കൊടുങ്ങല്ലൂർ: വിദ്യാഭ്യാസ മന്ത്രാലയം യുവജനകാര്യ മന്ത്രാലയവുമായി സഹകരിച്ച് ഇന്ത്യയിലെ യുവാക്കൾക്കിടയിൽ തിരഞ്ഞെടുപ്പ് സാക്ഷരത പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന “മേരാ പഹ്‌ല വോട്ട് ദേശ് കേ ലിയേ” എന്ന ക്യാമ്പയിൻ പുല്ലൂറ്റ്, കെ.കെ.ടി.എം. ഗവ.കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചു. ജനാധിപത്യ പ്രക്രിയയിൽ ഫലപ്രദമായി പങ്കെടുക്കുന്നതിന് ആവശ്യമായ അറിവും ധാരണയും ഉപയോഗിച്ച് യുവ വോട്ടർമാരെ ശാക്തീകരിക്കുകയാണ് ഈ കാമ്പെയ്നിൻ്റെ ലക്ഷ്യം. കോളേജ് പ്രിൻസിപ്പാൾ ഡോ. ബിന്ദു ശർമിള ടി. കെ. അധ്യക്ഷയായ ചടങ്ങിൽ കൊടുങ്ങല്ലൂർ ഡെപ്യൂട്ടി തഹസിൽദാർ ബിന്ദു ജബ്ബാർ ആശംസിച്ചു.
വോട്ടിംഗിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അത് രാഷ്ട്രത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അവബോധം വളർത്തുക എന്ന ലക്ഷ്യമാണ് ഈ ക്യാമ്പെയ്ൻ നിറവേറ്റുന്നതെന്ന് പ്രിൻസിപ്പാൾ ഡോ.ബിന്ദു ശർമ്മിള പറഞ്ഞു. പ്രിൻസിപ്പാൾ കോളേജ് വിദ്യാർത്ഥികൾക്ക് electer’s pledge ചൊല്ലിക്കൊടുത്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസേഴ്സായ ബാലാജി എം എൻ., ഡോ. ധന്യ പി.ഡി. എന്നിവർ സംസാരിച്ചു. വോട്ടർ രജിസ്ട്രേഷൻ, പോളിംഗ് നടപടിക്രമങ്ങൾ, ഓരോ വോട്ടിൻ്റെയും പ്രാധാന്യം എന്നിവയുൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് യുവാക്കളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ രൂപകല്പന ചെയ്തിരിക്കുന്ന വോട്ടേഴ്സ് ഹെൽപ്പ് ലൈൻ ആപ്പ് വിദ്യാർത്ഥികൾ ഡൗൺലോഡ് ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബാലാജി എം.എൻ. അതിനുവേണ്ട നിർദ്ദേശങ്ങൾ നൽകി . ആദ്യമായി വോട്ട് ചെയ്യുന്നവരെ അവരുടെ ജനാധിപത്യ അവകാശം ഉത്തരവാദിത്തത്തോടെ വിനിയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അസംബ്ലി ലെവൽ മാസ്റ്റർ ട്രെയിനി ദിലീഫ് എം. വിദ്യാർത്ഥികൾക്ക് അവബോധ ക്ലാസുകൾ നല്കി. പരിപാടിയുടെ ഭാഗമായി സജ്ജീകരിച്ച ‘വോട്ട് സെൽഫി പോയിൻ്റി’ൻ്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ ഡോ. ബിന്ദു ശർമ്മിള നിർവഹിച്ചു.