Sunday, October 19, 2025

രാജ്യത്ത് ആദ്യമായി ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നു…

Must read

ഉത്തരാഖണ്ഡ് രാജ്യത്ത് ആദ്യമായി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ പോകുന്ന സംസ്ഥാനമായി മാറുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30ന് നടക്കുന്ന റോളൗട്ട് പരിപാടിയില്‍ യുസിസിയുടെ പോര്‍ട്ടല്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉദ്ഘാടനം ചെയ്യും. നേരത്തെ ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരുന്നു.

ഏകീകൃത സിവില്‍ കോഡിന്റെ ഭാഗമായി വിവാഹം ഉള്‍പ്പടെ രജിസ്റ്റര്‍ ചെയ്യാനുള്ള യുസിസി പോര്‍ട്ടല്‍ ഇന്ന് ഉച്ചക്ക് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉദ്ഘാടനം ചെയ്യും. ഇതോടെ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകുകയാണ് ഉത്തരാഖണ്ഡ്. കഴിഞ്ഞ വര്‍ഷമാണ് ഉത്തരാഖണ്ഡ് നിയമസഭ യുസിസി ബില്‍ പാസാക്കിയത്.

തൊട്ടുപിന്നാലെ രാഷ്ട്രപതി ബില്ലിന് അനുമതി നല്‍കി. കഴിഞ്ഞ ബുധനാഴ്ച സര്‍ക്കാര്‍ ഇത് സംബന്ധിച്ച വിജ്ഞാപനവും പുറത്തിറക്കി. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവര്‍ ഉള്‍പ്പെടെ ഉത്തരാഖണ്ഡിലെ എല്ലാ ജനങ്ങള്‍ക്കും ഏകീകൃത സിവില്‍ കോഡ് ബാധകമാകുമെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി ശൈലേഷ് ബഗോളി അറിയിച്ചു.

വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം മുതലായവയില്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഒറ്റ നിയമമാകും ഇന്ന് മുതല്‍ ബാധകമാക്കുക. ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യുസിസി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യമായ സ്വത്തവകാശം, ലിവിംഗ് ടുഗെദര്‍ ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ് തുടങ്ങിയവയാണ് നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍.

ഉത്തരാഖണ്ഡില്‍ സിവില്‍ കോഡ് നിലവില്‍ വരുന്നതോടെ ബിജെപി ഭരണത്തിലുള്ള മറ്റ് സംസ്ഥാനങ്ങളിലും ഒപ്പം രാജ്യത്തും സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ വേഗത കൂട്ടാനുള്ള നീക്കമാണ് നടക്കുന്നത്. അതേസമയം സിവില്‍ കോഡിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നു. യുസിസി നടപ്പാക്കുക അസാധ്യമാണെന്നും, മതാടിസ്ഥാനത്തില്‍ ആളുകളെ വിഭജിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article