കാർഷിക ബിരുദ പഠനത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി നൽകിവരുന്ന ഡോ. എൻ.പി. കുമാരി സുഷമ അനുസ്മരണ പുരസ്കാരം വെള്ളായണി കാർഷിക കോളേജിൽ വെച്ച് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് വിതരണം ചെയ്തു. വെള്ളായണി കാർഷിക കോളേജിൽ പ്രൊഫസറായിരിക്കെ അന്തരിച്ച ഡോ. എൻ.പി. കുമാരി സുഷമയുടെ സ്മരണക്കായി ഭർത്താവും റിട്ട. പ്രൊഫസറുമായ ഡോ.സി.ഭാസ്കരൻ ഏർപ്പെടുത്തിയ സമ്മാനത്തുകയായ 10000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയ അവാർഡ് 2012 മുതൽ വെള്ളായണി കാർഷിക കോളേജിൽ നിന്നും ഏറ്റവും ഉയർന്ന മാർക്കോടെ കാർഷിക ബിരുദം കരസ്ഥമാക്കുന്ന വിദ്യാർഥിക്ക് നൽകിവരുന്നു. ഈ വർഷം ഡോ. എൻ.പി. കുമാരി സുഷമ അനുസ്മരണ പുരസ്കാരത്തിനു പുറമെ, വിള പരിപാലനം, കീടശാസ്ത്രം എന്നീ വിഭാഗങ്ങളിലും ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥി എന്ന നിലയിൽ കുമാരി ദേവിക പി എസ് അഗ്രോണമി അവാർഡ്, പി.എ. രാജനാശാരി എൻഡോവ്മ്ന്റ് അവാർഡ് എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ഇതു കൂടാതെ, വെള്ളായണി കാർഷിക കോളേജിലെ വിജ്ഞാന വ്യാപന വിഭാഗത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടി കുമാരി ആതിര തോമസ്, കാർഷിക സർവകലാശാലയിൽ തന്നെ ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥിക്കായി ഏർപ്പെടുത്തിയിട്ടുള്ള കാർഷികോത്സവം സ്വർണ്ണ മെഡൽ തൃശ്ശൂർ, വെള്ളാണിക്കര കാർഷിക കോളേജിൽ നിന്നും പഠിച്ചിറങ്ങിയ കുമാരി കൃഷ്ണപ്രിയ എന്നിവർ ഏറ്റുവാങ്ങി.
ഭൂമിയിൽ ഏറ്റവും ദൈവികത നിറഞ്ഞ ക്ഷേത്രം കൃഷിയിടങ്ങളാണെന്നും അവിടെ എല്ലുമുറിയെ പണിത് അന്നം ഉല്പാദിപ്പിക്കുന്ന കർഷകരുടെ മനസ്സുകളിൽ സന്തോഷം നിറക്കുക എന്ന ദൈവിക ഉത്തരവാദിത്തം കാർഷിക വിദ്യാർഥികൾ ഏറ്റെടുക്കേണ്ടതുണ്ടെന്നും മന്ത്രി ഓർമ്മപ്പെടുത്തി. റീബിൽഡ് കേരളയുടെ ഭാഗമായി കാർഷിക മേഖലയിൽ കാലാവസ്ഥയെ പ്രതിരോധിക്കുന്നതിന് ആവശ്യമായ രീതിയിൽ ലോകബാങ്കിൻറെ സഹായത്തോടെ 2365 കോടിയുടെ പദ്ധതികൾ ഉടൻ തന്നെ നടപ്പിലാക്കാൻ പോവുകയാണെന്നും ഇത് കേരളത്തിലെ കാർഷിക മേഖലയിൽ വലിയ രീതിയിലുള്ള പുരോഗമനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സോമശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാർഷിക കോളേജ് ഡീൻ ഡോ.റോയ് സ്റ്റീഫൻ, കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗങ്ങളായ ഡോ. തോമസ് ജോർജ്, ശ്രീ ഷിബു എസ് എൽ, അക്കാദമിക് കൗൺസിൽ അംഗങ്ങളായ ഡോ. റഫീക്കർ എം, കുമാരി ആര്യ പി, പരേതയായ ഡോ. എൻ.പി. കുമാരി സുഷമ ടീച്ചറിന്റെ ഭർത്താവും റിട്ട. പ്രൊഫസറുമായ ഡോ.സി.ഭാസ്കരൻ, പിടിഎ പ്രസിഡണ്ട് ശ്രീ ബിനീഷ് കുമാർ എസ്, വിജ്ഞാന വ്യാപന വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. സംഗീത കെ. ജി. എന്നിവർ സംസാരിച്ചു.