ഗതാഗത നിയമലംഘനം തടയാൻ മോട്ടോർ വാഹന വകുപ്പ് (Department of Motor Vehicles) പൊലിസുമായി സഹകരിച്ച് ജനുവരി 15 വരെ കർശന പരിശോധന തുടരും. വാഹനങ്ങളിൽ വേഗപ്പൂട്ട്, ജി.പി.എസ്, അനധികൃതമായി സ്ഥാപിച്ച കളർ ലൈറ്റുകൾ, ഹൈബീം ലൈറ്റുകൾ, എയർ ഹോൺ, അമിത സൗണ്ട് ബോക്‌സുകൾ, അമിത ലോഡ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുക.
അനുവദനീയമല്ലാത്ത ലൈറ്റുകൾ ഫിറ്റ് ചെയ്തതും അമിത ശബ്ദമുണ്ടാക്കുന്ന എയർ ഹോണുകൾ ഘടിപ്പിച്ചതുമായ വാഹനങ്ങൾ കണ്ടെത്തിയാൽ ഫിറ്റ്‌നസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. എയർ ഹോൺ ഉപയോഗിച്ചാൽ 5,000 രൂപയാണ് പിഴ. വാഹനങ്ങളിൽ അനധികൃതമായി ലൈറ്റ് ഘടിപ്പിച്ചാലും 5,000 രൂപ വരെ പിഴ ചുമത്തും.
വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന വിവിധ വർണ ലൈറ്റുകൾ, എൽ.ഇ.ഡി ലൈറ്റുകൾ എന്നിവ അഴിച്ചുമാറ്റിയ ശേഷമേ സർവിസ് നടത്താൻ അനുവദിക്കുകയുള്ളൂ. സ്പീഡ് ഗവർണർ അഴിച്ചുവച്ചു സർവിസ് നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കും.