ജക്കാർത്ത (Jakkartha) : ഇന്തോനേഷ്യ (Indonesia) യിൽ സുനാമി (Tsunami) ആശങ്ക. അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും വിമാനത്താവളം (Airport) അടയ്ക്കുകയും ചെയ്തു. ഇന്തോനേഷ്യ (Indonesia) യുടെ വടക്ക് ഭാഗത്ത് റുവാങ് അഗ്നിപർവത (Ruang Volcano) മാണ് പൊട്ടിത്തെറിച്ചത്. പതിനൊന്നായിരം പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്. റുവാങ് പർവത (Ruang Mountain) ത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനാഡോ നഗരത്തിലെ സാം റതുലാംഗി വിമാനത്താവളം അടച്ചു. 24 മണിക്കൂർ ആണ് വിമാനത്താവളം അടച്ചിടുകയെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
മൂന്ന് ദിവസത്തിനിടെ അഞ്ച് തവണയാണ് അഗ്നിപർവ്വത സ്ഫോടനമുണ്ടായത്. ചൊവ്വാഴ്ച രാത്രി 9.45ഓടെയാണ് ആദ്യ പൊട്ടിത്തെറിയുണ്ടായത്. ഇതോടെ പ്രദേശത്താകെ പുകയും ചാരവും വ്യാപിച്ചു. വിമാനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിൽ ചാരം വ്യാപിച്ചതിനാലാണ് വിമാനത്താവളം അടച്ചിടുന്നതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ചൈന, സിംഗപ്പൂർ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഈ വിമാനത്താവളത്തിൽ നിന്ന് സർവീസുണ്ട്. അയൽരാജ്യമായ മലേഷ്യയിലെ കോട്ട കിനാബാലു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വിമാന യാത്രയും തടസ്സപ്പെട്ടു.
റുവാങിൽ നിന്ന് ആദ്യ ഘട്ടത്തിൽ ടാഗുലാൻഡാങ് ദ്വീപിലേക്ക് 800ലധികം ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്. മനാഡോയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് ഈ ദ്വീപ്. വീണ്ടും സ്ഫോടനമുണ്ടായതോടെ കൂടുതൽ ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. റിസ്ക് മേഖലയിലെ 11,615 പേരെ ഒഴിപ്പിക്കാൻ തീരുമാനിച്ചെന്ന് ദുരന്ത നിവാരണ ഏജൻസി മേധാവി അബ്ദുൾ മുഹരി അറിയിച്ചു.
അഗ്നിപർവ്വതത്തിന്‍റെ ഒരു ഭാഗം കടലിൽ തകർന്ന് വീണ് 1871ൽ സംഭവിച്ചതു പോലെ സുനാമിയുണ്ടാകുമോ എന്ന ആശങ്കയും ഉദ്യോഗസ്ഥർക്കുണ്ട്.
പർവതത്തിലൂടെയുള്ള ചുവന്ന ലാവ പ്രവാഹത്തിന്‍റെ ദൃശ്യം പുറത്തുവന്നു. അടുത്ത കാലത്തുണ്ടായ രണ്ട് ഭൂകമ്പങ്ങൾക്ക് പിന്നാലെയാണ് റുവാങ് അഗ്നിപർവത സ്ഫോടനമുണ്ടായത്. 2018 ൽ ഇന്തോനേഷ്യയിലെ അനക് ക്രാക്കറ്റോവ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന്, പർവതത്തിന്‍റെ ചില ഭാഗങ്ങൾ സമുദ്രത്തിലേക്ക് വീണു. പിന്നാലെ സുമാത്രയുടെയും ജാവയുടെയും തീരങ്ങളിൽ സുനാമി ഉണ്ടായതോടെ നൂറുകണക്കിന് ആളുകളാണ് മരിച്ചത്.