കെ. ആർ. അജിത
വേനൽ കടുത്തുകൊണ്ടിരിക്കെ തൃശ്ശൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ തണ്ണീർ പന്തൽ. നഗരത്തിൽ വരുന്നവർക്കും പോകുന്നവർക്കും ചൂടിന്റെ കാഠിന്യം കുറയ്ക്കുന്നതിന് സംഭാരവിതരണം നടത്തുകയാണ് കോർപ്പറേഷനിലെ ജീവനക്കാരായ ഹസീനയും ശോഭയും. ഇന്ന് രാവിലെ 9. 30 മുതൽ ആരംഭിച്ച സംഭാര വിതരണം വൈകീട്ട് നാലു വരെ തുടരും. വേനൽ കഴിയുന്നതുവരെ എന്നും സംഭാര വിതരണം നടക്കുമെന്ന് ഹസീന പറഞ്ഞു. ചൂടും വെയിലും കൊണ്ട് തളർന്നു വരുന്ന യാത്രക്കാർക്ക് തണുത്ത സംഭാരം വിശപ്പകറ്റുന്നതിനും ദാഹം തീർക്കുന്നതിനും ആശ്വാസമാവുകയാണ്.
തികച്ചും സൗജന്യമായി വേണ്ടുവോളം ദാഹം തീരുന്നത് വരെ വഴിയാത്രക്കാർക്ക് സംഭാരം കുടിക്കാം. ശുദ്ധമായ മോരിൽ കാന്താരിയും ഉപ്പും ചേർത്ത് അതിരുചികരമായാണ് കോർപ്പറേഷന്റെ നേതൃത്വത്തിൽ സംഭാര വിതരണം. രാവിലെ 9 30 മുതൽ നാലുമണിവരെയാണ് ഈ സംഭാര വിതരണം നടക്കുക. കോർപ്പറേഷനു മുന്നിൽ പ്രത്യേകം പന്തലു തീർത്ത് അതിലാണ് സംഭാര വിതരണം നടക്കുന്നത്. സ്ത്രീകളും കുട്ടികളും വിദ്യാർത്ഥികളും ഉൾപ്പെടെ ഒരുപാട് പേർ ദാഹം അകറ്റാൻ ഈ തണ്ണീർപന്തലിനെ ആശ്രയിക്കുന്നുണ്ട്. കോർപ്പറേഷന്റെ തനതു ഫണ്ടിൽ നിന്നാണ് ഇതിനായി തുക കണ്ടെത്തുന്നത്. വേനൽചൂടിൽ നഗരത്തിലെത്തുന്ന യാത്രക്കാർക്ക് ഒരുപാട് ആശ്വാസമായി മാറുകയാണ് കോർപ്പറേഷന്റെ തണ്ണീർ പന്തൽ.