സൂറത്ത് (Suratt) : ഗുജറാത്തില്‍ പോലീസുകാരുടെ ഇടപെടലിനെത്തുടര്‍ന്ന് ഒരു ‘കല്യാണം ശരിയായി’. (A ‘marriage went right’ after police intervention in Gujarat.) കല്യാണച്ചടങ്ങില്‍ പോലീസുകാര്‍ക്കെന്ത് കാര്യമെന്നായിരിക്കും വിചാരിക്കുന്നത്. എന്നാല്‍ കാര്യമുണ്ട്. സൂറത്തിലെ വരാഖയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഭക്ഷണം കുറഞ്ഞതിനെച്ചൊല്ലിയുള്ള തര്‍ക്കം ഒടുവില്‍ പോലീസ് ഇടപെട്ട് പരിഹരിക്കുകയായിരുന്നു.
ഞായറാഴ്ച ബിഹാര്‍ സ്വദേശികളായ രാഹുല്‍ പ്രമോദും അഞ്ജലി കുമാരിയും തമ്മിലുള്ള വിവാഹമായിരുന്നു. സൂറത്തിലെ ലക്ഷ്മി ഹാളില്‍വെച്ചായിരുന്നു ചടങ്ങുകള്‍. മണ്ഡപത്തില്‍ വിവാഹച്ചടങ്ങുകള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കൊണ്ടിരിക്കേ, അതിഥികള്‍ക്കായി തയ്യാറാക്കിയ ഭക്ഷണം കഴിഞ്ഞു. ഇതോടെ വരന്റെ ബന്ധുക്കളുടെ സ്വഭാവം മാറി. ചടങ്ങ് പെട്ടെന്ന് നിര്‍ത്തിവെച്ചു. ഏതാണ്ടെല്ലാ ചടങ്ങുകളും പൂര്‍ത്തിയായിരുന്നെങ്കിലും പരസ്പരം മാല കൈമാറല്‍ നടന്നിരുന്നില്ല. ഭക്ഷണത്തിന്റെ കുറവിനെച്ചൊല്ലി ഇരുകുടുംബങ്ങളും തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടായതോടെ വരന്റെ പക്ഷക്കാര്‍ വിവാഹം മുന്നോട്ടുകൊണ്ടുപോവാന്‍ വിസമ്മതിച്ചു.
ഇതോടെ വധു അഞ്ജലി പോലീസില്‍ വിളിച്ച് പരാതി പറഞ്ഞു. രാഹുലിന് വിവാഹത്തിൽ താത്പര്യമുണ്ടെന്നും കുടുംബമാണ് എതിര്‍ക്കുന്നതെന്നും യുവതി പോലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് പോലീസ് ഇരു കൂട്ടരെയും സ്‌റ്റേഷനില്‍ വിളിപ്പിച്ച് കൗണ്‍സിലിങ് നടത്തി. ശേഷം സ്റ്റേഷനില്‍വെച്ചുതന്നെ മാല കൈമാറല്‍ ചടങ്ങും നടത്തി.