ന്യൂഡൽഹി (Newdelhi) : ഒഡിഷ പോലീസ് ഇന്ത്യയിൽ താമസമാക്കിയ പാകിസ്ഥാൻ പൗരയായ ശാരദാ ബായിയോട് ഉടൻ ഇന്ത്യ വിടാൻ ആവശ്യപ്പെട്ടു. (Odisha Police has asked Sharada Bai, a Pakistani national residing in India, to leave India immediately.) 35 വർഷത്തിലേറെയായി ഇന്ത്യയിൽ താമസിക്കുന്ന ശാരദാ ബായിയുടെ വിസ റദ്ദാക്കിയതായും കാലതാമസം കൂടാതെ പാകിസ്ഥാനിലേക്ക് മടങ്ങാൻ നിർദ്ദേശം നൽകിയതായും അധികൃതർ സ്ഥിരീകരിച്ചു. രാജ്യം വിടാൻ തയാറാകാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരെ സ്വീകരിച്ച നയതന്ത്ര നടപടികളുടെ ഭാഗമായാണ് ഒഡിഷ പോലീസിൻ്റെ ഈ നീക്കം.
ബോലാംഗീറിലെ ഒരു ഹിന്ദു കുടുംബത്തിലേക്ക് വിവാഹം കഴിഞ്ഞെത്തിയ ശാരദാ ബായിക്ക് രേഖകളെല്ലാം ഉണ്ടായിരുന്നിട്ടും ഇന്ത്യൻ പൗരത്വം ലഭിച്ചിട്ടില്ല. ഇവരുടെ മകനും മകളും ഇന്ത്യൻ പൗരരാണ്. ഇന്ത്യയിൽ തുടർന്നും താമസിക്കാൻ അനുവദിക്കണമെന്നും തന്നെ കുടുംബത്തിൽ നിന്ന് വേർപിരിക്കരുതെന്നും അവർ സർക്കാരിനോട് അഭ്യർത്ഥിച്ചു.
കോരാപുട്ടിലായിരുന്നു ആദ്യം. പിന്നീട് ബോലാംഗീറിലേക്ക് വന്നു. പാകിസ്താനിൽ തനിക്ക് ആരുമില്ല. പാസ്‌പോർട്ട് പോലും വളരെ പഴയതാണ്. മക്കളും പേരക്കുട്ടികളും ഇവിടാണ്. ദയവായി തന്നെ ഇവിടെ ജീവിക്കാൻ അനുവദിക്കൂ. സർക്കാരിനോട് കൈകൂപ്പി അപേക്ഷിക്കുകയാണ്. ശാരദാ ബായിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിൻ്റെ തീരുമാനമെന്നാണ് വിവരം.