ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 11 ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ജനപ്രിയ ബജറ്റാകും അവതരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രിയും ചരിത്രപരമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതിയും പറഞ്ഞിരുന്നു.
ബജറ്റിനു മുന്നോടിയായി സാമ്പത്തിക സര്‍വേ ധനമന്ത്രി തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ (സിഇഎ) മാര്‍ഗനിര്‍ദേശപ്രകാരമാണ് സാമ്പത്തിക സര്‍വേ തയാറാക്കിയത്.
സമ്പദ്വ്യവസ്ഥയുടെ അവസ്ഥ, വിലയും പണപ്പെരുപ്പവും, ഒരു പുതിയ ഇന്ത്യക്കായുള്ള വികസന കാഴ്ചപ്പാട് തുടങ്ങിയവ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.
തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കുന്നതില്‍ നിര്‍മല സീതാരാമന്റെ ഏഴാം ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
എയിംസും 24,000 കോടിയുടെ സാമ്പത്തിക പാക്കേജുമടക്കം മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ വലിയ പ്രതീക്ഷയോടെ കേരളം. നിലവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാന്‍ ഉതകുന്ന രണ്ടു വര്‍ഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. വിഴിഞ്ഞം തുറമുഖം അനുബന്ധ വികസനത്തിന് 5000 കോടി അടക്കം വലിയ സാമ്പത്തിക ശിപാര്‍ശയാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനക്കായി നല്‍കിയിട്ടുള്ളത്