മോഷണക്കേസിൽ അറസ്റ്റിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാന്‍ കുഞ്ഞിനെ വിറ്റ അമ്മയും കൂട്ടാളികളും അറസ്റ്റിലായി. മുംബൈയിലാണ് സംഭവം. ഭർത്താവിനെ ജാമ്യത്തിലിറക്കാനുള്ള തുക കണ്ടെത്താനാണ് 45 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ നാല് ലക്ഷം രൂപയ്ക്ക് വിറ്റത്. കുഞ്ഞിനെ വിറ്റ മുംബൈ ദാദർ സ്വദേശിയായ അമ്മ മനീഷ യാദവി(32)നെയും കൂട്ടാളികളെയും മാട്ടുംഗ പൊലീസ അറസ്റ്റ് ചെയ്തു.
മരുമകൾ കുഞ്ഞിനെ ബെംഗളൂരുവിലുള്ള സംഘത്തിന് വിറ്റതായി ഭർതൃമാതാവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം കുടുങ്ങിയത്. 45 ദിസവം പ്രായമുള്ള കുട്ടിയെ 4 ലക്ഷം രൂപയ്ക്കാണ് വിറ്റത്. ഇതിൽ ഒന്നര ലക്ഷം രൂപ അമ്മയ്ക്കും ബാക്കി ഇടനിലക്കാർക്കുമാണ് ലഭിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
കുഞ്ഞിനെറെ അമ്മയായ മനീഷ യാദവിനെ കൂടാതെ സുലോചന കാംബ്ലെ, മീരാ യാദവ്, യോഗേഷ് ബോയർ, റോഷ്‌നി ഘോഷ്, മദീന ചവാൻ, സന്ധ്യ രജ്പുത് എന്നിവരാണ് അറസ്റ്റിലായത്. ഐപിസി സെക്ഷൻ 143 പ്രകാരവും ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരവുമാണ് കേസെടുത്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആർ രാഗസുധ വ്യക്തമാക്കി.
കർണാടകയിലെ കാർവാറിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. അറസ്റ്റിലായവരിൽ നഴ്സും വിവാഹ ബ്രോക്കർമാരുണ്ടെന്നും മനുഷ്യക്കടത്ത് നടക്കുന്നതായി സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.