തിരുവൈരാണിക്കുളം: നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ച് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ തിരക്കേറുന്നു. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദിനംപ്രതി ക്ഷേത്രദർശനം നടത്തിമടങ്ങുന്നത്. ഉമാമഹേശ്വരന്മാർ ഒരേ ശ്രീകോവിലിൽ വാണരുളുന്ന ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവരിൽ ഭൂരിഭാഗവും സ്ത്രീജനങ്ങളാണ്.
ഐശ്വര്യപൂർണ്ണമായ മംഗല്യം തേടി യുവതികളും ദീർഘമംഗല്യത്തിന് പ്രാർത്ഥിച്ച് സുമംഗലികളും എത്തുന്നു. പട്ടും താലിയും നടയ്ക്കൽ സമർപ്പണമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. നൂലിൽ കോർത്ത സ്വർണതാലി ചുവന്ന പട്ടിൽ വച്ചാണ് സമർപ്പണം. വിവാഹത്തിന് മുമ്പ് പട്ടും പുടവയും വിവാഹത്തിന് ശേഷം പട്ടും താലിയും ഇണപ്പുടവയും ശ്രീപാർവതി ദേവിയുടെ നടക്കൽ സമർപ്പിക്കുന്നു. ദീർഘ മംഗല്യത്തിനും കുടുംബ ഐശ്വര്യത്തിനുമായി താലിക്കൂട്ടം സമർപ്പണവും ഉണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വർണ താലിക്കൂട്ടം ആണ് നടയിൽ വയ്ക്കുന്നത്.
കൂടാതെ വാൽക്കണ്ണാടി, തൊട്ടിൽ, മഞ്ഞൾപ്പൊടി, എണ്ണ, നെയ് വിളക്കുകൾ ധാര,എന്നീ വഴിപാടുകളും പുഷ്പാഞ്ജലികളും നടതുറപ്പ് ഉത്സവ സമയത്ത് നടത്തിവരുന്നു. സർവ്വാഭരണങ്ങൾ അണിഞ്ഞ് കസവ് സാരിയുടുത്തും മുല്ലപ്പൂവും ചൂടിയാണ് കല്യാണരൂപിണിയായ ശ്രീപാർവതി ദേവി ദർശനം നൽകുന്നത്. ദർശനത്തിനുശേഷം പുറത്തിറങ്ങി മഹാദേവന്‍റെ നടയിൽ എള്ള് പറയും ശ്രീപാർവ്വതി ദേവിയുടെ നടയിൽ മഞ്ഞൾ പറയും നിറയ്ക്കുന്നു.
അരി, പൂവ് ,നെല്ല്, മലർ പറകളും ഭക്തജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. ദേവി പ്രസാദമായ അരവണ പായസം, അപ്പം അവിൽ നിവേദ്യം എന്നിവ കൗണ്ടറുകളിൽ ലഭ്യമാണ്. ശുദ്ധമായ നെയ്യും ശർക്കരയും ഉണക്കലരിയും ചേർത്താണ് അരവണപ്രസാദം നിർമ്മിക്കുന്നത്. പൂജകൾക്ക് ശേഷമാണ് പ്രസാദങ്ങൾ കൗണ്ടറുകളിലേക്ക് എത്തിക്കുന്നത്.
ആറ് പ്രസാദങ്ങൾ അടങ്ങിയ പ്രസാദ കിറ്റും ലഭ്യമാണ്. ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠയായ നാഗരാജാവിന്‍റെ നടയിൽ ആയില്യംദിനത്തിൽ വിശേഷാൽ ആയില്യംപൂജ നടന്നു. നാഗങ്ങൾക്ക് നൂറും പാലും നൽകി കരിക്കും മഞ്ഞൾപ്പൊടിയും അഭിഷേകവും നടത്തി. നടതുറപ്പ് സമയത്തുവരുന്ന ആയില്യം തൊഴൽ അതിശ്രേഷ്ഠമാണ്. നട തുറപ്പ് മഹോത്സവം 23 ന് സമാപിക്കും.