെ കാണാതായത് അമ്മ ധന്യ അറിയുന്നത്. വിവരം നാടുമുഴുവന്‍ പരന്നതോടെ നാട്ടുകാരും പോലീസ് അന്വേഷണ വിഭാഗങ്ങളും ഫയര്‍ഫോഴ്‌സും തിരച്ചില്‍ ആരംഭിച്ചു. ഒരു പകലും രാവും തിരച്ചില്‍ നടത്തിയിട്ടും ഒരു തുമ്പും കിട്ടിയില്ല പക്ഷേ അടുത്ത ദിവസം നാടിനെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തി പള്ളിമണ്‍ ആറിന്റെ കൈവഴിയായ ഇത്തിക്കരയാറില്‍ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കേരളത്തെ ഞെട്ടിച്ച ഈ മരണത്തിന്റെ ദുരൂഹത ഇന്നും ബാക്കിയായി തുടരുന്നു.

തുടക്കത്തില്‍ ഒരുപാട് ദുരൂഹത നിറഞ്ഞതായിരുന്നു ദേവനന്ദയുടെ മരണത്തിന്റെ അന്വേഷണം (Devananda Case). സമൂഹമാധ്യമങ്ങളില്‍ കുട്ടിയെ കാണാതായതായി എന്ന പ്രചരണത്തെ തുടര്‍ന്ന് കുട്ടിയെ കണ്ടുകിട്ടിയെന്ന് ഒരു വ്യാജ പ്രചരണവും ആരോ നടത്തി. അത് കേസിന്റെ വഴിതിരിച്ചു വിടാനാണോ? ഒരു ഉദ്യോഗസ്ഥനും ആ പോസ്റ്റിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചതായി അറിവില്ല.

ദേവനന്ദ കേസിലെ അന്വേഷണസംഘത്തെ അടിക്കടി മാറ്റിക്കൊണ്ടിരുന്നു. ദേവനന്ദയുടെ കേസ് ആദ്യം അന്വേഷിച്ചത് വിവാദമായ ഒന്നിലധികം കേസ് തെളിയിച്ച ഇന്ന് സി ഐ ആയിട്ടുള്ള വിപിന്‍ എന്ന പോലീസ് ഓഫീസറാണ്. വിപിനെ മാറ്റി പിന്നീട് ചാത്തന്നൂര്‍ എസിപി ജോര്‍ജ് കോശിയെ നിയമിച്ചു. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ആ സമയം കുട്ടിയുടെ അമ്മ ധന്യ വീണ്ടും അന്വേഷണം തൃപ്തികരമല്ല എന്ന് പറഞ്ഞ് പരാതി കൊടുത്തിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഈ അന്വേഷണസംഘമാണ് കുട്ടിയുടെ മരണം മുങ്ങിമരണം ആണെന്ന് സ്ഥിരീകരിച്ചത്. മുങ്ങിമരണം ആണെന്ന് സ്ഥിരീകരിച്ചതോടെയാണ് കുട്ടിയുടെ മരണത്തിലെ അസ്വാഭാവികതകള്‍ ആ ഗ്രാമത്തിലുള്ളവരും കേരളം ഒന്നാകെയും ഇന്നും ചിന്തിക്കുന്നത്.

കുട്ടിയുടെ വീട് നില്‍ക്കുന്ന ഇടം കയറ്റം ഉള്ള സ്ഥലത്തും അവിടുന്ന് ഒരു ഇറക്കവും ഒരു വീടും കഴിഞ്ഞ് വന്നുചേരുന്നത് ഇത്തിക്കരയാറിലേക്കാണ്. കുട്ടി തനിയെ വന്ന് ഒരുപക്ഷേ കുളിക്കടവില്‍ ചെന്നപ്പോള്‍ കാല്‍ വഴുതി വീണതാവാം എന്നാണ് ഒരു നി?ഗമനം. ഇത്തിക്കരയാറിന്റെ കുറുകെയുള്ള താല്‍ക്കാലിക ബണ്ടിനരികില്‍ നിന്നാണ് ദേവനന്ദയുടെ കുഞ്ഞുമൃതദേഹം കിട്ടുന്നത്. മൃതദേഹത്തില്‍ ഷാളും ഉണ്ടായിരുന്നു. പോലീസിന്റെ നി?ഗമനമനുസരിച്ച് ബണ്ടില്‍ നിന്നും കാല്‍ വഴുതി വീണതാകാം എന്നാണ്. അങ്ങനെയാണെങ്കില്‍ ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ആന്തരികാവയവങ്ങളില്‍ നിന്നും കണ്ടെത്തിയ ചെളി കുളിക്കടവിലേതാണ്.

കുട്ടി കുളിക്കടവില്‍ വീണെങ്കില്‍ ബണ്ടിനടിയിലൂടെ ഒഴുകി പോയി തടയണയുടെ ഭാഗത്ത് എത്തിയെങ്കില്‍ കുട്ടിയുടെ കഴുത്തിലെ ഷാള്‍ ഒഴുകി പോകേണ്ടതാണ്. കുട്ടിയെ വെള്ളം ഒഴുക്കി കൊണ്ടു പോകുന്നുവെങ്കില്‍ ഷാള്‍ വേറെ ദിശയിലേക്ക് ഒഴുകി പോകണം. തന്നെയുമല്ല കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ഷാള്‍ കുട്ടി ഒഴുകി ബണ്ടിന് അപ്പുറത്തെത്തിയിട്ടും ശരീരത്തില്‍ നിന്നും ഷാള്‍ ഒഴുകി പോയില്ല? പോലീസ് പറയുന്നത് ശരിയെങ്കില്‍ താല്‍ക്കാലിക ബണ്ടിലൂടെ കുട്ടി നടന്ന് പോകുകയാണെങ്കില്‍ കാലില്‍ മുറിവ് ഉണ്ടാകണം. ആ ഭാഗത്ത് കാടുമൂടികിടക്കുന്ന ഭാഗമാണ്. വലിയവര്‍ പോലും പോകുമ്പോള്‍ മുറിവുണ്ടാകും. ചെരിപ്പിടാതെ പോയ കുഞ്ഞിന്റെ കാലില്‍ മുറിവില്ല. തന്നെയുമല്ല കുട്ടിയുടെ ആന്തരികാവയവങ്ങളില്‍ അപ്പോള്‍ കുളിക്കടവിലെ ചെളി എങ്ങിനെ വന്നു.? കുട്ടി വീണ സ്ഥലവും മൃതദേഹം കണ്ടെടുത്ത സ്ഥലവും രണ്ടും രണ്ടായിരുന്നു. ചെളി ഇല്ലാത്ത ഭാഗത്ത് കുട്ടി വീണു എന്ന് പറയുമ്പോള്‍ എങ്ങനെ കുട്ടിയുടെ ആന്തരികാവയവങ്ങളില്‍ ചെളി നിറഞ്ഞു? കുട്ടിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ വത്സല പറയുന്നത് ആന്തരിക അവയവങ്ങളിലെ ചെളി കുളിക്കടവിലെ ചെളിയാണെന്നാണ്. കള്‍ച്ചര്‍ ചെയ്തപ്പോള്‍ അറിയാന്‍ കഴിഞ്ഞത് അങ്ങനെയാണ്. അങ്ങനെയെങ്കില്‍ തനിയെ എവിടെയും പോകാത്ത കുട്ടി എങ്ങനെ കുളിക്കടവില്‍ എത്തി? ചെരുപ്പിടാത്ത കുട്ടിയുടെ കാലില്‍ മുറിവ് ഇല്ലാതിരുന്നത് എങ്ങനെ? ഇതുപോലെ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ദേവനന്ദയുടെ മുങ്ങിമരണത്തിലെ ദുരൂഹത ഇന്നും നിലനിര്‍ത്തുന്നത്.

See also  ദര്‍ശിച്ചാല്‍ തന്നെ പുണ്യം ലഭിക്കുന്ന രുദ്രാക്ഷം;ഇവിടെയുണ്ട് ആ രുദ്രാക്ഷ മരം

ഇവരുടെ വീട്ടില്‍ സ്ഥിരമായി വരുന്ന നാല് പേരെ ചോദ്യം ചെയ്തിരുന്നു. കുട്ടി ഇവരുടെ മൊബൈലില്‍ ഗെയിം കളിക്കാറുണ്ട് എന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. കുട്ടിയെ ആരോ എടുത്തുകൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് അന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്ത പല ചാനല്‍ പ്രവര്‍ത്തകരും ഇന്നും സോഷ്യല്‍ മീഡിയയില്‍ അഭിമുഖത്തിലൂടെ പറഞ്ഞുകൊണ്ടിരിക്കുന്നു. ആരാണ് ആ കൊലയാളി? അയാളിലേക്ക് എത്താനുള്ള ദൂരം ഇനിയും എത്ര നാള്‍? കൊച്ചു കുഞ്ഞുങ്ങളെ നിര്‍ദാക്ഷിണ്യം കൊലപ്പെടുത്തുന്നവരെ നിയമത്തിന്റെ മുന്നിലേക്ക് എത്തിക്കണം. വിടരും മുന്‍പേ കൊഴിഞ്ഞു പോകുന്ന കുഞ്ഞുങ്ങള്‍. അവരുടേതല്ലാത്ത കാരണം കൊണ്ട് ജീവന്‍ പൊലിയുമ്പോള്‍ അത് കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടു വരേണ്ടത് സാമൂഹ്യ ബാധ്യത തന്നെയാണ്. അഞ്ചു വര്‍ഷമായി ഉള്ളു ഉരുകി കഴിയുന്ന പ്രദീപിനും ധന്യക്കും നീതിയും ലഭിക്കണം.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article