പാലക്കാടിന്‍റെ പ്രകൃതിക്ഷേത്രമായ ചിങ്ങൻചിറ

Written by Taniniram

Updated on:

കെ. ആർ. അജിത

പടര്‍ന്നു പന്തലിച്ച് വടവൃക്ഷമായി നില്‍ക്കുന്ന ആല്‍ത്തറ. ആല്‍ത്തറയുടെ ചുവട്ടില്‍ ചെറിയ രണ്ടു വിഗ്രഹങ്ങള്‍.. ഭക്തര്‍ നിറകണ്ണുകളോടെയും തൊഴുകൈകളോടെയും നില്‍ക്കുന്നു. ഇത് പാലക്കാട് ജില്ലയിലെ പ്രകൃതി ക്ഷേത്രം എന്നറിയപ്പെടുന്ന ചിങ്ങന്‍ചിറ ക്ഷേത്രമാണ് (Chinganchira Temple-Palakkad) . അത്ഭുതപൂര്‍വ്വമായ കുറേ കഥകള്‍ വീണുറങ്ങുന്ന പ്രകൃതി ക്ഷേത്രം.. ക്ഷേത്രത്തിനു ചുറ്റും രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമുള്ള ആലുകള്‍. ആലുകളില്‍ നിറയെ വള്ളികള്‍ തൂങ്ങി കിടക്കുന്ന തണല്‍ വിരിച്ച് നില്‍ക്കുന്ന പ്രകൃതിയാണ് ഈ ക്ഷേത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം. തെന്മലയുടെ താഴ്വരയില്‍ ചിങ്ങന്‍ചിറ പുഴയുടെ അരികിലാണ് ഈ പ്രകൃതി ക്ഷേത്രം നിലകൊള്ളുന്നത്.

ഒരു കുടുംബ ക്ഷേത്രമായി ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്ന ഈ ക്ഷേത്രം ഇന്ന് ഏകലവ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ കീഴിലാണ്. പാലക്കാട് ജില്ലയില്‍ കൊല്ലംകോട് നിന്നും മാറിയാണ് ചിങ്ങം ചിറ എന്ന പ്രകൃതി രമണീയമായ സ്ഥലം.
അധികമാരും അറിയപ്പെടാതിരുന്ന ഈ പ്രകൃതിക്ഷേത്രത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ വന്ന വീഡിയോ ആണ് ഇപ്പോള്‍ ഭക്തജനങ്ങള്‍ പ്രവാഹമായി ഇവിടേക്ക് വരുന്നതെന്ന് ക്ഷേത്രത്തില്‍ പൂജചെയ്യുന്ന വേലായുധന്‍ പറയുന്നു. ആലിന്‍റെ ചുവട്ടില്‍ സ്വയം ഭൂവായി വന്നു എന്ന് പറയപ്പെടുന്ന വിഗ്രഹം ഏത് കാലഘട്ടത്തിലാണ് ഇവിടെ പ്രത്യക്ഷമായതെന്ന് ഇന്നും ആര്‍ക്കും അറിയില്ല. സ്വയം ഭൂവായ വിഗ്രഹത്തിന് ശിവനും പാര്‍വതിയുമായി സങ്കല്‍പ്പിച്ച് കറുപ്പ് സ്വാമിയും വേലമ്മയും ആയാണ് ഈ ക്ഷേത്രത്തില്‍ ആരാധന നടത്തുന്നത്. ആല്‍ത്തറയുടെ ചുവട്ടില്‍ തന്നെ കുറച്ചു മാറി പുതിയൊരു വിഗ്രഹവും വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്രം ഭാരവാഹികള്‍ പ്രതിഷ്ഠിച്ചിരുന്നു. ഊഷര മായ പാലക്കാടിന്റെ ചൂടില്‍ നിന്ന് ഈ പ്രകൃതി ക്ഷേത്രത്തിലേക്ക് എത്തുമ്പോള്‍ കുളിര്‍മയും തണുപ്പും വീണു കിടക്കുന്ന ആല്‍ത്തറകളും ഭക്തര്‍ക്ക് ഏറെ പ്രിയമാണെന്ന് വേലായുധന്‍ പറയുന്നു.


ക്ഷേത്രത്തിനോട് ചേര്‍ന്ന് ഏകലവ്യന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന ആശ്രമം കൂടി ക്ഷേത്ര പരിസരത്തുണ്ട്. ആശ്രമത്തില്‍ നാമം ജപിച്ച് ശിഷ്ടകാലം ജീവിച്ചു തീര്‍ക്കാന്‍ താല്പര്യമുള്ള കുറച്ച് അമ്മമാരും. അവര്‍ അനാഥരല്ല, സനാഥരാണ്. ജീവിതത്തിന്‍റെ അവസാന ഘട്ടത്തില്‍ ഭഗവാനെ നാമം ജപിച്ച് ജീവിക്കാന്‍ താല്പര്യം കാണിച്ച് ആശ്രമത്തില്‍ താമസിക്കുന്നവരാണ് ഇവിടെയുള്ള അമ്മമാര്‍. എന്നും ഈ ക്ഷേത്രത്തില്‍ ഇവരുടെ നാമ ജപാര്‍ച്ചനെയും ഉണ്ടായിരിക്കും.ക്ഷേത്രത്തില്‍ നിത്യേന പൂജയും ധര്‍മ്മ പൂജയും അധര്‍മ്മ പൂജയും നടന്നു വരാറുണ്ട്. കേരളത്തില്‍ നിന്നുള്ളവരെക്കാള്‍ കൂടുതല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഇവിടെ കൂടുതലും വരുന്നത്. കര്‍ഷകരായിട്ടുള്ള തങ്ങളുടെ കൃഷി തുടങ്ങുന്നതിന് മുന്‍പ് ഈ ക്ഷേത്രത്തില്‍ വന്ന പ്രാര്‍ത്ഥിച്ചിട്ടാണ് അവരുടെ കാര്‍ഷികവൃത്തിയിലേക്ക് ഇറങ്ങുന്നത്. നല്ല വിളവ് കിട്ടിയതിനുശേഷം നന്ദി സൂചകമായി വീണ്ടും ക്ഷേത്രത്തില്‍ എത്തുക പതിവാണ്.

വീടില്ലാത്തവര്‍ക്ക് വീട് ലഭിക്കാനും വിവാഹം കഴിയാത്തവര്‍ക്ക് വിവാഹ സൗഭാഗ്യം ഉണ്ടാവാനും കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് അത് സാധ്യമാകാനും ഉള്ള പ്രാര്‍ത്ഥനകള്‍ കൂടി ഭക്തര്‍ ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചതിനു ശേഷം വീടിന്റെ ചെറിയ മാതൃക ഈ ആലില്‍ തൂക്കിയിട്ട് പോകുന്നു. ആല്‍മര ചില്ലകളില്‍ ഭക്തര്‍ക്കൊരുത്തു വെച്ച് പോയ ആവശ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും തിരുശേഷിപ്പുകള്‍ മനോഹരമായ ഒരു കാഴ്ചയാണ്. 2000 വര്‍ഷം പഴക്കമുള്ള ഈ ആല്‍മരച്ചില്ലകളില്‍ ഒന്നുപോലും ഇതുവരെ ഉണങ്ങി വീണിട്ടില്ല. നിരന്തരം വിളക്ക് കത്തിച്ചു വെച്ചിട്ടും ആല്‍മരത്തിന്റെ പച്ചപ്പിന് ഒരു മാറ്റവും ഇന്നേവരെ സംഭവിച്ചിട്ടില്ല എന്ന് പൂജാരി വേലായുധന്‍ പറയുന്നു.

See also  റോഡിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി….

കളിയാട്ടം, പട്ടണത്തില്‍ ഭൂതം, കുഞ്ഞിരാമായണം, ഒടിയന്‍ തുടങ്ങിയ ചലച്ചിത്രങ്ങള്‍ക്ക് ദൃശ്യഭംഗി പകര്‍ന്ന ക്ഷേത്രം കൂടിയാണ് ഈ ചിങ്ങം ചിറ പ്രകൃതി ക്ഷേത്രം. സിനിമക്കാരുടെ ഇഷ്ട ലൊക്കേഷന്‍ ആണ് ഇവിടം. മഴക്കാലം ആകുമ്പോള്‍ തെന്മലയില്‍ നിന്നും വെള്ളച്ചാട്ടവും അത് ഈ ക്ഷേത്രത്തിന് അടുത്തുള്ള ചിങ്ങന്‍ചിറ പുഴയിലേക്കാണ് ഒഴുകിവരുന്നത്. പാലക്കാട് ഭൂമികയുടെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ വരുന്ന വിനോദ സഞ്ചാരികള്‍ക്കും ഭക്തര്‍ക്കുമായി നിഴല്‍ വെളിച്ചങ്ങള്‍ പരന്നുകിടക്കുന്ന ഈ പ്രകൃതിക്ഷേത്രം ഇന്ന് പ്രശസ്തിയുടെ നെറുകയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.

Related News

Related News

Leave a Comment