ഇന്നു രാവിലെ കിഴക്കൻ മാനത്ത് ഉദിച്ചുയർന്ന സൂര്യൻ ഈ വർഷത്തെ ഏറ്റവും വലുപ്പം കൂടിയ സൂര്യനാണ്. ‘സൂപ്പർമൂൺ’ ജനകീയ കൗതുകമായി മാറിക്കഴിഞ്ഞു. (The sun that rose this morning in the eastern hemisphere is the largest sun of the year. The ‘Supermoon’ has become a popular curiosity) എന്നാൽ ‘സൂപ്പർ സൺ’ അത്ര പരിചിതമല്ല. കാരണം സൂപ്പർ മൂൺ ഒരേ വർഷം തന്നെ പല തവണയുണ്ടാകാം. എന്നാൽ സൂപ്പർ സൺ വർഷത്തിൽ ഒരിക്കൽ മാത്രമേ ഉണ്ടാവുകയുള്ളൂ. അതു തന്നെ ജനുവരി ആദ്യവാരത്തിൽ. 2025ലെ സൂപ്പർ സൺ ഇന്നാണ്. അടുത്ത വർഷമാകട്ടെ ജനുവരി മൂന്നിനും.
ഈ സമയത്ത് സൂര്യൻ ഭൂമിയോട് ഏറ്റവും അടുത്തായിരിക്കും. സാങ്കേതികമായി പെരിഹീലിയൻ എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിനു വിപരീതമായ മറ്റൊരു പ്രതിഭാസമാണ് അപ്‌ഹീലിയൻ. ഈ സമയത്ത് സൂര്യൻ ഏറ്റവും അകലെയായിരിക്കും. ഇതു സാധാരണയായി ജൂലൈ ആദ്യവാരത്തിലായിരിക്കും. ഈ സമയത്ത് സൂര്യൻ നമ്മിൽനിന്ന് ഏതാണ്ട് 15 കോടി 20 ലക്ഷം കി.മീ അകലെയായിരിക്കും. എന്നാൽ പെരിഹീലിയനിൽ നാം സൂര്യനോട് ഏതാണ്ട് 14 കോടി 70 ലക്ഷം കി.മീ അടുത്തായിരിക്കും. അതായത് ഓരോ വർഷവും നാം സൂര്യനോട് ഏതാണ്ട് 50 ലക്ഷം കി.മീ അടുക്കുകയും അത്ര തന്നെ അകലുകയും ചെയ്യുന്നുണ്ട്.
ഭൂമി സൂര്യനെ ചുറ്റുന്നത് കൃത്യമായൊരു വൃത്ത പരിധിയിലല്ല എന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒറ്റനോട്ടത്തിൽ സൂര്യനു വ്യത്യാസം ഒന്നും തോന്നാനിടയില്ലെങ്കിലും ജ്യോതിശാസ്ത്രപരമായി ഇതിനേറെ പ്രാധാന്യമുണ്ട്. നമുക്കു തണുപ്പുകാലമാണെങ്കിലും ഭൂമിയിൽ ഏൽക്കുന്ന ചൂടിലും പ്രകാശത്തിലും നേരിയ വർധന ഉണ്ടാകാൻ ഇതു കാരണമാകുന്നു. സൗരോപരിതലത്തിൽനിന്നു വരുന്ന പ്രകാശം അൽപം നേരത്തെ എത്താനും ഇതു വഴിവയ്ക്കുന്നു. ഭൗമകാലാവസ്ഥയെ നിയന്ത്രിക്കുന്നതിലും ഈ പ്രതിഭാസത്തിനു സ്വാധീനമുണ്ട്. ജനുവരിയിലും ജൂലൈയിലും ഒരേ സൂമിൽ സൂര്യ ബിംബത്തിന്റെ ചിത്രം പകർത്തിയാൽ വലിപ്പവ്യത്യാസം തിരിച്ചറിയാം.
ഇപ്പോൾ സോളർ സൈക്കിൾ 25 അതിന്റെ പാരമ്യത്തിലായതിനാൽ സൂര്യനിൽ ധാരാളം കറുത്തപൊട്ടുകൾ (Sunspot) കാണാം. സൂര്യ സാമീപ്യവുമായി ബന്ധമില്ലെങ്കിലും സൂര്യാസ്തമയത്തോടെ പടിഞ്ഞാറൻ സന്ധ്യാ മാനത്ത് ശുക്രനും (Venus) ചന്ദ്രനും ശനിയും (Saturn) മനോഹരമായി സംഗമിക്കുന്നതുകാണാം. ഈ ഗ്രഹചന്ദ്രസംഗമം ഭൂമിയിൽനിന്നുള്ള ഒരു കാഴ്ച മാത്രമാണ്. ഇരുട്ടിനു കട്ടി കൂടുന്നതോടെ കാഴ്ച കൂടുതൽ മനോഹരമാകുമെന്നു കോഴിക്കോട്ടെ അമച്വർ അസ്ട്രോണമർ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു. വലിപ്പം ഉണ്ടെന്നു വിചാരിച്ചു സൂര്യനെ ഒരു കാരണവശാലും നേരിട്ടു നോക്കരുത്.