ലഖ്നൗ (Lucknow) : ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ ഭാര്യയെ കാമുകനുമായി വിവാഹം കഴിപ്പിച്ച് യുവാവ്. (A young man married his wife to his lover in Gorakhpur, Uttar Pradesh.) സന്ത് കബീർ നഗറിലെ കട്ടർ ജോട്ട് ഗ്രാമത്തിൽ നിന്നുള്ള ബബ്ലു 2017 ലാണ് രാധികയെ വിവാഹം കഴിച്ചത്. ബന്ധത്തിൽ ഇവർക്ക് രണ്ട് കുട്ടികളുണ്ട്. മറ്റൊരു സംസ്ഥാനത്ത് കൂലിപ്പണിക്കാരനായി ജോലി ചെയ്യുന്ന ബബ്ലു, തന്റെ ഗ്രാമത്തിൽ നിന്നുള്ള വികാസുമായി ഒന്നര വർഷത്തോളമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. അവളോട് പറയാതെ ഗ്രാമത്തിലേക്ക് മടങ്ങുകയും ഭാര്യയും കാമുകനും തമ്മിലെ ബന്ധം സ്ഥിരീകരിക്കുകയും ചെയ്തു.തുടർന്ന് വിവരം ഗ്രാമത്തിലെയും കുടുംബത്തിലെയും മുതിർന്നവരെ അറിയിച്ചു.
ഈ ബന്ധവുമായി ബന്ധപ്പെട്ട് ഇയാൾ ഭാര്യയുമായി കലഹിക്കുകയോ തർക്കമുണ്ടാക്കുകയോ ചെയ്തില്ല. ഭാര്യയുടെയും കാമുകന്റെയും വിവാഹത്തിന് സമ്മതമാണെന്ന് അറിയിക്കുകയും വിവാഹം നടത്തിക്കൊടുക്കാൻ മുൻകൈയെടുക്കുകയും ചെയ്തു. ഗ്രാമത്തിലെ ശിവക്ഷേത്രത്തിൽ ഹിന്ദു ആചാരപ്രകാരം രാധിക കാമുകനായ വികാസിനെ വിവാഹം കഴിച്ചു. ചടങ്ങുകൾക്കെല്ലാം ബബ്ലു സാക്ഷിയായി.
തുടർന്ന് വിവാഹം രജിസ്റ്റർ ചെയ്ത് നിയമപരമാക്കി. അതേസമയം മക്കളെ തനിക്ക് വേണമെന്ന് ബബ്ലു അറിയിക്കുകയും രാധിക സമ്മതിക്കുകയും ചെയ്തു. മക്കളെ താൻ ഒറ്റയ്ക്ക് വളർത്തുമെന്നും അദ്ദേഹം അറിയിച്ചു. തനിക്ക് അപകടം സംഭവിക്കുന്നത് ഒഴിവാക്കാനാണ് പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചതെന്ന് ബബ്ലു വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. എനിക്ക് സംഭവിക്കാവുന്ന ദോഷങ്ങൾ ഒഴിവാക്കാൻ ഞാൻ അവരുടെ വിവാഹം നടത്താൻ തീരുമാനിച്ചു.
സമീപകാലത്ത് ഭർത്താക്കന്മാർ ഭാര്യമാരാൽ കൊല്ലപ്പെടുന്നത് നമ്മൾ കണ്ടു. മീററ്റിൽ സംഭവിച്ചത് കണ്ടതിനുശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. രണ്ടുപേർക്കും സമാധാനപരമായി ജീവിക്കാൻ ഭാര്യയെ അവളുടെ കാമുകനെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു. താനും രാധികയും വിവാഹമോചിതരല്ലാത്തതിനാൽ വിവാഹത്തിന്റെ നിയമസാധുതയെക്കുറിച്ചുള്ള ചോദ്യത്തിന്, ഗ്രാമവാസികളുടെ സാന്നിധ്യത്തിലാണ് ഇത് നടന്നതെന്നും കുടുംബാംഗങ്ങളാരും എതിർത്തില്ലെന്നും ബബ്ലു പറഞ്ഞു.