സന്ധ്യാ സമയത്ത് വിളക്ക് കൊളുത്തുക വർഷങ്ങളായി പല വീടുകളിലും തുടർന്നുപോരുന്ന ആചാരമാണ്. സൂര്യൻ അസ്‌തമിക്കുന്നതിന് മുമ്പ് വിളക്ക് കൊളുത്തണമെന്നാണ് വിശ്വാസം. രാത്രി ഇരുട്ടുമ്പോൾ വെളിച്ചത്തിന് വേണ്ടി മാത്രമായിരുന്നില്ല പണ്ടുള്ളവർ വിളക്ക് തെളിയിച്ചിരുന്നത്. ശരീരത്തിലെയും മനസിലെയും നെഗറ്റീവ് ഊർജം മാറ്റി പോസിറ്റീവ് ഊർജം നിറയ്‌ക്കാൻ വിളക്ക് തെളിയിക്കുന്നതിലൂടെ സാധിക്കും. നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്‌ണു ഭഗവാനെയും മുകൾ ഭാഗം ശിവനെയും കുറിക്കുന്നു എന്നാണ് വിശ്വാസം. നിലവിളക്കിന്റെ നാളം ലക്ഷ്‌മിദേവിയെയും പ്രകാശം സരസ്വതി ദേവിയെയും അതിലെ ചൂട് പാർവതി ദേവിയെയും സൂചിപ്പിക്കുന്നു.വിളക്ക് തെളിയിക്കുന്ന ദിക്കിനും വളരെയേറെ പ്രാധാന്യമുണ്ട്.
രാവിലെ കിഴക്ക് ദിക്കിന് അഭിമുഖമായി വിളക്ക് തെളിക്കണമെന്നാണ് വിശ്വാസം. ഇങ്ങനെ ചെയ്‌താൽ ദുഃഖങ്ങൾ ഇല്ലാതാകും എന്ന് കരുതപ്പെടുന്നു. വൈകിട്ട് പടിഞ്ഞാറ് ദിക്കാണ് ഉത്തമം. പടിഞ്ഞാറ് ദിക്ക് നോക്കി വിളക്ക് തെളിയിച്ചാൽ ആ വീട്ടിലെ കടബാദ്ധ്യതകളെല്ലാം തീരുമെന്നും വിശ്വാസമുണ്ട്. വടക്ക് ദിക്ക് നോക്കി വിളക്ക് കത്തിച്ചാൽ സാമ്പത്തിക വർദ്ധന ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. എന്നാൽ, തെക്ക് ദിശ നോക്കി ഒരിക്കലും വിളക്ക് കൊളുത്താൻ പാടുള്ളതല്ല.