ബംഗളുരു (Bangaluru) : അടുത്ത കാലങ്ങളിൽ ഏറ്റവും കൂടുതൽ ഉണ്ടായ സംഭവമാണ് ആത്മഹത്യ . ഫാനിൽ തൂങ്ങിയാണ് പല വിദ്യാർത്ഥികളും ആത്മഹത്യ ചെയ്യുന്നത്. (Suicide is the most common incident in recent times. Many students commit suicide by hanging themselves from fans.) വിദ്യാർഥികളുടെ ആത്മഹത്യ കൂടിയതോടെ കോളജ് ഹോസ്റ്റലുകളിലെ സീലിങ് ഫാനുകളിൽ സ്പ്രിങ് ഘടിപ്പിക്കാനുള്ള നടപടിയുമായി സർവകലാശാല. തങ്ങളുടെ അധികാരപരിധിയിലുള്ള കോളേജ് ഹോസ്റ്റലുകൾക്കു നിർദേശം നൽകുമെന്നു കരിക്കുലം ഡവലപ്മെന്റ് സെൽ മേധാവി ഡോ.സഞ്ജീവ് പറഞ്ഞു.
ഫാനുകളിൽ കുരുക്കിട്ടു താഴേക്കു ചാടിയാൽ സ്പ്രിങ് വലിയുകയും കുരുക്കു മുറുകാതിരിക്കുകയും ചെയ്യുമെന്നതാണു സവിശേഷത. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മണ്ഡ്യ മെഡിക്കൽ കോളജിലെ ഹോസ്റ്റൽ മുറിയിൽ രണ്ട് വിദ്യാർഥികളാണ് ഫാനിൽ തൂങ്ങി ജീവനൊടുക്കിയത്. സർവകലാശാലയ്ക്കു കീഴിലെ മെഡിക്കൽ കോളജുകൾ, നഴ്സിങ്, ഫാർമസി കോളജുകൾ എന്നിവിടങ്ങളിൽ കഴിഞ്ഞ 5 വർഷത്തിനിടെ വിദ്യാർഥികളുടെ ആത്മഹത്യ വർധിച്ചതായി കണ്ടെത്തിയിരുന്നു.
നേരത്തെ രാജസ്ഥാനിലെ കോട്ടയിൽ വിവിധ പ്രവേശന പരീക്ഷകൾക്ക് പരിശീലനം നേടുന്ന വിദ്യാർഥികളുടെ ആത്മഹത്യ വ്യാപകമായതോടെ കോച്ചിങ് സെന്ററുകളുടെ ഹോസ്റ്റലുകളിൽ ജില്ലാ കലക്ടറുടെ നിർദേശപ്രകാരം സമാനമായ രീതിയിൽ ഫാനുകളിൽ സ്പ്രിങ് ഘടിപ്പിച്ചിരുന്നു.
രണ്ട് വർഷം മുമ്പ് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) ഹോസ്റ്റലിൽ വിദ്യാർഥി ആത്മഹത്യ കൂടിയതോടെ സീലിങ് ഫാനുകൾ ഒഴിവാക്കി പകരം ചുമരിൽ ഘടിപ്പിക്കുന്ന വാൾ ഫാനുകൾ സ്ഥാപിച്ചിരുന്നു.