തൃശൂർ (Thrissur) : ഗുരുവായൂർ അമ്പലത്തിന്റെ കിഴക്കേ നടയിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാരയെ കണ്ടെത്തി. കഴിഞ്ഞ ദിവസം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പാവറട്ടി സ്വദേശികളായ കുടുംബത്തിനാണ് മസാല ദോശയിൽ ചത്ത പഴുതാരയെ ലഭിച്ചത്. തുടർന്ന് ഹോട്ടൽ അധികൃതരെ വിവരമറിയിച്ചെങ്കിലും ഇവർ നടപടി സ്വീകരിക്കാൻ തയാറായില്ല.
തുടർന്ന് പരാതിക്കാർ സോഷ്യൽ മീഡിയയിൽ ഇതിൻ്റെ വീഡിയോ പ്രചരിപ്പിച്ചതോടെ ആരോഗ്യ വിഭാഗം ഹോട്ടൽ അടപ്പിച്ചിരുന്നു. ഹോട്ടലിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ നിർദ്ദേശം നൽകിയ ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടലിൽ നിന്നും പിഴ ഈടാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
മറ്റൊരു സംഭവത്തിൽ ഓഗസ്റ്റ് മാസത്തിൽ തിരുവല്ലയിൽ ഹോട്ടലിൽ നിന്നും സിഐ വാങ്ങിയ ബിരിയാണിയിൽ ചത്ത പഴുതാരയെ കണ്ടിരുന്നു. തിരുവല്ല കടപ്ര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കന്നിമറ ഹോട്ടലിൽ നിന്ന് തിരുവല്ല പുളിക്കീഴ് ജംഗ്ഷനിലെ സിഐ അജിത് കുമാർ വാങ്ങിയ ബിരിയാണിയിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്. പകുതിയോളം ബിരിയാണി കഴിച്ച ശേഷമാണ് സിഐ പഴുതാരയെ കണ്ടത്. പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിയിൽ ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് എത്തി പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചിരുന്നു.