ശക്തൻ തമ്പുരാൻ കൊട്ടാരം അടച്ചിട്ടിട്ട് ഒന്നര വർഷം

Written by Taniniram1

Published on:

തൃശൂർ: ശക്തൻ തമ്പുരാൻ്റെ കോവിലകവും തൃശൂരിന്റെ ചരിത്ര സ്മാരകവുമായ ശക്തൻ തമ്പുരാൻ മ്യൂസിയം നവീകരണത്തിനായി അടച്ചിട്ടിട്ട് ഒന്നര വർഷം. 2022 ആഗസ്റ്റിലാണ് നവീകരണത്തിൻ്റെ പേരിൽ മ്യൂസിയം സന്ദർശകർക്ക് അനുമതി നിഷേധിച്ച് അടച്ചിട്ടത്. എന്നാൽ നാളിതുവരെയായിട്ടും നവീകരണം പൂർത്തിയായിട്ടില്ല. പുരാവസ്തു വകുപ്പിന്റെ നിർദ്ദേശപ്രകാരം പഴമ നഷ്ടപ്പെടാത്ത വിധം നവീകരണം നടത്താനായിരുന്നു തീരുമാനം. ഇതുപ്രകാരം ഒരു കമ്പനിയെ കരാർ ഏൽപ്പിച്ചെങ്കിലും നിർദ്ദേശിച്ച രീതിയിൽ പ്രവർത്തനം നടക്കാഞ്ഞതിനാൽ അവരെ മാറ്റി. ഇതോടെ നവീകരണം താളം തെറ്റി. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് കേരള മ്യൂസിയമാണ് ഇപ്പോൾ നവീകരണം നടത്തുന്നത്. മെഗാലിത്തിക്ക് യുഗ ഗാലറി, വാതിലും ജനലും ഉൾപ്പെടെയുള്ള തടികൊണ്ടുള്ള ഫർണിച്ചറുകൾ, പൂന്തോട്ടവും ഗേറ്റും, ഓഫീസ്, ഗാർഡ് റൂമുകൾ, കൊട്ടാരത്തിന്റെ കോമ്പൗണ്ട് ഭിത്തി എന്നിവയെല്ലാം നവീകരിക്കുന്നുണ്ട്. എന്നാൽ ഒന്നര വർഷമായിട്ടും അമ്പത് ശതമാനത്തിലേറെ പ്രവർത്തനം മാത്രമാണ് പൂർത്തിയായത്. ആദ്യഘട്ട പെയിന്റിംഗ്, വയറിംഗ് ഉൾപ്പെടെയുള്ളവ പൂർത്തിയാക്കി.

ഒന്നര വർഷത്തെ സീസൺ പൂർണമായി നഷ്ടപ്പെട്ടതോടെ ലക്ഷങ്ങളുടെ വരുമാന നഷ്ടമാണുണ്ടായത്. വരാൻ പോകുന്ന മദ്ധ്യവേനലവധിക്ക് പോലും തുറന്നുകൊടുക്കാൻ സാധിക്കുമോയെന്ന ആശങ്കയുണ്ട്. എല്ലാക്കാലത്തും വിദ്യാർത്ഥികളെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന പുരാവസ്തു ശേഖരമാണ് ഇവിടെ ഒരുക്കിയത്. നിർമ്മാണ പ്രവർത്തനം വേഗത്തിലാക്കാനാവശ്യമായ ശക്തമായ ഇടപെടൽ നടക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

See also  അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്‌ഫോക്ക് 2024ന്റെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

Leave a Comment