പാറ്റ്ന (Patna) : ബിഹാറിലെ നവാദയിലാണ് സംഭവം. സന്തോഷ് ലോഹാർ എന്ന യുവാവാണ് കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് രക്ഷപ്പെടുത്തത്. ഝാർഖണ്ഡ് സ്വദേശിയും 35-കാരനുമായ സന്തോഷ് വൈകിട്ട് ജോലി കഴിഞ്ഞെത്തി വിശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് പാമ്പ് കൊത്തിയത്.
എന്നാൽ പരിഭ്രമിച്ചിരിക്കാതെ ഉടൻ തന്നെ ഒരു ഇരുമ്പുവടി കൈകളിലെടുത്ത സന്തോഷ് പാമ്പിനെ തല്ലിയശേഷം കൈകളിലെടുത്ത് കടിച്ചു, അതും മൂന്ന് തവണ. കടിച്ച പാമ്പിനെ തിരിച്ച് കടിച്ചാൽ ദേഹത്ത് കയറിയ വിഷം നിർവീര്യമാകുമെന്ന ധാരണയിലായിരുന്നു യുവാവിന്റെ കടുംകൈ. സന്തോഷിന്റെ കടിയേറ്റ പാമ്പ് തൽക്ഷണം ചത്തു.
സംഭവത്തിന് പിന്നാലെ സഹപ്രവർത്തകൻ സന്തോഷിനെ കാണുകയും ഉടൻ തന്നെ യുവാവിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഒരു ദിവസത്തെ ചികിത്സയ്‌ക്ക് ശേഷം സന്തോഷ് ആശുപത്രി വിട്ടുവെന്നാണ് വിവരം.
വിഷമില്ലാത്ത പാമ്പാകാം സന്തോഷ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. അല്ലാത്തപക്ഷം യുവാവിന്റെ ജീവന് ഭീഷണിയാകുമായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.