കെ. ആർ. അജിത
രുദ്രാക്ഷം (Rudraksham) ദര്‍ശിച്ചാല്‍ പുണ്യം സ്പര്‍ശിച്ചാല്‍ കോടി ഗുണം ധരിച്ചാല്‍ നൂറു കോടിയിലധികം പുണ്യം എന്നാണറിയപ്പെടുന്നത്. ഈ വരികള്‍ മനസ്സിലേക്ക് പകര്‍ന്നാടുന്നതിനപ്പുറമാണ് വീടിന്റെ പൂമുഖത്തോട് ചേര്‍ന്ന് തണല്‍ വിരിച്ചു നില്‍ക്കുന്ന ആ രണ്ട് മരങ്ങള്‍… മാവിനോട് സാമ്യം തോന്നുന്ന ആ മരങ്ങളില്‍ മുല്ല മൊട്ട് പോലെയുള്ള പൂക്കള്‍ . പൂക്കള്‍വിരിഞ്ഞ് കായ്കള്‍ ആകുമ്പോള്‍ കടും നീല നിറമായി മാറും.പഴുത്ത് നിലത്ത് വീഴുന്ന കായ്കളാണ് നമ്മള്‍ വിശ്വാസപൂര്‍വ്വം ദേഹത്ത് ചാര്‍ത്തുന്ന രുദ്രാക്ഷം. ഹിമാലയ സാനുക്കളില്‍ മാത്രം കൂടുതലായി കണ്ടുവരുന്നതാണ് ഇത്തരത്തിലുള്ള രുദ്രാക്ഷമരങ്ങള്‍.
ഹിമാലയ സാനുക്കളിലെ ആ മരങ്ങള്‍ കാണാന്‍ ഇന്ന് ഇരിഞ്ഞാലക്കുട രാമനാഥന്റെ വീട്ടിലേക്ക് ഒരു യാത്ര പോയാല്‍ മതി. അത്ര മനോഹരവും പ്രകൃതിയിലെ അത്ഭുതം തുളുമ്പുന്ന ഈ രുദ്രാക്ഷക്കാഴ്ച കാണാന്‍ നാട്ടുകാര്‍ രാമനാഥന്റെ വീട്ടിലേക്ക് ഒഴുകിയെത്തുകയാണ്. കണ്ണുകള്‍ക്ക് കുളിര്‍മയേക്കുന്ന രുദ്രാക്ഷ മരത്തിന്റെ നീല വര്‍ണ്ണമണിഞ്ഞുള്ള കാഴ്ച
ഏതൊരാളെയും ആകര്‍ഷിക്കുന്നതാണ്.
ഭക്തിയുടെയും വിശുദ്ധിയുടെയും ഔഷധ ഗുണങ്ങളുടെയും കൂടിച്ചേരലാണ് രുദ്രാക്ഷമെന്നത് മിഴികള്‍ക്കപ്പുറത്തുള്ള ഒരു അനുഗ്രഹം കൂടിയാവുന്നു.

രുദ്രാക്ഷത്തിനു പിന്നിലെ ഐതിഹ്യകഥ
രുദ്രം എന്നാല്‍ ശിവനും അക്ഷം എന്നത് കണ്ണുമാണ്. അതുകൊണ്ടുതന്നെ ശിവന്റെ കണ്ണുകള്‍ എന്നുകൂടി രുദ്രാക്ഷത്തിന് അര്‍ത്ഥമുണ്ട്. രുദ്രാക്ഷത്തെക്കുറിച്ച് (Rudraksham) പുരാണങ്ങളില്‍ അതിമനോഹരമായ ഐതിഹ്യ കഥയുണ്ട്. ഒരിക്കല്‍ ത്രിപുരന്‍ എന്നൊരു അതിശക്തനായ അസുരന്‍ ദേവന്മാരെ തോല്‍പ്പിച്ച് ഏകചത്രാധിപതിയായി വാണിരുന്നു. ത്രിപുരന്റെ ഉപദ്രവങ്ങള്‍ സഹിക്കാന്‍ വയ്യാതായപ്പോള്‍ പരാതിയുമായി ദേവകള്‍ പരമശിവന്റെ അടുത്തുചെന്നു. എന്നാല്‍ ത്രിപുരനെ എങ്ങനെ വധിക്കണമെന്നാലോചിച്ച് ശിവന്‍ ധ്യാനത്തില്‍ മുഴുകി. കണ്ണടച്ച് ധ്യാനിച്ചിരുന്ന പരമശിവന്‍ ഒരായിരം വര്‍ഷം കഴിഞ്ഞാണ് കണ്ണ് തുറന്നത്. അപ്പോള്‍ കണ്ണില്‍ നിന്നും അശ്രു ബിന്ദുക്കള്‍ ഭൂമിയിലേക്ക് ഉതിര്‍ന്നു വീണു. ഈ കണ്ണുനീര്‍ത്തുള്ളികളാണ് രുദ്രാക്ഷമായതെന്നാണ് ഐതിഹ്യം.
രുദ്രാക്ഷ മരത്തില്‍ നിന്ന് 38 വ്യത്യസ്ത രുദ്രാക്ഷങ്ങള്‍ ലഭിക്കും.. സോമനേത്രത്തില്‍ നിന്ന് 12തരവും തൃക്കണ്ണില്‍ നിന്ന് 16 തരവും സൂര്യനേത്രത്തില്‍ നിന്ന് 10 തരവും ലഭിക്കും. രുദ്രാക്ഷം നമ്മുടെl ശരീരത്തില്‍ അണിയുകയാണെങ്കില്‍ നമ്മുടെ ശരീരത്തെ ഒരു കവചം പോലെ സംരക്ഷിക്കും എന്നാണ് മറ്റൊരു വിശ്വാസം.
ഇരിങ്ങാലക്കുട സ്വദേശിയായ രാമനാഥനും ഭാര്യ ദാക്ഷായണിയും വിശ്രമ ജീവിതത്തിന്റെ ഇടവേളകളില്‍, ഇന്ത്യയിലുള്ള ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുക പതിവായിരുന്നു.
അങ്ങനെയാണ് ഹിമാലയത്തില്‍ നിന്നും രുദ്രാക്ഷതൈകള്‍ ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തുന്നത്. 2012 നട്ടു നനച്ച തൈകളില്‍ നിന്നും 2017 മുതല്‍ കായകള്‍ കിട്ടിത്തുടങ്ങി എന്ന് രാമനാഥന്‍ പറയുന്നു.
നീലനിറത്തില്‍ പഴുത്തുവീഴുന്ന രുദ്രാക്ഷ ക്കായകള്‍ നല്ലതുപോലെ കഴുകി വെയിലത്തിട്ട് ഉണക്കി എടുക്കുന്നു. തുടര്‍ന്ന് 10 ദിവസം നാല്‍പ്പാമര കഷായത്തില്‍ ഇട്ട് വെയ്ക്കും. വീണ്ടും ഉണക്കിയെടുക്കുന്ന രുദ്രാക്ഷത്തിന് ഇളം ചുവപ്പ് നിറമായിരിക്കും.
രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് മുഖങ്ങള്‍ ഉള്ള രുദ്രാക്ഷങ്ങള്‍ ഈ മരങ്ങളില്‍ നിന്നും കിട്ടുന്നു. രണ്ട് മുഖം ഉള്ളത് അര്‍ദ്ധനാരീശ്വരനെ സൂചിപ്പിക്കുന്നതും നാലു മുഖമുള്ള രുദ്രാക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മികവ് പുലര്‍ത്താന്‍ ധരിക്കാം. പഞ്ചമുഖ രുദ്രാക്ഷം സര്‍വ്വ ഐശ്വര്യത്തിനായി ധരിക്കുന്നതാണ്. ആറുമുഖം ഉള്ളത് മുരുകപ്രീതിക്ക് വേണ്ടിയും 7 മുഖ രുദ്രാക്ഷം മഹാലക്ഷ്മി സങ്കല്പവുമാണ്. കൂടാതെ ഗണേഷ് മുഖ രുദ്രാക്ഷവും കിട്ടാറുണ്ടെന്ന് രാമനാഥന്‍ പറഞ്ഞു.
രുദ്രാക്ഷ കായ്കളില്‍ സ്വാഭാവികമായി വിരിയുന്ന വരകള്‍ നോക്കിയാണ് ഏത് തരം രുദ്രാക്ഷം ആണെന്ന് തിരിച്ചറിയുന്നത്. 5 വരകളുള്ള രുദ്രാക്ഷം രണ്ട് വര കൂടിച്ചേരുന്നതാണ് ഗണേഷ് മുഖ രുദ്രാക്ഷം. കൂടാതെ ഗൗരി ശങ്കരം രുദ്രാക്ഷവും ഈ മരങ്ങളില്‍ നിന്നും കിട്ടാറുണ്ടെന്നു പറയുമ്പോള്‍ രാമനാഥന്റെ കണ്ണുകളില്‍ ഭക്തിയുടെ നിറവ്.
ഇന്ന് മാര്‍ക്കറ്റില്‍ ഡ്യൂപ്ലിക്കേറ്റ് രുദ്രാക്ഷം സുലഭമായി കിട്ടുന്നതു കാണുമ്പോള്‍ വളരെ സങ്കടം തോന്നുണ്ടെന്ന് രാമനാഥന്‍ പറഞ്ഞു. ഒരു രുദ്രാക്ഷത്തിന്റെ വില 200 രൂപയാണ് . സര്‍വ്വ ഐശ്വര്യത്തിനുള്ള പഞ്ചമുഖ രുദ്രാക്ഷമാലയ്ക്ക് 1600 രൂപ വരും. ഒരു രുദ്രാക്ഷമാലയില്‍ 108 മണികളാണ് ഉണ്ടാവുക. കൂടാതെ രുദ്രാക്ഷം മാല കോര്‍ക്കുന്നതില്‍ 33, 45, 55, 108 എന്നിങ്ങനെയാണ് കണക്ക്.. 32 രുദ്രാക്ഷമണികളും ഒരു ലോക്കറ്റും കൂടിയായി 33 മണി. ലോക്കറ്റിനെ ഗുരു എന്നാണ് പേര്.
രുദ്രാക്ഷ (Rudraksham) മരത്തിന്റെ തൈകള്‍ കൂടി ആവശ്യക്കാര്‍ക്ക് രാമനാഥന്‍ നല്‍കി വരുന്നുണ്ട്. എട്ടുമാസമാണ് വിത്ത് പാകി തൈ മുളക്കാന്‍ വേണ്ടിവരുന്ന സമയം. ഒരു രുദ്രാക്ഷതൈക്ക് 250 രൂപയാണ് വില.
രാമനാഥനും ഭാര്യ ദാക്ഷായണിയും ഇതുവരെ ഇന്തോനേഷ്യ, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം ക്ഷേത്ര ദര്‍ശനം നടത്തിയിട്ടുണ്ട്. മകന്‍ മുംബൈയിലും മകള്‍ തിരുവനന്തപുരത്തും കുടുംബമായി കഴിയുന്നു. ഇനിയും ഒട്ടേറെ ക്ഷേത്രദര്‍ശനങ്ങള്‍ക്കായുള്ള ഒരുക്കത്തിലാണ് ഈ ദമ്പതികള്‍. ആ യാത്രകള്‍ക്ക് കൂട്ടായി ആത്മധൈര്യത്തിനെന്ന പോലെ കോര്‍ത്തിണക്കി വച്ചിട്ടുണ്ട് ഇവര്‍ ഒരു കൂട്ടം രുദ്രാക്ഷമാലകള്‍ .