നമ്മുടെ സമയത്തിന്റെ വലിയൊരു പങ്കും നമ്മള്‍ ചെലവഴിക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങി സോഷ്യല്‍ മീഡിയ ആപ്പുകളുടെ ഒരു നീണ്ട നിര തന്നെ ഇപ്പോള്‍ ഫോണില്‍ ലഭ്യമാണ്. അപ്പോള്‍ ഈ കാലത്ത് നമ്മളെ ഒരാള്‍ `റീല്‍സ്’ ചെയ്യാന്‍ അനുവദിക്കാതിരുന്നാല്‍ എന്ത് ചെയ്യും?
ബീഹാറിലെ ജാമുയി ജില്ലയിലാണ് സംഭവം. റീല്‍സ് ചെയ്യാനുള്ള യുവതിയുടെ താല്‍പര്യത്തെ ഭര്‍ത്താവ് എതിര്‍ത്തു. പക്ഷെ തീര്‍ത്തും അപ്രതീക്ഷിതമായ ഒരു നടപടിയാണ് ഇതിനു പകരമായി ഭാര്യയുടെ പക്കല്‍ നിന്നും ഉണ്ടായിരിക്കുന്നത്. കേസ് ഇപ്പോൾ വൈറലായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വീഡിയോ എടുക്കുന്നതിൽ നിന്ന് ഭർത്താവ് വിലക്കിയതിനെ തുടർന്ന് ഭാര്യയും മകളും വീട്ടിൽ നിന്ന് ഇറങ്ങി പോയി.
ജിതേന്ദ്ര എന്ന ആളുടെ ഭാര്യയാണ് ഇറങ്ങി പോയത്. പ്രണയ വിവാഹമായിരുന്നു. 2017ല്‍ ജമുയിയിൽ കോച്ചിംഗിന് പോയപ്പോഴാണ് അവിടെ തമന്ന പർവീൺ എന്ന പെൺകുട്ടിയുമായി പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തത്. വിവാഹശേഷം തമന്ന തൻ്റെ പേര് സീമ എന്നാക്കി മാറ്റി ഭർത്താവിന്‍റെ വീട്ടിൽ താമസിച്ചു. സന്തോഷകരമായി ജീവിതം മുന്നോട്ടു പോകുന്നതിനിടെ പെട്ടെന്ന് ജോലി സംബന്ധമായി ബെംഗളൂരുവിലേക്ക് പോകേണ്ടി വരുകയും ഒരു ത്രെഡ് ഫാക്ടറിയിൽ ജോലി ചെയ്യാൻ തുടങ്ങുകയും ചെയ്തു.
ഭര്‍ത്താവ് ബെംഗളൂരുവിലേക്ക് പോയതോടെ ഒറ്റയ്കായ തമന്ന സോഷ്യൽ മീഡിയയ്ക്ക് അടിമയായി. റീല്‍സ് ചെയ്യുന്നതിനായി അവൾ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും അക്കൗണ്ട് സൃഷ്ടിച്ചു. ക്രമേണ, തമന്നയുടെ ഫാൻസ് ഫോളോവേഴ്‌സ് വർദ്ധിച്ചു തുടങ്ങി, അധികം താമസമില്ലാതെ തന്നെ ഇൻസ്റ്റാഗ്രാമിൽ പതിനായിരത്തിലധികം ഫോളോവേഴ്‌സും ഫേസ്ബുക്കിൽ ആറായിരത്തിലധികം ഫോളോവേഴ്‌സും അവർ നേടി. തുടര്‍ന്ന് ജിതേന്ദ്ര ഭാര്യയെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. വിലക്കിയപ്പോഴെല്ലാം ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. റിപ്പോർട്ടുകൾ പ്രകാരം, മെയ് 20 തിങ്കളാഴ്ചയാണ് അവസാന തർക്കം ഉണ്ടായത്.
തുടർന്ന് ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ സീമ പിന്നീട് തിരിച്ചെത്തിയില്ല. ഇതുവരെ രേഖാമൂലമുള്ള പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഗാർഹി പോലീസ് സ്റ്റേഷൻ ഇൻചാർജ് അനിരുദ്ധ് ശാസ്ത്രി പറഞ്ഞു. രേഖാമൂലം അപേക്ഷ നൽകിയ ശേഷം പൊലീസ് നടപടിയെടുക്കും. അറിയപ്പെടുന്ന എല്ലാ സ്രോതസ്സുകളിൽ നിന്നും ജിതേന്ദ്ര സഹായം തേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ പേരിൽ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തന്നെ ഉപേക്ഷിച്ചുപോയ ഭാര്യയെ തിരയുകയാണ് ജിതേന്ദ്ര.