ദാഹവും വിശപ്പും അകറ്റാൻ പൊട്ടു വെള്ളരി

Written by Taniniram1

Published on:

കെ. ആർ. അജിത

വേനൽക്കാലത്തിന്റെ അതി രൂക്ഷമായ അവസ്ഥയിൽ ശരീരത്തിന് കുളിർമ പകരാനും പ്രതിരോധശേഷി നിലനിർത്താനുമായി കഴിക്കാവുന്ന ജ്യൂസ് ആണ് പൊട്ടു വെള്ളരി ജ്യൂസ്. പൊട്ടു വെള്ളരിയുടെ ജന്മദേശം തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ആണ്. പൊട്ടു വെള്ളരിയെ കുറിച്ച് തെക്കൻ ദേശത്തുള്ളവർക്ക് അറിയാൻ ഇടയില്ല. കൊടുങ്ങല്ലൂരും എറണാകുളം ജില്ലയുടെ ചില ഭാഗങ്ങളിലും പൊട്ടു വെള്ളരി കൃഷി വ്യാപകമാണ്. എറണാകുളം നെടുമ്പാശ്ശേരി, മാഞ്ഞാലി, കരുമലൂർ, ആലങ്ങാട് എന്നീ ഭാഗങ്ങളിൽ വൻതോതിൽ പൊട്ടു വെള്ളരി കൃഷി ചെയ്യുന്നുണ്ട്. കൃഷിവകുപ്പ് ഈ വർഷം കൊടുങ്ങല്ലൂർ പൊട്ടുവെള്ളരിയെ ഭൗമസൂചിക പദവിയിലേക്ക് ഉയർത്തി.

കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലാണ് പൊട്ടു വെള്ളരി കൃഷി ഏറെയും ചെയ്തു വരുന്നത്. വിത്തിറക്കി 43, 45 ദിവസത്തിനുള്ളിൽ വിളവെടുപ്പ് നടത്താം എന്നതാണ് ഇതിന്റെ പ്രത്യേകത. മൂത്ത് പാകമാകുമ്പോൾ പൊട്ടു വെള്ളരി വിണ്ടുവരുന്ന ഒരു അവസ്ഥയിലേക്ക് മാറും. അതാണ് പൊട്ടു വെള്ളരി എന്ന പേര് വരാൻ കാരണം. ഏകദേശം ഒന്നിന് മൂന്ന്, നാല് കിലോ തൂക്കം ഉണ്ടായിരിക്കും.

തൃശ്ശൂർ, എറണാകുളം ജില്ലയിൽ നിന്നും കേരളത്തിന്റെ മറ്റു പല ഭാഗങ്ങളിലേക്കും പൊട്ടു വെള്ളരി കയറ്റി അയയ്ക്കുന്നുണ്ട്. പൊട്ടു വെള്ളരിയിൽ തേങ്ങാപ്പാലും ഏലക്കയും പഞ്ചസാരയോ ശർക്കരയോ ചേർത്ത് ജ്യൂസ് ആക്കി കഴിക്കാം. ശരീരോഷ്മാവ് നിയന്ത്രിക്കാനും ശരീരത്തിൽ തണുപ്പ് നിലനിർത്താനും ഈ പൊട്ടു വെള്ളരി ജ്യൂസ് അത്യുത്തമമാണ്. തണുപ്പാണ് പൊട്ടു വെള്ളരിയുടെ ഏറ്റവും വലിയ പ്രത്യേകത. ദാഹത്തിനൊപ്പം വിശപ്പും ശമിക്കും എന്നുള്ളതാണ് പൊട്ടു വെള്ളരി ജ്യൂസിന്റെ ഗുണം.

ബീറ്റാ കരോട്ടിൻ, ഫോളിക് ആസിഡ്, പൊട്ടാസിയം, വൈറ്റമിൻ സി എന്നിവയുടെ കലവറയാണ് പൊട്ടുവെള്ളരി. ശരീരത്തിൽ നിന്നും ടോക്സിനുകൾ പുറന്തള്ളുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഒന്നാണ് പൊട്ടു വെള്ളരി ജ്യൂസ്. കരളിന്റെയും വൃക്കയുടെയും ആരോഗ്യത്തിനും ഏറെ ഗുണകരമാണ് . ഷേക്ക് രൂപത്തിലും ഹോർലിക്സ്, ബൂസ്റ്റ്, കപ്പലണ്ടി എന്നിവ ചേർത്തും ഇത് ഉപയോഗിക്കാം. പൊട്ട് വെള്ളരിയും കരിക്കും ചേർത്ത്. തയ്യാറാക്കുന്ന പാനീയം ഏറെ രുചികരമാണ്. നാരുകൾ ഏറെ അടങ്ങിയ പൊട്ടു വെള്ളരി കഴിക്കുന്നത് കൊണ്ട് ശരീര ഊഷ്മാവ് നിയന്ത്രിക്കാനും ആരോഗ്യം നിലനിർത്താനും കഴിയുന്ന ഒന്നാണ്. സീസണിൽ കിട്ടുന്നതായതുകൊണ്ട് വേനൽ ചൂടിൽ നിന്നും രക്ഷനേടാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഈ പാനീയം കൊണ്ട് സാധിക്കുന്നു.

Leave a Comment