പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ പണം ചെലവാക്കുന്നതിൽ അഗ്രഗണ്യരാണ് എന്നതിൽ തർക്കമില്ല. എല്ലാം ആസൂത്രണം ചെയ്ത് കാര്യങ്ങൾ നടപ്പിലാക്കാൻ സ്ത്രീകളെ പഠിപ്പിക്കേണ്ട ആവശ്യമേ വരുന്നില്ല.
എങ്ങനെയാണ് ഇന്ത്യൻ സ്ത്രീകൾ പണം കൈകാര്യം ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ ഡിബിഎസ് ബാങ്ക് ഇന്ത്യ, ക്രിസിലിന്റെ പങ്കാളിത്തത്തോടെ, ‘സ്ത്രീകളും സാമ്പത്തികവും’ എന്ന തലക്കെട്ടിൽ ഒരു സമഗ്ര പഠനം നടത്തിയിരുന്നു. പ്രായം, വരുമാനം, വൈവാഹിക നില, ആശ്രിതരുടെ സാന്നിധ്യം, വീടിന്റെ സ്ഥാനം എന്നിവ സ്ത്രീകളുടെ സാമ്പത്തിക സ്വഭാവത്തെ പ്രധാന സ്വാധീനിക്കുന്ന ഘടകങ്ങളായി സർവേ കണ്ടെത്തലുകൾ ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തെ മെട്രോ നഗരങ്ങളിലെ സ്വന്തമായി വരുമാനമുള്ള 47% സ്ത്രീകളും സ്വതന്ത്രമായാണ് സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നത് സർവേ റിപ്പോർട്ട് . 98% പേരും കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നു. വനിതകളുടെ വർദ്ധിച്ചുവരുന്ന സാമ്പത്തിക സ്വാതന്ത്ര്യത്തെ എടുത്തുകാണിക്കുന്നതാണ് ഇത്. സ്ത്രീകൾ, പ്രത്യേകിച്ച് 45 വയസ്സിനു മുകളിലുള്ളവർ, കുട്ടികളുടെ വിദ്യാഭ്യാസം, റിട്ടയർമെന്റ് ആസൂത്രണം തുടങ്ങിയ ലക്ഷ്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് തീരുമാനമെടുക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.ഡിബിഎസ് ബാങ്ക് ഇന്ത്യ, ക്രിസിലിന്റെ പങ്കാളിത്തത്തോടെയാണ് സർവേ നടത്തിയത്.
അതേ സമയം സ്ത്രീകൾ റിസ്കുള്ള നിക്ഷേപങ്ങളിൽ താൽപര്യം കാണിക്കുന്നത് കുറവാണ്. എഫ്‌ഡികളും (51%) സേവിംഗ്‌സ് അക്കൗണ്ടുകളും പോലുള്ള കുറഞ്ഞ റിസ്കുള്ള നിക്ഷേപ മാർഗങ്ങളിലാണ് സ്ത്രീകൾക്ക് താൽപര്യമുള്ളൂ . യുപിഐ പോലുള്ള ഡിജിറ്റൽ പേയ്‌മെന്റ് രീതികളോട് സ്ത്രീകൾ വർദ്ധിച്ചുവരുന്ന ആഭിമുഖ്യം കാണിക്കുന്നുണ്ട്. 25-35 വയസ്സിനിടയിലുള്ള സ്ത്രീകൾ വീട് വാങ്ങുക/നവീകരിക്കുക എന്നതിനാണ് മുൻഗണന കൊടുക്കുന്നത്. അതേസമയം 35-45 വയസ് പ്രായമുള്ളവർ കുട്ടികളുടെ വിദ്യാഭ്യാസത്തിനും 45 വയസ്സിന് മുകളിലുള്ളവർ മെഡിക്കൽ ആവശ്യങ്ങൾക്കുമാണ് പ്രാധാന്യം കൊടുക്കുന്നത്. 25-35 പ്രായപരിധിയിലുള്ളവരിൽ 33% പേർ ഓൺലൈൻ ഷോപ്പിംഗിനായി യുപിഐ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നു, അതേസമയം 45 വയസ്സിന് മുകളിലുള്ള 22% പേർ മാത്രമാണ് യുപിഐ ഉപയോഗിക്കുന്നത്.