പാകിസ്ഥാനെ ലക്ഷ്യമാക്കി ഒമ്പത് മിസൈലുകൾ, പേടിച്ചുവിറച്ച ഇമ്രാൻ ഖാൻ അർദ്ധരാത്രി മോദിയെ വിളിച്ചു’: ആ രാത്രി സംഭവിച്ചത്

Written by Web Desk1

Published on:

ന്യൂഡൽഹി: ഇന്ത്യൻ സൈനിക വാഹനവ്യൂഹത്തിന് നേർക്ക് നടത്തിയ പുൽവാമ ഭീകരാക്രമണത്തിന് പ്രതികാരമായാണ് 2019 ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസേന ബലാക്കോട്ടിൽ ആക്രമണം നടത്തിയത്. ഇന്ത്യൻ പോർവിമാനങ്ങൾ നടത്തിയ വ്യോമാക്രമണം പാകിസ്ഥാനിലെ ബലാക്കോട്ട് പ്രദേശത്തെ തീവ്രവാദ കേന്ദ്രങ്ങൾ നശിപ്പിക്കുകയും നിരവധി ഭീകരവാദികളെ വധിക്കുകയും ചെയ്തു. ബലാക്കോട്ട് വ്യോമാക്രമണത്തിന്റെ അഞ്ചാം വാർഷികത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഈ സമയത്ത് ഈ ആക്രമണവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകൾ പുതിയ ചർച്ചയ്ക്ക് വഴിയൊരുക്കുകയാണ്.

പാകിസ്ഥാനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയയുടെ പുറത്തിറങ്ങാൻ പോകുന്ന ‘ദ ആങ്കർ മാനേജ്‌മെന്റ്’ എന്ന പുസ്തകത്തിലാണ് ബാലാക്കോട്ട് ഭീകരാക്രമണത്തിനിടെ സംഭവിച്ച ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. ബലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെയുണ്ടായ സൈനിക പ്രതിസന്ധി ഒഴിവാക്കാൻ അന്നത്തെ പാക് പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ അർദ്ധരാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഭ്രാന്തിയോടെ വിളിച്ചെന്ന് അജയ് ബിസാരിയ പുസ്തകത്തിൽ പറയുന്നു. ഇന്ത്യൻ അതിർത്തിയിൽ നിന്നും പാകിസ്ഥാനിലേക്ക് ഒമ്പത് മിസൈലുകൾ ലക്ഷ്യം വയ്ക്കുന്നെന്ന ഇന്റലിജൻസ് വിവരം, പാകിസ്ഥാനെ ശരിക്കും ഭയപ്പെടുത്തിയിരുന്നെന്നും അദ്ദേഹം പുസ്തകത്തിൽ പറയുന്നു.’

പാകിസ്ഥാൻ വിദേശകാര്യ സെക്രട്ടറി തെഹ്മിന ജെൻജുവയ്ക്ക് പാക് സൈന്യത്തിൽ നിന്നും ഒരു സന്ദേശം ലഭിച്ചു. ഏത് സമയത്തും ഇന്ത്യയിൽ നിന്നും ഒമ്പത് മിസൈലുകൾ പാക് അതിർത്തി ലക്ഷ്യം വച്ച് എത്തുമെന്നായിരുന്നു സന്ദേശം. ഈ രഹസ്യ വിവരം ഡൽഹിയിൽ റിപ്പോർട്ട് ചെയ്യാനും സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിക്കണമെന്നും വിദേശകാര്യ സെക്രട്ടറി ഹൈക്കമ്മിഷൻ പ്രതിനിധികളോട് ആവശ്യപ്പെട്ടു’.’പ്രതിസന്ധി രൂക്ഷമായതോടെ അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. പരിഭ്രാന്തിയോടെയാണ് ഇമ്രാൻ ഖാൻ നരേന്ദ്ര മോദിയെ ബന്ധപ്പെടാൻ ശ്രമിച്ചത്. സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ ഇടപടണമെന്ന ആവശ്യമായിരുന്നു ഇമ്രാൻ ഖാനുണ്ടായിരുന്നത്.

അന്നത്തെ പാകിസ്ഥാൻ ഹൈക്കമ്മീഷണർ സൊഹൈൽ മഹ്മൂദ് ഡൽഹിയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് ഈ കോൾ എളുപ്പമാക്കിയതെന്നാണ് റിപ്പോർട്ട്’.’സമയം അർദ്ധരാത്രി, ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മിഷണർ സൊഹാലി മഹ്മൂദിൽ നിന്നും ഒരു കോൾ വന്നു. പാക് പ്രധാനമന്ത്രിക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിക്കണമെന്നായിരുന്നു ആവശ്യം. ഞാൻ മുകളിലത്തെ നിലയിൽ പരിശോധിച്ച്, ആ സമയത്ത് നമ്മുടെ പ്രധാനമന്ത്രി ലഭ്യമല്ലെന്ന് പ്രതികരിച്ചു, എന്നാൽ ഇമ്രാൻ ഖാന് എന്തെങ്കിലും അടിയന്തിര സന്ദേശം അറിയിക്കാനുണ്ടെങ്കിൽ, എന്നെ അറിയിക്കാമായിരുന്നു. അന്ന് രാത്രി പിന്നീടൊരു കോൾ തനിക്ക് ലഭിച്ചില്ല’- ബിസാരിയ പുസ്തകത്തിൽ പറഞ്ഞു.

അടുത്ത ദിവസം, ഇമ്രാൻ ഖാൻ മാദ്ധ്യമങ്ങളെ കണ്ടു. പാകിസ്ഥാന്റെ പിടിയിലായ ഇന്ത്യയുടെ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ വിട്ടയക്കുന്നത് സംബന്ധിച്ചായിരുന്നു അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. സമാധാനം ആഗ്രഹിക്കുന്നത് കൊണ്ടാണ് അഭിനന്ദൻ വർദ്ധമാനെ വിട്ടയക്കുന്നതെന്നാണ് ഇമ്രാൻ ഖാന്റെ ഭാഷ്യം. എന്നാൽ ഇന്ത്യയുടെ നയതന്ത്രമാണ് ഇതിന് പാകിസ്ഥാനെ പ്രേരിപ്പിച്ചതെന്ന് ബിസാരിയ പുസ്തകത്തിൽ കുറിക്കുന്നു.അഭിനന്ദൻ വർദ്ധമാനെ മോചിപ്പിച്ചില്ലെങ്കിൽ 9 മിസൈലുകൾ തയ്യാറാണെന്ന ഇന്ത്യൻ ഭീഷണിക്കു മുന്നിൽ പാകിസ്ഥാന് വഴങ്ങേണ്ടി വന്നതാണെന്നാണ് പുസ്തകത്തിൽ പറയുന്നത്. ഇന്ത്യ വിക്ഷേപിക്കാൻ തയ്യാറാക്കിയ 9 മിസൈലുകൾ ഏതുനിമിഷവും പതിച്ചേക്കാമെന്ന പേടിയിൽ ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ പാകിസ്ഥാൻ ഭരണകൂടം യുഎസിന്റെയും യുകെയുടെയും സഹായം തേടി. അഭിനന്ദനെ ഉപദ്രവിച്ചാൽ കാര്യങ്ങൾ പിടിവിട്ട് പോകുമെന്നും ഇന്ത്യയോട് നേരിട്ട് അപേക്ഷിക്കാനുമാണ് അവർ പറഞ്ഞത്.തുടർന്ന് അടുത്ത ദിവസം അഭിനന്ദനെ മോചിപ്പിക്കുന്നതായി ഇമ്രാന് പാർലമെന്റിൽ പ്രഖ്യാപിക്കേണ്ടി വന്നു.

See also  ശില്പനിർമ്മാണ ചാരുതയിൽ ഉഷയുടെ ജീവിതഗാഥ

2019 ഫെബ്രുവരി 14നു നടന്ന പുൽവാമ ആക്രമണത്തിനു പിന്നാലെ 26ന് ബലാക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തുന്നതിനിടെയാണ് അഭിനന്ദൻ പാക് പിടിയിലായത്. 28ന് അഭിനന്ദനെ മോചിപ്പിച്ചു. ഇല്ലായിരുന്നെങ്കിൽ ‘രക്തച്ചൊരിച്ചിൽ’ ഉണ്ടാകുമായിരുന്നുവെന്ന് 2019ലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞിരുന്നു. എന്നാൽ മിസൈൽ ആക്രമണത്തിന് പദ്ധതിയിട്ടത് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ ഭീഷണി പാക് സൈന്യത്തെയും ഇമ്രാൻ സർക്കാരിനെയും എങ്ങനെ അലോസരപ്പെടുത്തിയെന്ന് ബിസാരിയ വെളിപ്പെടുത്തുന്നു.

Related News

Related News

Leave a Comment