കൊല്ലം (Kollam) : കനാലിൽ വീണ് കൊല്ലം കൊട്ടാരക്കരയിൽ ഏഴു വയസുകാരന് ദാരുണാന്ത്യം. (A seven-year-old boy fell into the canal and met a tragic end in Kottarakkara, Kollam.) സദാനന്ദപുരം നിരപ്പുവിള സ്വദേശി യാദവ് കൃഷ്ണനാണ് മരിച്ചത്. നായ ഓടിച്ചതിനെ തുടർന്ന് ഭയന്നോടിയ യാദവ് കാൽ വഴുതി കനാലിൽ വീഴുകയായിരുന്നു. അച്ഛന്റെ സഹോദരി പുത്രിയോടൊപ്പം മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു യാദവ്. സഹോദരിയെ സമീപത്തുള്ള വീട്ടിലേക്ക് കൊണ്ടാക്കുന്നതിന് മുത്തശ്ശി പുറത്തേക്കിറങ്ങിയപ്പോൾ കൂടെ പോകാൻ ശ്രമിക്കുന്നതിനിടയിലാണ് നായ ഓടിച്ചത്.
വീടിന് പുറത്തിറങ്ങിയ യാദവിനെ സമീപത്തുണ്ടായിരുന്ന നായ ഓടിക്കുകയായിരുന്നു. പേടിച്ചോടിയ കുട്ടി സമീപത്തെ കനാലിൽ കാൽ വഴുതി വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് കുട്ടിയെ രക്ഷിച്ച് കൊട്ടാരക്കര താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ രക്ഷിക്കുമ്പോൾ ജീവനുണ്ടായിരുനെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. കുട്ടിയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.