തൃശൂര്‍ : തൃശൂരിന്റെ എം.പിയാവാന്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി ഫിറ്റാണെന്ന് മേയര്‍ എം.കെ. വര്‍ഗീസ്. മുഖ്യമന്ത്രിയുടെ മനസിലിരുപ്പാണ് മേയറിലൂടെ പുറത്തു വന്നതെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍. വോട്ടഭ്യര്‍ഥനയുമായെത്തിയ സുരേഷ് ഗോപിയോടാണ് ഇടതുപക്ഷം ഭരിക്കുന്ന കോര്‍പ്പറേഷന്റെ മേയര്‍ തന്റെ പിന്തുണ വ്യക്തമാക്കിയത്. ജനപ്രതിനിധി എന്നാല്‍ ജനമനസില്‍ ഇറങ്ങിച്ചെല്ലണം. ജനങ്ങളുടെ ഇടയില്‍ നില്‍ക്കുന്നയാളാണ് സുരേഷ് ഗോപി. സുരേഷ് ഗോപി കോര്‍പ്പറേഷന് വേണ്ടി പ്രഖ്യാപിച്ച പണം തന്നു, മറ്റുള്ളവര്‍ വാഗ്ദാനം മാത്രം നല്‍കി. സുരേഷ് ഗോപി നേരിട്ട് പറഞ്ഞു. അദ്ദേഹം അത് ചെയ്തു. സ്വതന്ത്ര ചിന്തയോടെയാണ് താന്‍ വോട്ടു ചെയ്യുകയെന്നുമാണ് മേയര്‍ പറഞ്ഞത്. മേയറുടെ വാക്കുകള്‍ വിവാദമായതോടെ മേയര്‍ തന്റെ നിലപാട് തുരുത്തി. മൂന്നു സ്ഥാനാര്‍ഥികളും യോഗ്യരാണെന്നാണ് പിന്നീട് അദ്ദേഹം വിശദീകരിച്ചത്.
മേയറുടെ നിലപാടിനെക്കുറിച്ചുള്ള പ്രതികരണത്തിലാണ് കെ. മുരളീധരന്‍ മുഖ്യന്റെ ശബ്ദമാണ് മേയറിലൂടെ കേട്ടതെന്നു പറഞ്ഞത്. ഇതോടെ അന്തര്‍ധാരയുണ്ടെന്ന കാര്യം വ്യക്തമായി. സുനില്‍കുമാര്‍ ഇനി എന്തിന് വേണ്ടിയാണ് മത്സരിക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു. സുനില്‍കുമാര്‍ കൂടി ഉള്‍പ്പെട്ട മുന്നണിയുടെ മേയറാണ് പറയുന്നത് സുരേഷ് ഗോപിയിലൂടെയേ വികസനം ഉണ്ടാകൂവെന്ന്. കെ. മുരളീധരന്‍ മാത്രം തോല്‍ക്കണമെന്നല്ല മേയര്‍ പറഞ്ഞത്, സുനില്‍ കുമാറും തോല്‍ക്കണമെന്നാണ്. മുഖ്യമന്ത്രിയുടെ മനസിലിരുപ്പാണ് മേയര്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ ബി.ജെ.പി. തോല്‍ക്കണമെങ്കില്‍ യു.ഡി.എഫ്. ജയിക്കണം. ഇല്ലെങ്കില്‍ എല്‍.ഡി.എഫിന്റെ സര്‍വനാശമായിരിക്കും ഫലം. ഇടതുപക്ഷക്കാര്‍ തൃശൂരില്‍ യു.ഡി.എഫിന് വേണ്ടി രംഗത്തിറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സി.പി.എം.-ബി.ജെ.പി. ഡീല്‍ ഉറപ്പായെന്ന് എ.ഐ.സി.സി. അംഗം അനില്‍ അക്കര. മേയര്‍ ഇത് സ്ഥിരീകരിക്കുകയാണ്. അല്ലെങ്കില്‍ മേയറെ പുറത്താക്കാന്‍ സി.പി.എം. തയാറാകണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.