ട്രെയിനിനുള്ളില്‍ ചാണക വറളി കത്തിച്ച് തീകാഞ്ഞ രണ്ടു യുവാക്കള്‍ അറസ്റ്റില്‍

Written by Web Desk1

Published on:

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അതിശൈത്യത്തെ നേരിടാന്‍ ട്രെയിനിനുള്ളില്‍ ചാണക വറളി കത്തിച്ച രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച അസമില്‍ നിന്ന് പുറപ്പെട്ട സമ്പര്‍ക്ക് ക്രാന്തി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം. അലിഗഡില്‍ വച്ച് 25 വയസില്‍ താഴെ പ്രായമുള്ള രണ്ടു യുവാക്കളെയാണ് റെയില്‍വേ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. ട്രെയിനിലെ ആയിരക്കണക്കിന് യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ചു എന്ന വകുപ്പ് ചുമത്തിയായിരുന്നു അറസ്റ്റ്.

പ്രദേശത്ത് താപനില പത്തായി താഴ്ന്നിരിക്കുകയാണ്. അതിശൈത്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ജനറല്‍ കോച്ചില്‍ യാത്ര ചെയ്ത ചന്ദന്‍ കുമാറും ദേവേന്ദ്ര സിങ്ങുമാണ് ചാണക വറളി കത്തിച്ച് തീ കാഞ്ഞത്. ഐപിസി, റെയില്‍വേ ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചായിരുന്നു യുവാക്കള്‍ക്കെതിരെ നടപടി. ഇവരുടെ കൂടെ തീകാഞ്ഞ മറ്റു 14 യാത്രക്കാരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അതിശൈത്യം സഹിക്കാന്‍ കഴിഞ്ഞില്ലെന്നും തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് തീ കാഞ്ഞതെന്നും യുവാക്കള്‍ പറഞ്ഞതായി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറയുന്നു.

പുക ഉയരുന്നത് കണ്ടാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ എത്തിയത്. ഒരു കൂട്ടം യാത്രക്കാര്‍ ചുറ്റിലും ഇരുന്ന് തീകായുന്നതാണ് കണ്ടത്. യാത്രക്കാരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ചന്ദനെയും ദേവേന്ദ്രയെയും അറസ്റ്റ് ചെയ്തത്. തൊട്ടടുത്തുള്ള സ്‌റ്റേഷനായ അലിഗഡില്‍ ട്രെയിന്‍ നിര്‍ത്തിയാണ് യുവാക്കളെ പിടികൂടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി ആര്‍പിഎഫ് അറിയിച്ചു.

Related News

Related News

Leave a Comment