ശിവരാത്രിയുമായി ബന്ധപ്പെട്ട് കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിൽ നടക്കുന്ന ശിവാലയ ഓട്ടം ചൊവ്വാഴ്ച വൈകീട്ട് തുടങ്ങും. മഹാശിവരാത്രി നാളെയാണ്. എല്ലാ ശിവക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകൾ ഉണ്ടായിരിക്കും. കന്യാകുമാരി മുഞ്ചിറ തിരുമല ശിവക്ഷേത്രത്തിൽ നിന്നാണ് ഓട്ടം ആരംഭിക്കുന്നത്.
തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിതാംകോട്, തിരുവിടയ്ക്കോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നിവയാണ് മറ്റു 11 ക്ഷേത്രങ്ങൾ. 25-ന് വൈകീട്ട് ആരംഭിക്കുന്ന ഓട്ടം 26 പിന്നിട്ട് 27-ന് രാവിലെ തിരുനട്ടാലം ക്ഷേത്രത്തിൽ സമാപിക്കും. ശിവരാത്രിയോട് അനുബന്ധിച്ചാണ് ഓട്ടം സംഘടിപ്പിക്കുന്നത്. ഒരു രാത്രിയും പകലുംകൊണ്ട് 12 ക്ഷേത്രങ്ങളിലും കാൽനടയായി ദർശനം നടത്തുന്നതാണ് ചടങ്ങ്.
പാരമ്പര്യ ഓട്ടക്കാർക്ക് പുറമെ വാഹനങ്ങളിൽ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ശിവാലയങ്ങളിൽ ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കന്യാകുമാരി ദേവസ്വം അധികൃതർ അറിയിച്ചു. ശ്രീകണ്ഠേശ്വരം, പാറശ്ശാല, ആറയൂർ, തലയൽ, ചെഴുങ്ങാനൂർ, നെയ്യാറ്റിൻകര രാമേശ്വരം, പൊഴിയൂർ, ചെങ്കൽ മഹേശ്വരം, കഠിനംകുളം, വലിയശാല കാന്തള്ളൂർ തുടങ്ങിയ ക്ഷേത്രങ്ങളിലും ശിവരാത്രി പ്രധാന ആഘോഷമായി നടക്കും. എല്ലാ ശിവക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകളും ഉണ്ടാകും. ബുധനാഴ്ചയാണ് മഹാശിവരാത്രി.

ശിവാലയ ഓട്ടം ഇങ്ങനെ:
- കുഴിത്തുറയിൽ നിന്ന് 8 കിലോമീറ്റർ സഞ്ചരിച്ചാൽ ആദ്യത്തെ ശിവക്ഷേത്രമായ തിരുമലയിലെത്താം.
- അവിടെ നിന്നും മാർത്താണ്ഡം വഴി 15 കിലോമീറ്റർ സഞ്ചരിച്ചാൽ രണ്ടാമത്തെ ശിവക്ഷേത്രമായ തിക്കുറുശ്ശി മഹാദേവ ക്ഷേത്രം.
- അവിടെ നിന്ന് അരുമന വഴി 12 കിലോമീറ്റർ സഞ്ചരിച്ചാൽ മൂന്നാമത്തെ ശിവക്ഷേത്രമായ തൃപ്പരപ്പ്.
- കുലശേഖരം വഴി 8 കിലോമീറ്റർ സഞ്ചരിച്ചാൽ നാലാമത്തെ ക്ഷേത്രമായ തിരുനന്തിക്കരയിൽ എത്താം. ശിവാലയ ഓട്ടം തുടങ്ങുന്ന ദിവസം രാത്രി ഇവിടെ ഉത്സവത്തിന് കൊടിയേറും.
- കുലശേഖരം വഴി 8 കിലോമീറ്റർ സഞ്ചരിച്ചാൽ അഞ്ചാമത്തെ ക്ഷേത്രമായ പൊൻമനയിൽ എത്താം.
- പൊൻമനയിൽ നിന്ന് 10 കിലോമീറ്റർ സഞ്ചരിച്ചാൽ ആറാമത്തെ ശിവക്ഷേത്രമായ പന്നിപ്പാകം ക്ഷേത്രത്തിലെത്താം.
- അവിടെ നിന്ന് 6 കിലോമീറ്റർ അകലെ പത്മനാഭപുരം കോട്ടയ്ക്കകത്താണ് ഏഴാമത്തെ ശിവക്ഷേത്രമായ കൽക്കുളം.
- കൽക്കുളത്ത് നിന്ന് മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ എട്ടാമത്തെ ശിവക്ഷേത്രമായ മേലാങ്കോട്.
- അവിടെ നിന്ന് 5 കിലോമീറ്റർ സഞ്ചരിച്ചാൽ ഒമ്പതാമത്തെ ശിവക്ഷേത്രമായ തിരുവിടയ്ക്കോട്.
- തിരുവിടയ്ക്കോട് നിന്ന് 9 കിലോമീറ്റർ ദൂരെയാണ് പത്താമത്തെ ശിവക്ഷേത്രമായ തിരുവിതാംകോട്.
- മഹാരാജാവ് ശ്രീമൂലം തിരുനാൾ പുനരുദ്ധാരണം ചെയ്ത ക്ഷേത്രമാണ് പതിനൊന്നാമത്തെ ക്ഷേത്രം ത്രിപ്പന്നിയോട്.